കുടുങ്ങാൻ ഇനിയും വൻ സ്രാവുകൾ, കടകംപള്ളിയറിയാതെ ശബരിമലയിൽ ഒന്നും നടന്നിട്ടില്ല; രമേശ് ചെന്നിത്തല
text_fieldsരമേശ് ചെന്നിത്തല
കടകംപള്ളി സുരേന്ദ്രനറയാതെ ശബരിമലയിൽ ഒന്നും നടന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല. ശബരിമല സ്വർണപ്പാളിക്കേസില്‍ വമ്പന്‍ സ്രാവുകളുണ്ടെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. ആ വമ്പന്‍ സ്രാവുകളെ ചോദ്യം ചെയ്യാതെ വസ്‌തുതകള്‍ പുറത്തുവരില്ല. ഹൈക്കോടതി പറഞ്ഞതും ഇതു തന്നെയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
അന്വേഷണം ഒരുഘട്ടം കഴിഞ്ഞു മുന്നോട്ടുപോകുന്നില്ല. എന്നുവച്ചാല്‍ പ്രധാനപ്പെട്ട ആളുകളുടെ അടുത്തേക്ക് അന്വേഷണം എത്തുന്നില്ലന്നർഥം. കടകംപിള്ളി സുരേന്ദ്രന്‍ ദേവസ്വത്തിന്റെ ചുമതല വഹിച്ചപ്പോഴാണ് ഈ സംഭവം നടക്കുന്നത്. മന്ത്രിയറിയാതെ ഇത്രയും പ്രധാനപ്പെട്ടകാര്യങ്ങള്‍ ശബരിമലയില്‍ നടന്നുവെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? രണ്ടുദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ മാത്രം വിചാരിച്ചാല്‍ ഇത്തരത്തിലൊരു സ്വർണക്കൊള്ള അവിടെ നടത്താന്‍ കഴിയുമോ? അപ്പോള്‍ ഇതിനൊക്കെ രാഷ്ട്രീയമായ സംരക്ഷണമുണ്ടായിരുന്നു എന്നർഥം. മൂന്ന് സി.പി.എം നേതാക്കളാണ് സ്വർണക്കൊള്ളയുടെ പേരില്‍ ജയിലില്‍ കിടക്കുന്നത്. ഇതൊന്നും അന്നത്തെ മന്ത്രിയറിയാതെയാണ് നടന്നതെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വർണക്കൊള്ളയുടെ യഥാർഥ വസ്‌തുതകള്‍ പുറത്തുവരണം. ഇതിനായുള്ള ശക്തമായ പോരാട്ടവുമായി ഞങ്ങള്‍ മുന്നോട്ടുപോകും. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷണം വേണം എന്നാണ് ഞങ്ങള്‍ ആദ്യം മുതലേ ആവശ്യപ്പെടുന്നത്. കോടതി നിയോഗിച്ച എസ്.ഐ.ടിയുടെ അന്വേഷണം മുന്നോട്ടുപോകുന്നതില്‍ പരാതിയില്ല. കോടതിക്ക് ഇടപെടാന്‍ കഴിയും എന്നതുകൊണ്ടാണ് എസ്.ഐ.ടിയിൽ ഞങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നത്. എന്നാല്‍ ഈ സ്വർണക്കൊള്ള രാജ്യാന്തര മാനങ്ങളുള്ള ഒരു കേസാണ്.
അതുകൊണ്ടാണ് സി.ബി.ഐ അന്വേഷിക്കണമെന്ന് പറയുന്നത്. അതിനർഥം എസ്.ഐ.ടിയിൽ വിശ്വാസിമില്ല എന്നല്ല. കടകംപിള്ളിയെയും രണ്ടുദേവസ്വം മുന്‍ അധ്യക്ഷൻമാരെയും ചോദ്യം ചെയ്തത് കൊണ്ടൊന്നും ഇത് അവസാനിക്കില്ല. ഇതിന്റെ കണ്ണികള്‍ വിദേശത്താണ്. യഥാർഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ ഇതവസാനിക്കില്ല. ഇതുമായി ബന്ധപ്പെട്ട വന്‍സ്രാവുകള്‍ വലയില്‍ കുടുങ്ങുക തന്നെ ചെയ്യും.
അറസ്‌റ്റിലായ സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുക്കാതിരുന്നത് വലിയ തലക്കെട്ട് വരുമെന്ന് വിചാരിച്ചാണ് എന്ന് സംസ്ഥാന സെക്രട്ടരി എം.വി ഗോവിന്ദന്‍ പറയുന്നത് കേട്ടപ്പോള്‍ അദ്ദേഹത്തോട് സഹതാപം തോന്നി. ജനങ്ങളെ പേടിയില്ലാത്ത പാര്‍ട്ടിയാണ് സി.പി.എം. എന്നിട്ടാണോ പത്രക്കാരുടെ തലക്കെട്ടിനെ പേടിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
കേരളത്തിൽ ഒന്നും ചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക സർക്കാറിനെ ഉപദേശിക്കേണ്ട എന്നും രമേശ് ചെന്നിത്തല ഓർമപ്പെടുത്തി.
കർണാടകയിലെ മുഖ്യമന്ത്രിക്കറിയാം എന്തുചെയ്യണമെന്ന്. അവിടെ ബുള്‍ഡോസര്‍രാജൊന്നും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരെ പുനരധിവസിപ്പിക്കുമെന്ന് അവിടുത്തെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അതിനകത്ത് രാഷ്ട്രീയ മുതലെടുപ്പിന് സി.പി.എം ശ്രമിക്കേണ്ട. അത് നടക്കാനും പോകുന്നില്ല. കേരളത്തിലെ ന്യുനപക്ഷങ്ങളെ ഇതുപോലെ പീഡിപ്പിച്ചൊരു സര്‍ക്കാറുണ്ടായിട്ടില്ല. അവരുടെ എല്ലാ ആനുകൂല്യങ്ങളും നിര്‍ത്തിവച്ച സര്‍ക്കാറാണിത്. ഇപ്പോള്‍ ന്യൂനപക്ഷങ്ങള്‍ ഒറ്റെക്കെട്ടായി സി.പി.എമ്മിനെതിരെ വോട്ടു ചെയ്‌തപ്പോള്‍ അവരെ പിടിക്കാന്‍ എന്താ മാര്‍ഗമെന്നന്വേഷിക്കുകയാണ്. മാറിമാറി വര്‍ഗീയത പരീക്ഷിക്കുകയാണ്. ഇതൊക്കെ തിരിച്ചറിയാനുള്ള വിവരം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ വലിയ പരാജയം ഉണ്ടായിട്ടും അത് സമ്മതിക്കാന്‍ സി.പി.എമ്മിന് കഴിയുന്നില്ല. ജനങ്ങളുടെ വിധിയെഴുത്തിനെ സി.പി.എം അംഗീകരിക്കുന്നില്ല. അതു കൊണ്ടുതന്നെ അവരെ ആരു വിചാരിച്ചാലും രക്ഷിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

