പുലികളി: തൃശൂർ സ്വരാജ് റൗണ്ടിലും സമീപത്തും ഇന്ന് ഗതാഗത നിയന്ത്രണം; പുലികളി തീരുംവരെ പ്രവേശനമില്ല
text_fieldsപുലികളി
തൃശൂർ: ഓണാഘോഷത്തോട് അനുബന്ധിച്ച് തൃശൂർ നഗരത്തിൽ പുലികളി നടക്കുന്ന ഇന്ന് രാവിലെ മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തും. രാവിലെ മുതൽ സ്വരാജ് റൗണ്ടിലും ഓണാഘോഷങ്ങൾ നടക്കുന്ന തേക്കിൻകാട് മൈതാനി നായ്ക്കനാൽ പ്രദേശത്തും പാർക്കിങ് അനുവദിക്കില്ല. ഉച്ചക്ക് രണ്ട് മുതൽ റൗണ്ടിലും സമീപ റോഡുകളിലും ഗതാഗതം നിയന്ത്രിക്കും.
പുലിക്കളി തീരുന്നതുവരെ വാഹനങ്ങൾക്ക് റൗണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. അത്യാവശ്യ സാഹചര്യത്തിനല്ലാതെ ജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കാൻ സഹകരിക്കണമെന്ന് പൊലീസ് നിർദേശിച്ചു. പുലികളി കാണാനെത്തുന്നവർ തേക്കിൻകാട് മൈതാനിയിലും നടപ്പാതയിലും സുരക്ഷിതമായ സ്ഥലത്തുനിന്ന് ആസ്വദിക്കണം.
നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിലും വൃക്ഷങ്ങൾക്കു മുകളിലും കാണികൾ കയറുന്നത് നിരോധിച്ചിട്ടുണ്ട്. സുരക്ഷിതമായി വാഹനം പാർക്കുചെയ്യാവുന്ന ഗ്രൗണ്ടുകളിൽ പാർക്കുചെയ്യണം. പുലിക്കളി ദിവസം സ്വരാജ് റൗണ്ടും അനുബന്ധ പ്രദേശങ്ങളും ക്രമസമാധാന പാലനത്തിനും ഗതാഗത ക്രമീകരണത്തിനുമായി തൃശൂർ അസി. കമ്മീഷണറുടെ കീഴിൽ, വിവിധ സെക്ടറുകളാക്കി തിരിച്ച് പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
മഫ്ടി പൊലീസിനെയും ഷാഡോ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. എമർജൻസി ടെലിഫോൺ നമ്പറുകൾ. തൃശൂർ സിറ്റി പൊലീസ് കൺട്രോൾ റൂം: 0487 2424193, ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ: 0487 2424192, ട്രാഫിക് പൊലീസ് യൂനിറ്റ് 0487 2445259.
മണ്ണുത്തി ഭാഗത്തുനിന്ന്
ശക്തൻസ്റ്റാൻറിലേക്കു പോകേണ്ട ബസുകൾ പുളിക്കൻ മാർക്കറ്റ് സെന്ററിൽനിന്നും ഇടത്തോട്ട് തിരിഞ്ഞ് നെല്ലിക്കുന്ന് മാർഅപ്രേം, ഫാത്തിമനഗർ, ഐടിസി ജങ്ഷൻ, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, കാട്ടൂക്കാരൻ ജങ്ഷൻ, ശവക്കോട്ട, ഫാത്തിമനഗർ ജങ്ഷൻ വഴി. വന്ന് വടക്കേ സ്റ്റാൻറിലേക്ക് പോകേണ്ടുന്ന ബസ്സുകൾ കിഴക്കേകോട്ടയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പെൻഷൻമൂല, അശ്വനി ജങ്ഷൻ വഴി വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷൻ വഴി.
പുത്തൂർ ഭാഗത്തുനിന്ന്
മാന്ദാമംഗലം, പുത്തൂർ, വലക്കാവ്തുടങ്ങിയ ഭാഗത്തുനിന്നുള്ള ബസ്സുകൾ ഐടിസി ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമനഗർ ജങ്ഷൻ വഴി.
മുക്കാട്ടുക്കര ഭാഗത്തുനിന്ന്
മുക്കാട്ടുക്കര, നെല്ലങ്കരഭാഗത്ത് നിന്ന് വടക്കേസ്റ്റാൻറിലേക്ക് പോകേണ്ടുന്ന ബസ്സുകൾ ബിഷപ്പ് പാലസ് എത്തി വലത്തോട്ട്തിരിഞ്ഞ് പെൻഷൻമൂല,ചെമ്പുക്കാവ്ജംഗ്ഷൻ, രാമനിലയം, അശ്വനി ജങ്ഷൻ വഴിവടക്കേ സ്റ്റാൻഡിൽ പ്രവേശിക്കണം. മടക്കം ഇൻഡോർസ്റ്റേഡിയം ജങ്ഷൻ വഴി.
