വെസ്റ്റ്ഹിൽ: വയ്യ ഇപ്പോൾ ഏറ്റിനടക്കാൻ, കൊല്ലങ്ങളേറെയാണ് ഇതിലൂടൊക്കെ ചട്ടീം, കലോം ഏറ്റി വീടുകളിലെത്തിച്ച് നൽകിയത്. പത്തു പതിനഞ്ചു കിലോമീറ്ററിനുള്ളിലെ ഒരുമാതിരിപെട്ട പഴയ വീട്ടുകാർക്കൊക്കെ എന്നെ അറിയാം. പ്രായവും രോഗവുമൊക്കെ ഏറിയതോണ്ട് നടന്നുള്ള കച്ചോടം നിർത്തി. കുറച്ച് കൊല്ലമായി ഇവിടെ ഈ മഴയും വെയിലും കൊണ്ട് കുത്തിയിരിപ്പാണ്. -വെസ്റ്റ്ഹിൽ ചുങ്കത്തിനു സമീപത്തെ മൺപാത്ര വിൽപനക്കാരി 62കാരി സാറ പറയുന്നു. 35 വർഷമായി കോഴിക്കോട്ടെത്തിയിട്ട്.
സുരക്ഷിതമായ ജോലിയായിരുന്നു. അതുകൊണ്ട് മൺപാത്ര വിൽപനക്കാരിയായി. തങ്ങളുടെ സമുദായത്തിലെ മറ്റാരെങ്കിലും ഈ ജോലി ചെയ്യുന്നുണ്ടോ എന്നൊന്നും സാറ നോക്കിയില്ല. ആറു മക്കളെ പോറ്റിവളർത്താനും കുടുംബം നോക്കാനും മരം വെട്ടുകാരനായ ഭർത്താവ് ഇബ്രാഹിം കഷ്ടപ്പെടുന്നത് കണ്ടതോടെയാണ് സമീപത്തെ കുംഭാര കുടുംബത്തിലെ സ്നേഹിതയോടൊപ്പം പാലക്കാട് പെരിങ്ങോട്ടു കുറിശ്ശിക്കാരിയായ സാറ കോഴിക്കോട്ടേക്ക് ജീവിതം പറിച്ചുനട്ടത്.
കിട്ടിയ കാശ് സ്വരുക്കൂട്ടിവെച്ച് രണ്ടുമാസം കൂടുമ്പോൾ വീട്ടിലേക്ക് പോകും. വന്ന അന്നുതൊട്ട് ഇന്നുവരെ അങ്ങനെയാണ്. പിന്നെ വല്ല അത്യാവശ്യവും വന്നാൽ ഇടക്ക് പോകും. മൂന്ന് ആൺമക്കളും മൂന്നു പെൺമക്കളുമാണുള്ളത്. കുട്ടിപ്രായം കഴിഞ്ഞതോടെ മകൻ സുലൈമാനെയും കോഴിക്കോട്ടേക്ക് കൊണ്ടുവന്നു. 42കാരനായ മകനും ഇപ്പോൾ കച്ചവടത്തിൽ ഉമ്മയെ സഹായിക്കുകയാണ്. സമുദായത്തിലെ മറ്റു സ്ത്രീകളാരും കടന്നുവരാത്ത തൊഴിൽ എന്തിനു ചെയ്യുന്നുവെന്നതിന് സ്ത്രീകൾക്ക് ഏറ്റവും ഉപകാരമായ വസ്തുക്കളുമായല്ലേ നാം ചെല്ലുന്നതെന്നാണ് സാറയുടെ മറുപടി. ഒന്നും രണ്ടും പെണ്ണുങ്ങളുടെ കൂടെയാണ് അന്നൊക്കെ വീടുകളിൽ കച്ചവടത്തിന് പോയിരുന്നത്.
75കാരനായ ഭർത്താവിന് ഇപ്പോൾ രോഗംമൂലം ജോലിക്ക് പോവാൻ കഴിയില്ല. നോക്കാൻ നാട്ടിൽ മക്കൾ ഉള്ളതുകൊണ്ടാണ് മകെൻറ തണലിൽ താൻ ഇവിടെ ആശ്വാസത്തോടെ നിൽക്കുന്നതെന്ന് ഇവർ പറയുന്നു. പണ്ടൊക്കെ ആഘോഷങ്ങൾക്കായിരുന്നു കച്ചവടം. ഇപ്പോൾ പല കുടുംബങ്ങളും മൺപാത്രങ്ങൾ ഉപയോഗിക്കുന്നത് കൂടിവരുകയാണ്. എന്നാൽ, ഇപ്പോൾ കോവിഡ് കാലമായതിനാൽ ചില ദിവസങ്ങളിൽ ആയിരം രൂപയുടെ കച്ചവടംപോലും നടക്കുന്നി െല്ലന്ന് ഇരുവരും പറയുന്നു.