രാഹുലിന്റെ രാജി: സമ്മർദം മുറുക്കി സി.പി.എമ്മും ബി.ജെ.പിയും
text_fieldsതിരുവനന്തപുരം: ഗുരുതര ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി, സസ്പെൻഷനിലൂടെ കോൺഗ്രസ് മുഖംരക്ഷിക്കുമ്പോൾ രാജി സമ്മർദം മുറുക്കി സി.പി.എമ്മും ബി.ജെ.പിയും.
രാഹുലിന്റെ കാര്യത്തിൽ കോൺഗ്രസ് തീരുമാനമെടുക്കട്ടെ എന്ന് ആദ്യഘട്ടത്തിൽ പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ക്രിമിനൽ വാസനയോടെ ലൈംഗിക പീഡനം നടത്തിയ രാഹുൽ രാജിവെക്കണമെന്നാണ് കേരളീയ പൊതുസമൂഹത്തിന്റെയും സി.പി.എമ്മിന്റെയും ആവശ്യമെന്ന് തിങ്കളാഴ്ച തുറന്നടിച്ചു. രാജിക്കായി നടക്കുന്ന പ്രക്ഷോഭങ്ങൾ തുടരും. ആരുവിചാരിച്ചാലും രാഹുലിനെ സംരക്ഷിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം. മുകേഷ് എം.എൽ.എയുമായി ബന്ധപ്പെട്ട വിവാദത്തെ ഇതുമായി താരതമ്യപ്പെടുത്തേണ്ടെന്നും നിരവധി പേർ തെളിവ് സഹിതമാണ് രാഹുലിനെതിരെ രംഗത്തുവരുന്നത് എന്നുമാണ് സി.പി.എം വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നത്. രാഹുലിന്റെ രാജിക്കായി ഇടത് സൈബർ സേന സമൂഹമാധ്യമങ്ങളിലും വലിയ പ്രചാരണമാണ് തുടരുന്നത്.
സ്വന്തം പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയ രാഹുലിനെ ജനങ്ങൾ ചുമക്കുന്നതെന്തിനാണെന്നാണ് ഇവർ പ്രധാനമായും ഉയർത്തുന്ന ചോദ്യം. ഡി.വൈ.എഫ്.ഐ ശക്തമായ പ്രക്ഷോഭവുമായി തെരുവിലുണ്ട്. മണ്ഡലത്തിലുൾപ്പെടെ രാഹുൽ പൊതുപരിപാടിക്കെത്തിയാൽ തടയാനും പ്രതിഷേധിക്കാനുമാണ് ഡി.വൈ.എഫ്.ഐ തീരുമാനം.
അതേസമയം, രാഹുൽ രാജിവെച്ചാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരുമോ എന്നതിൽ പാർട്ടിക്ക് ആശങ്കയുണ്ട്. തെരഞ്ഞെടുപ്പ് കമീഷനിലടക്കം ബി.ജെ.പി ദേശീയ നേതൃത്വത്തിന് സ്വാധീനം ചെലുത്താനാവുമെന്നതാണ് പാർട്ടിയെ ആശങ്കപ്പെടുത്തുന്നത്. രാഹുൽ ജയിച്ച മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് ബി.ജെ.പിയാണ്. നിലവിലെ സാഹചര്യത്തിൽ അവർക്ക് ജയസാധ്യതയുണ്ടെന്നതും സി.പി.എമ്മിനെ കുഴപ്പിക്കുന്നു.
അതേസമയം, രാഹുലിനെതിരായ ആരോപണം ബി.ജെ.പി ദേശീയതലത്തിൽ തന്നെ ചർച്ചയാക്കി. രാഹുൽ ഗാന്ധിക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ നിൽക്കുന്ന ചിത്രം ഔദ്യോഗിക സമൂഹമാധ്യമ പേജുകളിൽ പങ്കുവെച്ചാണ് ബി.ജെ.പിയുടെ പ്രചാരണം. സംസ്ഥാന നേതൃത്വം പ്രതിഷേധവുമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