വടക്കാഞ്ചേരി ഭാഗത്തുനിന്ന്
ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്വാമലഎന്നീ ഭാഗത്തുനിന്നുള്ള ബസ്സുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജങ്ഷനിലൂടെ വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സർവിസ് നടത്തണം.
മെഡിക്കൽ കോളജ് ഭാഗത്തുനിന്ന്
മെഡിക്കൽ കോളജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്തുനിന്നുള്ള ബസുകൾ പെരിങ്ങാവ്, കോലോത്തുംപാടം റോഡ് വഴി അശ്വനി ജങ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സർവിസ് നടത്തണം.
ചേറൂർ ഭാഗത്തുനിന്ന്
ചേറൂർ, പള്ളിമൂല, രാമവർമപുരം, മാറ്റാമ്പുറം, കുണ്ടുക്കാട് ഭാഗത്തുനിന്നുള്ള ബസ്സുകൾ ബാലഭവൻവഴി ചെമ്പുക്കാവ് ജങ്ഷനിൽനിന്നും വലത്തോട്ട് തിരിഞ്ഞ് രാമനിലയം ഇൻഡോർ സ്റ്റേഡിയം ജങ്ഷൻ വഴി അശ്വനി ജങ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും ഇൻഡോർ സ്റ്റേഡിയം ജങ്ഷൻ വഴി തിരികെ സർവിസ് നടത്തേണ്ടതുമാണ്.
കുന്നംകുളം ഭാഗത്തുനിന്ന്
കുന്നകുളം, കോഴിക്കോട്, ഗുരുവായൂർ, അടാട്ട്, തുടങ്ങിപൂങ്കുന്നംവഴി വരുന്ന എല്ലാ ബസ്സുകളും പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ സിവിൽ ലൈൻ, അയ്യന്തോൾ ഗ്രൗണ്ട്, ലുലു ജങ്ഷൻ വഴി തിരികെപോകണം.
വാടാനപ്പള്ളി ഭാഗത്തുനിന്ന്
വാടാനപ്പള്ളി, അന്തിക്കാട്, കാഞ്ഞാണി, തുടങ്ങി പടിഞ്ഞാറേ കോട്ടവഴി വരുന്ന ബസ്സുകൾ വെസ്റ്റ് ഫോർട്ടിൽ നിന്ന് കാൽവരി റോഡ് വഴി തിരിഞ്ഞ് തോപ്പിൻ മൂല, നേതാജി ഗ്രൌണ്ട് പരിസരം മുതൽ വെസ്റ്റ് ഫോർട്ട് വരെയുള്ള ഭാഗത്ത് റൂട്ട് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറേ കോട്ട വഴി മടങ്ങണം.
ഇരിങ്ങാലക്കുട ഭാഗത്തുനിന്ന്
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരിവഴി വരുന്ന എല്ലാ ബസ്സുകളും ബാല്യ ജങ്ഷനിൽ എത്തിവലത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ പ്രവേശിക്കണം. തിരികെ കണ്ണംകുളങ്ങര , ചിയ്യാരം വഴി മടങ്ങണം. കണ്ണംകുളങ്ങര കസ്തൂർബാ ഹോസ്പിറ്റൽ ജങ്ഷനിൽ നിന്നും വാഹനങ്ങൾ ശക്തൻ സ്റ്റാൻഡിലേക്ക് പ്രവേശിക്കരുത്. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ്തുടങ്ങി കൂർക്കഞ്ചേരി വഴി വന്ന് വെസ്റ്റ് ഫോർട്ട് വഴി പോകേണ്ട ചെറു വാഹനങ്ങൾ കൂർക്കഞ്ചേരിയിൽ നിന്നും ഇടത്തോട്ട് തിരഞ്ഞ് വടൂക്കര അരണാട്ടുക്കര വഴി പോകണം.
ഒല്ലൂർ ഭാഗത്തുനിന്ന്
ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി ഭാഗത്തുനിന്നുള്ള ബസ്സുകൾ മുണ്ടൂപാലം ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിക്കണം. തിരികെ കാട്ടൂക്കാരൻ ജങ്ഷൻ വഴി സർവിസ് നടത്തണം.
