പൊന്നാനിയിൽ ഇനി പ്രിയദർശിനി സവാരി; കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ 10 പുതിയ ജീവനക്കാർക്ക് നിയമനം
text_fieldsപൊന്നാനി: ജീവനക്കാരുടെ ക്ഷാമം മൂലം സർവിസുകൾ മുടങ്ങുന്ന സാഹചര്യത്തിന് പരിഹാരമായി പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പുതുതായി ഡ്രൈവർമാരെയും കണ്ടക്ടർമാരെയും മെക്കാനിക്കുകളെയും നിയമിച്ചു. നാല് ഡ്രൈവർമാർ, നാല് കണ്ടക്ടർമാർ, രണ്ട് മെക്കാനിക്കുകൾ ഉൾപ്പെടെ 10 ജീവനക്കാരെയാണ് പുതുതായി അനുവദിച്ച് കെ.എസ്.ആർ.ടി.സി ഉത്തരവിറക്കിയത്.
പുതിയ സർക്കാർ അധികാരമേറ്റ ശേഷം പൊന്നാനിയിൽ നിന്ന് മൂന്ന് പുതിയ സർവിസുകൾ ആരംഭിച്ചിരുന്നു.
എന്നാൽ കാലങ്ങളായി തുടരുന്ന ജീവനക്കാരുടെ കുറവ് പലപ്പോഴും പുതിയ സർവിസുകൾക്കൊപ്പം നിലവിലുള്ള സർവിസുകളെയും ബാധിച്ചിരുന്നു. ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും അഭാവം കാരണം സർവിസുകൾ മുടങ്ങുന്നത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു.
പൊന്നാനി ഡിപ്പോയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നതിലൂടെ മാത്രമേ സർവിസ് മുടങ്ങലിന് ശാശ്വത പരിഹാരം കാണാനാകൂ എന്ന ആവശ്യം ശക്തമായിരുന്നു. ജീവനക്കാരുടെ അവധി, പുതിയ നിയമനങ്ങളുടെ കുറവ് തുടങ്ങിയ കാരണങ്ങളും സർവിസ് നടത്തിപ്പിനെ ബാധിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ കെ.പി. നൗഷാദ് അലി എം.എൽ.എ നടത്തിയ ഉന്നതതല ഇടപെടലുകളെ തുടർന്നാണ് അടിയന്തരമായി ജീവനക്കാരെ അനുവദിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇതോടെ പൊന്നാനി ഡിപ്പോയിൽ ജീവനക്കാരുടെ ക്ഷാമത്തിന് വലിയൊരളവിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പൊന്നാനിയിൽ നിന്ന് വിവിധ റൂട്ടുകളിലേക്ക് സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് പുതിയ നിയമനം ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

