പൊളി വൈബിൽ ജെൻസി പോളിങ്
text_fieldsമേലാറ്റൂർ ആർ.എം.എച്ച്.എസ്.എസിൽ കന്നി വോട്ട് ചെയ്ത എ. അമിത അജയ്, എ. അമൽ, എസ്.ജെ. സ്മിത, ദിൽഷ ഷെറിൻ എന്നിവർ
കൊച്ചി: പുതിയ തലമുറക്ക് എന്തും ഏതും ആഘോഷമാണ്. തെരഞ്ഞെടുപ്പും അങ്ങനെതന്നെ. അഞ്ചുവർഷത്തിലൊരിക്കൽ വരുന്ന വോട്ടെടുപ്പ് ആഘോഷമാക്കിയിരിക്കുകയാണ് ജെൻസി. 18 വയസ്സ് തികഞ്ഞ കന്നിവോട്ടർമാർ മുതൽ ചെറുപ്പക്കാർ വരെ ഇത്തവണ മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ജനവിധിയെഴുത്തിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു.
പുതുതലമുറ വോട്ടർമാരെ പോളിങ് ബൂത്തിലെത്തിക്കാൻ നിരവധി പദ്ധതികളും പരിപാടികളുമാണ് തെരഞ്ഞെടുപ്പ് കമീഷനും ജില്ല ഭരണകൂടങ്ങളും ഇത്തവണ നടപ്പാക്കിയത്. കന്നിവോട്ടർമാർക്ക് ഹൽവ നൽകി അവരുടെ ആദ്യ വോട്ടനുഭവം മധുരമുള്ള ഓർമയാക്കി മാറ്റുകയായിരുന്നു തെരഞ്ഞെടുപ്പ് കമീഷന്റെ പുതിയ സംരംഭത്തിലൂടെ. ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിലാണ് കന്നി വോട്ടർമാർക്ക് ഹൽവ ബോക്സ് വിതരണം ചെയ്തത്. ഇവരെ തിരിച്ചറിഞ്ഞ് ഹൽവ നൽകാൻ ബൂത്ത് ലെവൽ ഓഫിസർമാരെയും വളണ്ടിയർമാരെയും നിയോഗിച്ചിരുന്നു. എന്നാൽ, ഹൽവ കിട്ടുമെന്ന പ്രതീക്ഷയിൽ വന്ന ചിലർ നിരാശയോടെ മടങ്ങി.
ഇതിനുപുറമെ, സെൽഫികളിലൂടെയും റീലുകളിലൂടെയും ജീവിതത്തിലെ ഓരോ നിമിഷങ്ങളും രേഖപ്പെടുത്തുന്ന ചെറുപ്പക്കാർക്കായി ചില ബൂത്തുകളിൽ ഫോട്ടോ പോയിൻറുകളും സെൽഫി പോയിൻറുകളുമെല്ലാം ഒരുക്കിയിരുന്നു. വോട്ടുചെയ്ത ഉടൻ എടുത്ത ചൂണ്ടുവിരലിലെ മഷിയുടെ ചിത്രമുൾപ്പെടെ ഫോട്ടോകളും വിഡിയോയും വാട്ട്സ്ആപ്, ഇൻസ്റ്റഗ്രാം സ്റ്റോറികളായും പോസ്റ്റുകളായും നിറഞ്ഞു. ഒരേ ബൂത്തിൽ വോട്ടുള്ള സുഹൃത്തുക്കൾ ഒരുമിച്ചാണ് വോട്ടുചെയ്യാനെത്തിയത്. ജനാധിപത്യ പ്രക്രിയയിലെ ജനങ്ങളുടെ സുപ്രധാന ദൗത്യമായ വോട്ടു ചെയ്യേണ്ടത് ഏറെ അനിവാര്യമാണെന്ന് എറണാകുളം മണ്ഡലത്തിലെ യുവവോട്ടർ അമൃത ചൂണ്ടിക്കാട്ടി. കാമ്പസുകളിലെ വോട്ടുപ്രചാരണ പരിപാടികൾ, ഫ്ലാഷ് മോബ്, റാപ്പ് ഗാനം സൃഷ്ടിക്കൽ തുടങ്ങിയ വ്യത്യസ്ത പരിപാടികളാണ് ഇത്തവണ പുതുതലമുറയെ വോട്ടുചെയ്യിക്കാൻ ജില്ല ഭരണകൂടങ്ങൾ ഒരുക്കിയത്. എറണാകുളത്ത് തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഭാഗമായി ഇറക്കിയ, പുതുതലമുറയെ അവരുടെ ഭാഷയിൽ വോട്ടു ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ‘ജെൻ സീ വോട്ട് പാട്ട്’ ഏറെ ശ്രദ്ധേയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

