പി.എസ്.സിക്ക് തിരിച്ചടി: പരാതിക്കാരന് മാർക്ക്ലിസ്റ്റ് നൽകാൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിൽ പി.എസ്.സിക്ക് തിരിച്ചടി. ഉദ്യോഗാർഥികൾക്ക് നൽകാതെ പൂഴ്ത്തിവെക്കാൻ ശ്രമിച്ച പരീക്ഷാരേഖകൾ പരാതിക്കാരന് കൈമാറാൻ വിവരാവകാശ കമീഷൻ ഉത്തരവ്. കോടതി നടപടിയുടെ പേരിൽ രേഖകൾ കൈമാറാനാവില്ലെന്ന പി.എസ്.സി നിലപാട് കമീഷൻ തള്ളി.
പരീക്ഷയിൽ ലഭിച്ച മാർക്കുകളടക്കം പരാതിക്കാരൻ ആവശ്യപ്പെട്ട രേഖകൾ ഏഴുദിവസത്തിനകം നൽകണമെന്നും സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ കമീഷൻ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും വിവരാവകാശ കമീഷണർ ഡോ. സോണിച്ചൻ പി. ജോസഫ് ഉത്തരവിട്ടു.
2025 ജൂലൈ 10 മുതൽ പരാതിക്കാരൻ വിവരാവകാശം വഴി നടത്തിയ ശ്രമമാണ് ഒരുവർഷമടുക്കുമ്പോൾ ഫലം കണ്ടത്. ആസൂത്രണ ബോർഡ് ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയിലെ മൂന്നാം റാങ്കുകാരൻ കെ. ശ്യാം കൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി.
റാങ്ക്ലിസ്റ്റിലുൾപ്പെട്ട എല്ലാ ഉദ്യോഗാർഥികളുടെയും പേപ്പർ ഒന്ന്, പേപ്പർ രണ്ട്, അഭിമുഖം എന്നിവക്ക് ലഭിച്ച മാർക്കുകൾ, ഒന്നും രണ്ടും റാങ്കുകൾ ലഭിച്ചവരുടെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അഭിമുഖത്തിന് നിശ്ചയിച്ച പരമാവധി മാർക്കും മാർക്ക് നിശ്ചയിച്ച യോഗതീരുമാനത്തിന്റെ പകർപ്പുമാണ് 2025 ജൂലൈ 10 ന് വിവരാവകാശ നിയമം വഴി ശ്യാംകൃഷ്ണൻ ആവശ്യപ്പെട്ടത്.
എന്നാൽ ഒന്ന്, മൂന്ന് ചോദ്യങ്ങൾക്ക് പി.എസ്.സി മറുപടി നൽകിയില്ല. ഈ കാറ്റഗറിയിലെ തസ്തികയിലേക്ക് നടത്തിയത് പൊതുപരീക്ഷയാണെന്നും എല്ലാ തസ്തികകളുടെയും റാങ്ക്ലിസ്റ്റ് നിലവിൽ വരാത്തതിനാൽ മാർക്കുകൾ കൈമാറാനാവില്ലെന്നുമാണ് ആഗസ്റ്റ് ഏഴിനു നൽകിയ മറുപടി. അഭിമുഖത്തിന് പരമാവധി മാർക്ക് 25 ആണെന്ന് അറിയിച്ചെങ്കിലും ഇതുസംബന്ധിച്ച യോഗതീരുമാനത്തിന്റെ പകർപ്പ് നൽകാനും തയാറായില്ല.
ഇതിനെതിരെ പരാതിക്കാരൻ സെപ്റ്റംബർ മൂന്നിന് ഒന്നാം അപ്പീൽ നൽകി. പി.എസ്.സി നടപടി ശരിവെച്ചാണ് ഒക്ടോബർ ഒമ്പതിന് ഇതിന്റെ മറുപടി ലഭിച്ചത്. ഇതോടെ ഹരജിക്കാരൻ 2026 ജനുവരി അഞ്ചിന് കമീഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് ജൂൺ 24ന് കമീഷൻ സിറ്റിങ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

