പി.എം ശ്രീയിലെ പരാമർശം: എം.എ. ബേബിയോട് ഖേദം പ്രകടിപ്പിച്ച് പ്രകാശ് ബാബു; ശിവൻകുട്ടിയുടെ കോലം കത്തിച്ച എ.ഐ.വൈ.എഫ് നേതാക്കൾക്ക് നോട്ടീസ്
text_fieldsതിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാപരോണം അവസാനിപ്പിക്കാനുള്ള തീരുമാനവുമായി സി.പി.ഐ. സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നടത്തിയ കൂടിയാലോചനയിലാണ് സി.പി.എമ്മുമായി സമവായത്തിൽ പോകാനുള്ള തീരുമാനം.
ഈ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയെ ഫോണിൽ വിളിച്ച് ദേശീയ സെക്രട്ടറി പ്രകാശ് ബാബു ഖേദം പ്രകടിപ്പിച്ചു. പ്രശ്നപരിഹാരത്തിന് ബേബി നടത്തിയ ഇടപെടലിൽ പ്രകാശ് ബാബു നന്ദിയും അറിയിച്ചു. കൂടാതെ, മന്ത്രി വി. ശിവൻകുട്ടിയുടെ കോലം കത്തിച്ച സംഭവത്തിൽ സി.പി.ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫ് ഖേദം പ്രകടിപ്പിച്ചു.
അതേസമയം, കണ്ണൂരിൽ മന്ത്രി വി. ശിവൻകുട്ടിയുടെ കോലം കത്തിച്ച എ.ഐ.വൈ.എഫ് നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സി.പി.ഐ കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് വിശദീകരണം തേടിയത്.എ.ഐ.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. രജീഷും ജില്ലാ സെക്രട്ടറി സാഗറുമാണ് വിശദീകരണം നൽകേണ്ടത്.
മന്ത്രി ശിവൻകുട്ടിക്കെതിരെ പ്രതിഷേധിക്കാൻ മാത്രമാണ് നേതൃത്വം നിർദേശം നൽകിയത്. എന്നാൽ, പ്രതിഷേധത്തോടൊപ്പം ശിവൻകുട്ടിയുടെ കോലവും എ.ഐ.വൈ.എഫ് പ്രവർത്തകർ കത്തിച്ചിരുന്നു. ഇത് പാർട്ടി അറിവോടെയല്ലെന്നും പ്രവർത്തകർ സ്വന്തം തീരുമാനപ്രകാരം ചെയ്തതാണെന്നും നേതാക്കൾ പറയുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണം തേടിയത്.
പി.എം ശ്രീ വിവാദത്തിൽ സി.പി.ഐയുടെയും അനുബന്ധ സംഘടനകളുടെയും നേതാക്കളിൽ നിന്നുണ്ടായ വാക്കുകളും പ്രതിഷേധങ്ങളും വിഷമിപ്പിച്ചെന്ന് മന്ത്രി വി. ശിവൻകുട്ടി ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. സി.പി.ഐക്കെതിരെ താൻ വിമർശനമുയർത്തി എന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടതോടെയാണ് വ്യക്തിപരമായി തനിക്കുണ്ടായ വിഷമം ശിവൻകുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
മന്ത്രി ജി.ആർ. അനിൽ തനിക്കെതിരെ പറഞ്ഞ കാര്യങ്ങൾ വിഷമമുണ്ടാക്കി. എം.എ. ബേബിയെക്കുറിച്ച് പ്രകാശ് ബാബു പറഞ്ഞതും തനിക്ക് വേദനയുണ്ടാക്കി. എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് പ്രവർത്തകർ തനിക്കെതിരെ പ്രതിഷേധം നടത്തിയതും കോലം കത്തിച്ചതും വേദന ഉണ്ടാക്കിയതായും ശിവൻകുട്ടി പറഞ്ഞു. സി.പി.ഐക്കെതിരെ തന്റെ ഭാഗത്തുനിന്ന് കടുത്ത വിമർശനം ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ തർക്കമുണ്ടാകുമ്പോൾ ഉപയോഗിക്കേണ്ട വാക്കുകളും നടത്തേണ്ട പ്രവൃത്തികളും സംബന്ധിച്ച് പക്വതയോടെ ചിന്തിക്കണമായിരുന്നുവെന്നാണ് വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ ശിവൻകുട്ടി പറഞ്ഞത്. ആർക്കും വേദനയുണ്ടാകുന്ന തരത്തിൽ ഒന്നും ഉണ്ടാകാൻ പാടില്ലായിരുന്നു. വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കുന്നത് എല്ലാവർക്കും നല്ലതാണ്. വേദന തോന്നുന്ന തരത്തിലുള്ള പ്രതിഷേധം ഒരിക്കലും കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇത് വാർത്തായതിന് പിന്നാലെയാണ് സി.പി.ഐ നേതാക്കളുടെ പ്രസ്താവനയിൽ വിഷമമുണ്ടായെന്ന് ശിവൻകുട്ടി വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

