പൊന്നാനി: കോവിഡ് രോഗികൾ കൂടിയതോടെ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച പൊന്നാനിയിൽ റോഡുകൾ വലിയ പാറക്കല്ലുകളും ഹോളോ ബ്രിക്സും ഉപയോഗിച്ച് അടച്ച് ജനത്തെ വലച്ച് പൊലീസ്. ചമ്രവട്ടം റഗുലേറ്ററിന് സമീപത്താണ് കല്ലുകൾ റോഡിൽ നിരത്തിയിട്ട് റോഡടച്ചത്.
ബാരിക്കേഡുപയോഗിക്കുന്നതിന് പകരമാണ് പ്രാകൃതമായ രീതിയിൽ തീരദേശ ഹൈവേ ആയ റോഡ് അടച്ചത്. കോഴിക്കോട് നിന്ന് പൊന്നാനി വഴി ഗുരുവായൂർ, കൊച്ചി എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡാണിത്. ബുധനാഴ്ചയാണ് പൊലീസ് പൊന്നാനി താലൂക്കിലെ പ്രധാന റോഡുകൾ അടക്കം അടച്ചത്.
തീരദേശ ൈഹവേക്ക് പുറമെ തൃശൂർ-മലപ്പുറം ജില്ല അതിർത്തിയായ വന്നേരിയിലെ പ്രധാന റോഡ് സിമൻറ് കട്ടകളുപയോഗിച്ചാണ് അടച്ചത്. മൂന്നു ദിവസം ജനം ദുരിതമനുഭവിച്ച ശേഷം കടുത്ത പ്രതിഷേധമുണ്ടായപ്പോഴാണ് വെള്ളിയാഴ്ച വൈകിട്ട് പാറക്കല്ലുകൾ മാറ്റി ബാരിക്കേഡുകൾ വെച്ചത്.

ഈ കല്ലുകൾ ഇപ്പോഴും റോഡരികിൽ തന്നെ ഉപേക്ഷിച്ച നിലയിലാണ്. ബാരിക്കേഡുകൾ ഇല്ലെന്ന ന്യായമാണ് പൊലീസ് പറയുന്നത്. ഇതിന് പുറമെ പൊന്നാനി താലൂക്കിൽ ഒരു പഞ്ചായത്തിൽ അഞ്ച് പലചരക്ക് കടകൾ തുറക്കാൻ മാത്രമാണ് അനുമതി. അശാസ്ത്രീയമായ ഇത്തരം നടപടികളിലൂടെ ദുരിതത്തിലായത് താലൂക്കിലെ ജനങ്ങളാണ്.
LATEST VIDEO