'മണികണ്ഠൻ റോഡിൽ കസേരയിട്ട് ഇരുന്നു.. വൈകുന്നേരം വരെ'; മാസങ്ങളായി തകർന്ന ചമ്രവട്ടത്തെ പാതാളക്കുഴികൾ മണിക്കൂറുകൾക്കകം അടച്ചു
text_fieldsതിങ്കളാഴ്ച മണികണ്ഠനും സുഹൃത്തുക്കളും പ്രതിഷേധിക്കുന്നു, ഇന്ന് രാവിലെ റോഡിൽ തുടങ്ങിയ കുഴിയടക്കൽ
തിരൂർ: പ്രതിഷേധം കനത്തതോടെ തിരൂർ- ചമ്രവട്ടം റോഡിലെ കുഴികൾ താൽക്കാലികമായി അടച്ചു. തിരൂർ -പൊന്നാനി റോഡിൽ ചമ്രവട്ടം അങ്ങാടിയിൽ രൂപപ്പെട്ട വലിയ ഗർത്തങ്ങളാണ് ചൊവ്വാഴ്ച രാവിലെയോടെ അടച്ചത്.
റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാരനായ മണികണ്ഠൻ റോഡിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ചത് വൈറലായിരുന്നു. പ്രതിഷേധം വലിയ വാർത്തയായതോടെ മാസങ്ങളായി തകർന്ന് കിടക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണി മണിക്കൂറുകൾക്കകം തുടങ്ങാൻ അധികൃതർ തയാറാകുകയായിരുന്നു.
ആയിരക്കണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ പോകുന്ന കോഴിക്കോട്-എറണാകുളം റൂട്ടിലെ റോഡ് പാടെ തകർന്നതോടെ കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണ്.
നൂറുകണക്കിനു ദീർഘദൂര വാഹനങ്ങൾ കടന്നു പോകുന്നത് ഈ വഴിയിലൂടെയാണ്. കൊച്ചിയിൽ നിന്ന് മംഗളൂരു പാതയിലേക്കുള്ള ചരക്കു വാഹനങ്ങളെല്ലാം ഇതിലൂടെയാണ് പോകുന്നത്. ദേശീയ പാതയേക്കാൾ ദൂരം ലാഭിക്കാമെന്നതാണ് കാരണം. കെ.ടി.ജലീൽ എം.എൽ.എയുടെ മണ്ഡലത്തിലെ ചമ്രവട്ടം – തിരൂർ റോഡ് നവീകരിക്കാൻ കഴിഞ്ഞ ബജറ്റിൽ 60 കോടിയോളം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും നടപടികൾ കടലാസിൽ തന്നെയാണ് ഇപ്പോഴും. റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ പോലും ഇവിടെ കുഴികൾ അടക്കാൻ തയാറാവുന്നില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

