‘ശബരിമല സ്വർണക്കൊള്ളയിൽ നടന്നത് 500 കോടിയുടെ ഇടപാട്; ഇതേകുറിച്ച് അറിവുള്ള വ്യക്തി അന്വേഷണവുമായി സഹകരിക്കും’; എസ്.ഐ.ടിക്ക് കത്ത് നൽകി ചെന്നിത്തല
text_fieldsതിരുവനന്തപുരം: വിവാദമായ ശബരിമല സ്വർണക്കൊള്ളയിൽ പുതിയ വെളിപ്പെടുത്തലുമായി കോൺഗ്രസ് പ്രവർത്തക സമിതിയംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല. ശബരിമല സ്വർണക്കൊള്ളയിൽ 500 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും ഇതിൽ അന്താരാഷ്ട്ര മാഫിയക്ക് ബന്ധമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സ്വർണക്കൊള്ളയെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കുന്ന വ്യക്തിയെ അന്വേഷണ സംഘവുമായി ബന്ധപ്പെടുത്താൻ തയാറാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തലവന് ചെന്നിത്തല കത്ത് നൽകി.
ശബരിമലയിലെ കാണാതായ സ്വർണപാളിയുമായി ബന്ധപ്പെട്ട് 500 കോടിയുടെ ഇടപാടാണ് അന്താരാഷ്ട്ര കരിച്ചന്തയിൽ നടന്നത്. പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ശബരിമല സ്വർണക്കൊള്ളയുമായുള്ള ബന്ധം അന്വേഷിക്കണമെന്നും കത്തിൽ ചെന്നിത്തല ആവശ്യപ്പെടുന്നു.
പുരാവസ്തുക്കൾ മോഷ്ടിച്ച് കരിച്ചന്തയിൽ വിൽക്കുന്ന സംഘങ്ങളെ കുറിച്ച് നേരിട്ട് അറിവുള്ള വ്യക്തിയെ അന്വേഷണ സംഘവുമായി ബന്ധപ്പെടുത്താം. പൊതുജന മധ്യത്തിൽ വിവരം വെളിപ്പെടുത്താൻ ഇയാൾ തയാറല്ല. എന്നാൽ, അന്വേഷണ സംഘത്തിനും കോടതിക്കും മുമ്പിൽ മൊഴി നൽകാൻ ഇയാൾ തയാറാണെന്നും ചെന്നിത്തല വ്യക്തമാക്കി.
സ്വതന്ത്രമായി പരിശോധിച്ചപ്പോഴാണ് ഇക്കാര്യത്തിൽ വസ്തുതയുണ്ടെന്ന് മനസിലായത്. സംസ്ഥാനത്തെ ചില വ്യവസായികൾക്കും റാക്കറ്റുകൾക്കും ഇടപാടുമായി ബന്ധമുണ്ട്. ദേവസ്വം ബോർഡിലെ ചില ഉന്നതർക്ക് റാക്കറ്റുമായുള്ള ബന്ധം അന്വേഷിക്കണം. പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾ അന്വേഷണ പരിധിയിൽ വന്നിട്ടില്ലെന്നും അക്കാര്യം കൂടി അന്വേഷിക്കണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്
ശബരിമലയിൽ സംഭവിച്ചത് വിജയ് മല്യ കൊടുത്ത 50 കോടിയുടെ സ്വർണ്ണത്തിൻറെ മോഷണം അല്ല. പൗരാണിക മാർക്കറ്റിൽ 500 കോടിയിൽ പരം വില വരുന്ന വിശിഷ്ടമായ വസ്തുക്കളുടെ വിൽപ്പനയാണ്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് പൗരാണിക സാധനങ്ങള്‍ കള്ളക്കടത്ത് നടത്തുന്ന രാജ്യാന്തര കള്ള്ക്കടത്തു സംഘവുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഞാൻ ഉടൻ തന്നെ പ്രത്യേകാന്വേഷണ സംഘത്തിന് കത്തു നൽകും.
സുഭാഷ് കപൂര്‍ എന്നയാള്‍ നേതൃത്വം നല്‍കുന്ന രാജ്യാന്തര കള്ളക്കടത്ത് സംഘം വഴി ഇടപാടുകള്‍ നടന്നതായി ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല. അതുകൊണ്ട് ഈ വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കും.
ശബരിമലയിലെ സ്വര്‍ണത്തിന് 50 കോടി രൂപയ്ക്കടുത്താണ് വിലയെങ്കിലും പൗരാണിക വസ്തുക്കളുടെ രാജ്യാന്തര ബ്‌ളാക്ക് മാര്‍ക്കറ്റില്‍ ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ക്ക് 500 കോടി രൂപയുടെ മൂല്യം വരും എന്നാണ് കണക്കാക്കിയിരിക്കുന്നത്.
വിജയ് മല്യ പൂശീയ സ്വര്‍ണം അടിച്ചു മാറ്റാന്‍ നടത്തിയ ഒരു ലോക്കല്‍ ഗൂഢാലോചന അല്ല അത്. മറിച്ച് രാജ്യാന്തര മാനങ്ങളുള്ള ഒരു വലിയ കള്ളക്കടത്തു സംഘം ഇടപെട്ട വലിയ ഇടപാടാണ്. നമ്മളിപ്പോള്‍ കാണുന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. അന്വേഷണം ഇവിടെ അവസാനിപ്പിക്കരുത്. ഇതിന്റെ സകല കണ്ണികളെയും പുറത്തു കൊണ്ടുവരണം. കേരളത്തിലെ ക്ഷേത്രങ്ങളിലെ അമൂല്യ വസ്തുക്കള്‍ പുറത്തു വില്‍പന നടത്താനുള്ള വലിയ ഗൂഢാലോചനയാണ്. വന്‍ സ്രാവുകളുണ്ട്. അവരെ പിടിക്കണം. സുഭാഷ് കപൂര്‍ സംഘത്തിന് എന്താണ് പങ്ക് എന്നത് പുറത്തു വരണം.
സമാനതകളില്ലാത്ത സ്വര്‍ണക്കൊള്ളയാണ് ശബരിമലയില്‍ നടന്നത്. സിപിഎമ്മിന്റെ രണ്ട് ഉന്നത നേതാക്കള്‍ മോഷണത്തിന് അറസ്റ്റിലാണ്. അവര്‍ക്ക് ജാമ്യം പോലും ലഭിക്കുന്നില്ല. പക്ഷേ ഈ വിഷയത്തില്‍ മുഖ്യമന്ത്രി വായ തുറക്കുന്നില്ല. സിപിഎം ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. എന്തുകൊണ്ട് നടപടിയില്ല എന്നത് ജനം ചോദിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണ്. സിപിഎം പ്രതികളെ സംരക്ഷിക്കുകയാണ്. ജനകോടികളുടെ ഹൃദയ വികാരത്തെ വ്രണപ്പെടുത്തിയ ഈ നടപടിക്കെതിരെ ശക്തമായ നടപടിയുണ്ടാകണം. മന്ത്രിമാരെ അടക്കം ചോദ്യം ചെയ്യണം. യഥാര്‍ഥ പ്രതികളിലേക്ക് അന്വേഷണം പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

