ഭൂമി കുംഭകോണം ചോദ്യങ്ങളിൽ മറുപടിയില്ലാതെ രാജീവ് ചന്ദ്രശേഖർ; ആംഗ്യം കാണിച്ച് ഇറങ്ങിപ്പോക്ക്
text_fieldsവാർത്താ സമ്മേളനം കഴിഞ്ഞു മടങ്ങവെ ആംഗ്യം കാണിക്കുന്ന രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കർണാടകയിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടുയർന്ന ചോദ്യങ്ങളോട് പ്രതികരിക്കാതെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആരോപണത്തെക്കുറിച്ച് ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകരോട് മോശമായി പ്രതികരിച്ച ബി.ജെ.പി അധ്യക്ഷൻ, വാർത്താ സമ്മേളനം വേഗത്തിൽ അവസാനിപ്പിച്ച് മടങ്ങി. തിരികെ പോകുമ്പോൾ ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവർത്തകനു നേരെ തിരിഞ്ഞ് ‘വട്ടാണ്’ എന്ന് പറഞ്ഞുകൊണ്ട് ചെവിക്കുനേരെ വിരൽ കറക്കി അധിക്ഷേപ ആംഗ്യവും കാണിച്ചു.
ഭൂമി കുംഭകോണത്തെ കുറിച്ച് നിരന്തരം ചോദ്യങ്ങൾ ഉയർന്നിട്ടും ബി.ജെ.പി അധ്യക്ഷൻ പ്രതികരിച്ചില്ല. താൻ ഉന്നയിക്കുന്ന വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ആരോപണങ്ങളാണിതെന്നും, ചില ക്രിമിനലുകൾ മാധ്യമങ്ങളിൽ കയറിക്കൂടിയിട്ടുണ്ടെന്നും അദ്ദേഹം മറുപടി നൽകി.
അതിനിടെ, ഒരു മാധ്യമ സ്ഥാപനത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി ജനറൽ സെക്രട്ടറി എസ്. സുരേഷ് ഇടപെട്ടു. ‘ആരോപണത്തിൽ സത്യമില്ല. നുണയാണ്. തന്നെ ഇതിൽപെടുത്താൻ നോക്കണ്ട. നുണ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയുണ്ടാകും’ എന്നും പറഞ്ഞ് മൈക്ക് ഓഫ് ചെയ്ത് രാജീവ് ചന്ദ്രശേഖർ ഇറങ്ങിപ്പോകുകയായിരുന്നു.
313 കോടിയുടെ ഭൂമി കുംഭകോണം നടത്തിയത് കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈകോടതി അഭിഭാഷകൻ കെ.എന്‍. ജഗദേഷ് കുമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകിയതോടെയാണ് രാജീവ് ചന്ദ്രശേഖർ പ്രതിക്കൂട്ടിലായത്. കർണാടക സർക്കാർ പാട്ടത്തിന് നൽകിയ കോടികളുടെ ഭൂമി രാജീവ് ചന്ദ്രശേഖറിന്റെ കമ്പനി മറിച്ചുവിറ്റുവെന്നാണ് ആരോപണം.
ബി.പി.എല്‍ ഇന്ത്യ ലിമിറ്റഡ്, അജിത് ഗോപാല്‍ നമ്പ്യാര്‍, അഞ്ജലി രാജീവ് ചന്ദ്രശേഖര്‍, രാജീവ് ചന്ദ്രശേഖര്‍, മുന്‍ മന്ത്രി കട്ട സുബ്രഹ്‌മണ്യ നായിഡു എന്നിവര്‍ക്കെതിരെ കർണാടകയിലെ കോൺഗ്രസ് സർക്കാർ, കർണാടക ലോക് അദാലത്, കർണാടക ഹൈകോടതി, സി.ബി.ഐ, ഇ.ഡി എന്നിവർക്ക് നൽകിയ പരാതികൾക്ക് പുറമെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും അഭിഭാഷകൻ പരാതി സമർപ്പിച്ചത്.
ശബരിമല സ്വർണക്കൊള്ള ശ്രദ്ധ തിരിക്കാൻ പി.എം ശ്രീ വിവാദം -രാജീവ് ചന്ദ്രശേഖർ
ശബരിമല സ്വര്‍ണക്കൊള്ളയിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് പി.എം ശ്രീയിൽ ഇപ്പോഴുണ്ടാക്കുന്ന വിവാദമെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. സ്കൂളുകളെ മികവുറ്റ കേന്ദ്രമാക്കാനുള്ള പദ്ധതിയാണിതെന്നും, ഏറ്റവും ഒടുവിൽ ഒപ്പുവച്ചിട്ട് പരസ്പരം സിപിഎം-സിപിഐ പഴിചാരൽ നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല കൊള്ളയിൽ മന്ത്രി വി.എൻ. വാസവന്‍റെ രാജി ആവശ്യപ്പെടുമെന്നും വ്യക്തമാക്കി.
അര്‍ജന്‍റീന ടീമിന്‍റെയും ലയണൽ മെസ്സിയുടെയും കേരള സന്ദര്‍ശവുമായി ബന്ധപ്പെട്ട തട്ടിപ്പ് മറയ്ക്കാൻ വേണ്ടി പുതിയ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും ചില ക്രിമിനലുകളും മാധ്യമ മേഖലയിൽ വന്നിട്ടുണ്ടെന്നും അതിനെ നേരിടുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