അശ്വിനി ഭാഗത്തു നിന്നും മണ്ണുത്തി, പാലക്കാട്, എറണാക്കുളം ഭാഗത്തേക്ക് പോകുന്ന ബസും, ട്രയിലറും ഒഴികെയുള്ള വാഹനങ്ങൾ പെൻഷൻ മൂല വഴി താഴോട്ടിറങ്ങി നെല്ലങ്കര, മുക്കാട്ടുക്കര വഴി പോകണം. കുന്നംകുളം ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂരിൽനിന്ന് തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂർ പാലം വഴി പവർഹൗസ് ജങ്ഷനിലെത്തി പൊങ്ങണംക്കാട്, ചിറക്കോട് മുണ്ടിക്കോട് വഴി പോകണം. കുന്നംകുളം ഭാഗത്ത് നിന്ന് എറണാക്കുളം ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂർ പാലം വഴി പവർഹൗസ് ജങ്ഷൻനിലെത്തി പൊങ്ങണംക്കാട്, മുക്കാട്ടുക്കര വഴി പോകണം.
ചിയ്യാരം ഭാഗത്ത് നിന്ന് പടിഞ്ഞാറേ കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ചെറുവാഹനങ്ങളും കൂർക്കഞ്ചേരി സെൻററിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് വടൂക്കര, തോപ്പിൻമൂല വഴി സർവീസ് നടത്തണം.
കെ.എസ്.ആർ.ടി.സി സർവിസ്
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേക്കുള്ള എല്ലാ ബസ്സുകളും കണ്ണംകുളങ്ങര ചിയ്യാരം വഴി സർവിസ് നടത്തണം. പടിഞ്ഞാറൻ മേഖലയിൽ നിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ പൂങ്കുന്നം ജങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ശങ്കരയ്യർ റോഡിലൂടെ പൂത്തോൾ വഴി സ്റ്റാൻറിൽ പ്രവേശിക്കണം.
അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്കുള്ള ഓർഡിനറി ബസ്സുകൾ ശക്തൻ തമ്പുരാൻ സ്റ്റാൻഡിലെ താൽക്കാലിക സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിക്കണം.
ഷൊർണൂർ, വഴിക്കടവ്, മെഡിക്കൽ കോളജ് ഭാഗത്തേക്ക് സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ റൗണ്ടിൽ പ്രവേശിക്കാതെ ഐടിസി ജങ്ഷൻ, ഈസ്റ്റ് ഫോർട്ട്, അശ്വനി ജങ്ഷൻ, കോലോത്തുംപാടം വഴി സർവിസ് നടത്തണം.
ചതയദിനത്തിൽ തൃശൂർ നഗരം വിറപ്പിക്കാനായി ഒമ്പത് പുലികളി സംഘങ്ങളാണ് ഇത്തവണ ഇറങ്ങുന്നത്. ഓരോ സംഘങ്ങളും പരിശീലനവും തയാറെടുപ്പും പൂർത്തിയാക്കി കഴിഞ്ഞു. ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലി മുഖങ്ങളും വേഷങ്ങളുമായി ഒമ്പത് സംഘങ്ങളാണ് ഇറങ്ങുക. 400ഒാളം പുലികളാണ് റൗണ്ടിലൂടെ ഇറങ്ങുക.
കോർപറേഷന്റെ മേൽനോട്ടത്തിൽ വിവിധ ദേശങ്ങളുടെ നേതൃത്വത്തിലാണ് പുലികളി നടത്തുന്നത്. ഇത്തവണ ഇറങ്ങുന്ന ഒമ്പത് സംഘങ്ങളും സർപ്രൈസ് ഒരുക്കി കാഴ്ചക്കാരെ അമ്പരപ്പിക്കാനുള്ള ശ്രമത്തിലാണ് ദേശങ്ങൾ. പഴയകാലത്ത് പുലിക്കളിയിൽ സജീവമായിരുന്ന പല പ്രമുഖ ടീമുകളും ഇത്തവണ മത്സരരംഗത്തുണ്ട്.
വിവിധ സംഘങ്ങളുടെ രഹസ്യമായുള്ള ഒരുക്കങ്ങളുടെ പൂർണരൂപം പുലികളി ദിവസം സ്വരാജ് റൗണ്ടിൽ എല്ലാവർക്കും കാണാം. ടാബ്ലോകളുടെയും പുലിവണ്ടിയുടെയും നിർമാണം പൂർത്തിയായിക്കഴിഞ്ഞു. കോർപറേഷൻ ഒന്നാം സമ്മാനമായി നൽകുന്നത് 12,500 രൂപയാണെങ്കിലും ടാബ്ലോകൾക്കും പുലിവണ്ടിക്കുമായി മാത്രം മൂന്നുലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.
പൂരം കഴിഞ്ഞാൽ തൃശൂരിന്റെ തനത് കലാരൂപമായ പുലികളി കാണാൻ പതിനായിരങ്ങൾ എത്തും. അവർക്ക് മികച്ച ദൃശ്യവിരുന്നൊരുക്കുകയാണ് ലക്ഷ്യം. കുറച്ചുവർഷങ്ങളായി പെൺപുലികളും സജീവമാണ്. ഇത്തവണയും സ്ത്രീകൾ രംഗത്തിലെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

