10 വർഷം വരെ തടവ്, 50 ലക്ഷം പിഴ; ശിക്ഷ കടുപ്പിച്ച് പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്സഭയിൽ
text_fieldsന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാർഥി പ്രക്ഷോഭത്തിന്റെ ചൂടറിഞ്ഞ കേന്ദ്ര സർക്കാർ രാജ്യത്ത് ഉയർന്നുവന്ന രോഷം തണുപ്പിക്കാൻ പൊതുപരീക്ഷ ഭേദഗതി ബിൽ 2026 ലോക്സഭയിൽ അവതരിപ്പിച്ചു.
ക്രമക്കേടുകൾക്ക് കടുത്ത ശിക്ഷയും വേഗത്തിലുള്ള അന്വേഷണവും വിചാരണയും ഉറപ്പാക്കുന്ന പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026 കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചത്.
• പരീക്ഷാ ക്രമക്കേടുകളിൽ ഏർപ്പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ശിക്ഷയും പിഴത്തുകയും കുത്തനെ വർധിപ്പിച്ചു. വ്യക്തിഗത കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ മൂന്നു മുതൽ അഞ്ചു വർഷം വരെയെന്നത് അഞ്ചു മുതൽ 10 വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയുമായി ഉയർത്തി.
• ക്രമക്കേടിൽ പങ്കാളികളാകുന്ന സർവിസ് പ്രൊവൈഡർ സ്ഥാപനങ്ങൾക്കുള്ള പിഴത്തുക ഒരു കോടിയിൽ നിന്ന് അഞ്ചു കോടി രൂപയായും പരീക്ഷാ നടത്തിപ്പിൽ നിന്നുള്ള വിലക്ക് നാലുവർഷത്തിൽ നിന്ന് എട്ട് വർഷമായും വർധിപ്പിച്ചു.
• സർവിസ് പ്രൊവൈഡർമാരുടെ ഡയറക്ടർമാർക്കോ മാനേജ്മെന്റിനോ പങ്കുണ്ടെങ്കിൽ കുറഞ്ഞ ശിക്ഷ അഞ്ചുവർഷം തടവും അഞ്ചുകോടി രൂപ പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നു.
• ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് ഏഴ് വർഷം തടവും 10 കോടി രൂപയിൽ കുറയാത്ത പിഴയും ചുമത്തും.
• കുറ്റകൃത്യങ്ങൾ വേഗത്തിൽ അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾക്ക് പുറമെ ‘സ്പെഷൽ ടാസ്ക് ഫോഴ്സ്’ രൂപവത്കരിക്കാൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ടാകും. സ്പെഷൽ ടാസ്ക് ഫോഴ്സോ മറ്റ് ഏജൻസികളോ അന്വേഷിക്കുന്ന കേസുകൾ വിജ്ഞാപനം വന്ന് രണ്ടുമാസത്തിനകം പൂർത്തിയാക്കണം.
• വിചാരണ വേഗത്തിലാക്കാൻ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഹൈകോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ച് ‘സെഷൻസ് കോടതി’കളെ സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതികളായി വിജ്ഞാപനം ചെയ്യേണ്ടതാണ്. ഈ കോടതികളിൽ എല്ലാ ദിവസവും വിചാരണ നടക്കുകയും കുറ്റപത്രം സമർപ്പിച്ച് മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയുകയും വേണം.
• ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ഉത്തരവുകൾക്കെതിരെയുള്ള അപ്പീലുകൾ ഹൈകോടതിയിലെ രണ്ടംഗ ബെഞ്ചിലാണ് സമർപ്പിക്കേണ്ടത്. അപ്പീൽ ഫയലിൽ സ്വീകരിച്ച് മൂന്നുമാസത്തിനകം ഹൈകോടതി തീരുമാനമെടുക്കണം.
• വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുന്നുണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകണം. തക്കതായ കാരണ ങ്ങളുണ്ടെങ്കിൽ ഇത് പരമാവധി 90 ദിവസം വരെ നീട്ടിനൽകും. തുടർന്ന് അപ്പീലുകൾ സ്വീകരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

