Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോക്കുകളും...

തോക്കുകളും വടിവാളുകളും പൂജിച്ച്​ കലാപാഹ്വാനവുമായി പ്രതീഷ്​ വിശ്വനാഥ്​

text_fields
bookmark_border
Pratheesh Viswanath
cancel
camera_alt

തോക്കുകളും വടിവാളുകളും പൂജക്ക്​ സമർപ്പിക്കുന്ന ഹിന്ദുസേനാ നേതാവ്​ പ്രതീഷ്​ വിശ്വനാഥ്​. ഇയാൾ ഫേസ്​ ബുക്കിൽ പങ്കുവെച്ചതാണ്​ ചിത്രങ്ങൾ

കൊച്ചി: ആയുധ പൂജ ദിനത്തിൽ തോക്കുകളും വടിവാളുകളും പൂജക്ക്​ സമർപ്പിക്കുന്നതിൻെറ ചിത്രത്തോടൊപ്പം കലാപാഹ്വാനവുമായി ഹിന്ദുസേനാ നേതാവ്​ പ്രതീഷ്​ വിശ്വനാഥ്​. സോഷ്യൽമീഡിയയിലൂടെ നിരന്തരം വിദ്വേഷ പ്രസ്​താവനകളും കലാപാഹ്വാനവും നടത്തുന്ന ഇയാൾ സജീവ സംഘ്​പരിവാർ പ്രവർത്തകനാണ്​. കഴിഞ്ഞ ദിവസം ആർ.​എസ്​.എസ്​ ആസ്​ഥാനത്ത്​ കുമ്മനം രാജശേഖരനൊപ്പമുള്ള ചിത്രവും ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

നിരവധി വടിവാളുകളും തോക്കുകളും റിവോൾവറുകളും മറ്റ്​ മാരകായുധങ്ങളും പൂജിക്കുന്നതിൻെറ ചിത്രങ്ങളാണ്​ ഇന്ന്​ പ്രസിദ്ധീകരിച്ചത്. ''ആയുധം താഴെ വെക്കാന്‍ ഇനിയും സമയമായിട്ടില്ല. ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്'' എന്നു തുടങ്ങുന്ന വിദ്വേഷപ്രസ്​താവനയും ഇതോടൊപ്പമുണ്ട്​.


അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവായിരുന്ന ഇയാൾ ശബരിമല സംഘര്‍ഷം ഉൾപ്പെടെ നിരവധി അക്രമ, വർഗീയ സംഭവങ്ങളിൽ പ്രതിയാണ്​. എഎച്ച്പിയും പോഷക സംഘടനയായ രാഷ്ട്രീയ ബജ്റംഗദളും നിരവധി ആക്രമണങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയത്. ഈ ആക്രമണങ്ങളിലെല്ലാം നേരിട്ടോ അല്ലാതെയോ എഎച്ച്പി നേതാവായിരുന്ന പ്രതീഷ് വിശ്വനാഥ് പങ്കാളിയാവുകയും ചെയ്തു. എന്നാല്‍, പരസ്യമായി കലാപാഹ്വാനം നടത്തി ശബരിമലയില്‍ നടത്തിയ അക്രമത്തിൻെറ പേരിലല്ലാതെ ഇയാളെ മറ്റ് ഭൂരിഭാഗം കേസുകളിലും അറസ്റ്റ്​ ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല.

ആർ.​എസ്​.എസ്​ ആസ്​ഥാനത്ത്​ കുമ്മനം രാജശേഖരനൊപ്പം പ്രതീഷ്​

പരസ്യമായി ആയുധപ്രദര്‍ശനം നടത്തിയപ്പോഴും മുസ്ലിംപള്ളികള്‍ പൊളിച്ചുമാറ്റാന്‍ ആഹ്വാനം ചെയ്തപ്പോഴുമെല്ലാം പരാതികള്‍ നല്‍കിയെങ്കിലും പ്രതീഷ് വിശ്വനാഥ് ഒളിവിലാണെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് ദിവസങ്ങള്‍ക്ക് ശേഷം കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിയെ ആക്രമിക്കാന്‍ പ്രതീഷ് വിശ്വനാഥ് നേരിട്ടെത്തിയിട്ടും പൊലീസ് നോക്കുകുത്തിയായി നിന്നു. മുളക് സ്പ്രെ ഉപയോഗിച്ചായിരുന്നു ബിന്ദു അമ്മിണിക്ക് നേരേ പ്രതീഷിനൊപ്പമെത്തിയ എഎച്ച്പി പ്രവര്‍ത്തകന്‍ ആക്രമണം നടത്തിയത്.

കൊടുങ്ങല്ലൂരില്‍ ക്രൈസ്തവമത പ്രചാരകരെ ആക്രമിച്ചതും കൊച്ചിയില്‍ ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ ആക്രമിച്ചതിന് പിന്നിലും രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകരായിരുന്നു. തൃപ്പൂണിത്തുറയിലെ ഘര്‍വാപ്പസി യോഗ കേന്ദ്രവുമായി പ്രതീഷ് വിശ്വനാഥിന് ബന്ധമുണ്ടെന്ന് ചൂണ്ടികാട്ടി മുന്‍ ജീവനക്കാരനായ കൃഷ്ണകുമാര്‍ അടക്കമുള്ളവര്‍ ആരോപണം ഉന്നയിച്ചപ്പോഴും അന്വേഷണം പ്രതീഷിലേക്ക് നീണ്ടില്ല.

ഫേസ്​ബുക്ക്​ പോസ്​റ്റിൻെറ പൂർണ രൂപം:


ആയുധ പൂജ... ഞാനും നിങ്ങളും ഇന്ന് സ്വതന്ത്രരായി ആത്മാഭിമാനത്തോടെ ജീവിക്കുന്നത് ഭവാനി ദേവിക്ക് മുന്നില്‍ ഉടവാള്‍ വെച്ചു വണങ്ങി ശത്രുവിനോട് പോരാടാനുറച്ച് എഴുന്നേറ്റ വീര ശിവജിയുടെയും മറാത്തകളുടെയും വീര്യത്തിന്‍റെയും ത്യാഗത്തിന്‍റെയും തണലിലാണ്....

ആയുധം താഴെ വെയ്ക്കാന്‍ ഇനിയും സമയമായിട്ടില്ല... ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്... മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്....

ദുര്‍ഗ്ഗാ ദേവി അനുഗ്രഹിക്കട്ടെ...
ജയ് ശിവാജി, ജയ് ഭവാനി...

Show Full Article
TAGS:Pratheesh Viswanath ahp rss Sanghparivar 
Next Story