വന്ദേഭാരത് ഉദ്ഘാടനയാത്രയിൽ ആർ.എസ്.എസ് ഗണഗീതം; ഒഴിവാക്കിയ വീഡിയോ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ, ഇക്കുറി ഇംഗ്ലീഷ് പരിഭാഷയും
text_fieldsതിരുവനന്തപുരം: വിവാദമായതിന് പിന്നാലെ എക്സില്‍ നിന്ന് പിന്‍വലിച്ച ഗണഗീത വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയില്‍വേ. ഇംഗ്ളീഷ് വിവർത്തനം കൂടെ ഉൾപ്പെടുത്തിയാണ് വീണ്ടും പോസ്റ്റ് ചെയ്തത്.
എറണാകുളം സൗത് - ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിനാണ് വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിച്ചത്. ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാർഥികൾ ട്രെയിനിന് അകത്തുനിന്നാണ് ഗണഗീതം പാടിയത്. ഇത് ദേശഭക്തി ഗാനമെന്ന വിശേഷണത്തോടെ ദക്ഷിണ റെയിൽവേ എക്സിൽ പങ്കുവെക്കുകയായിരുന്നു. ഇതിനിടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് രൂക്ഷവിമർശനമുയർന്നതിന് പിന്നാലെ പിൻവലിക്കുകയും ചെയ്തു. തുടർന്ന് ഇംഗ്ളീഷ് വിവർത്തനം കൂടി ചേർത്തി വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു.
ആദ്യം പാട്ട് ഒഴിവാക്കിയ റെയില്‍വേ, സ്‌കൂള്‍ അധികൃതരോട് വിശദാംശങ്ങള്‍ തേടിയിരുന്നു. സ്‌കൂളില്‍ എല്ലാ ദിവസവും അസംബ്ലിയില്‍ പാടുന്ന ദേശഭക്തിഗാനം ആണെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചതോടുകൂടിയാണ് വീണ്ടും പോസ്റ്റ് ചെയ്തതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.
നേരത്തെ, റെയിൽവേയുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമടക്കമുള്ളവർ രൂക്ഷമായി വിമർശിച്ചിരുന്നു. അപരമത വിദ്വേഷവും വർഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർ.എസ്.എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് വന്ദേഭാരതിന്‍റെ ഉദ്ഘാടന ചടങ്ങിൽ കണ്ടത്. ഇതിനു പിന്നിൽ പ്രവർത്തിച്ചത് മതനിരപേക്ഷതയെ തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സങ്കുചിത രാഷ്ട്രീയ മനസാണ്. ഇതു തിരിച്ചറിഞ്ഞുകൊണ്ട് മുഴുവൻ ജനങ്ങളുടേയും പ്രതിഷേധമുയരണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സംഘ്പരിവാറിന്റെ വര്‍ഗീയ പ്രചരണത്തിന് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച റെയില്‍വെയുടെ നടപടി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിമർശനമുന്നയിച്ചു. ഉത്തരേന്ത്യയിലേതു പോലെ വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. സമൂഹത്തില്‍ വര്‍ഗീയത പടര്‍ത്താനുള്ള ബി.ജെ.പിയുടെയും സംഘ്പരിവാര്‍ ശക്തികളുടെയും ശ്രമത്തെ കേരള സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്നും വി.ഡി സതീശന്‍ ആഹ്വാനം ചെയ്തിരുന്നു.
ഇതിനിടെ റെയിൽവേ നടപടിയെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. കുട്ടികൾ അവർക്ക് ഇഷ്ട്ടുള്ള ദേശഭക്തി ഗാനം പാടിയതാണോ പ്രശ്നമെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. കുട്ടികളുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി അവഹേളിക്കുകയാണെന്നും മുഖ്യമന്ത്രിക്ക് അപലപിക്കാൻ സംസ്ഥാന സർക്കാരിൽ തന്നെ ഒട്ടേറെ വിഷയങ്ങൾ ഉണ്ടല്ലോ എന്നും രാജീവ് ചന്ദ്രശേഖർ എക്‌സിൽ കുറിച്ചു.
കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ ശനിയാഴ്ച രാവിലെയാണ് പ്രധാനമന്തി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തത്. എറണാകുളം - ബെംഗളൂരു റൂട്ടിലോടുന്ന വന്ദേ ഭാരതിന്‍റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഒമ്പത് മണിക്കൂർ കൊണ്ട് 608 കിലോമീറ്റർ പിന്നിടുന്ന ട്രെയിനിന് ആകെ 11 സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെ.എസ്.ആര്‍ ബെംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്‌റ്റോപ്പുകള്‍. കൊച്ചിയിൽ നിന്ന് ഉച്ചതിരിഞ്ഞ് പുറപ്പെടുന്ന രീതിയിലാണ് സമയക്രമം. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11ന് ബെംഗളൂരു സിറ്റിയിലെത്തും. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് 1.50ന് എറണാകുളത്തെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

