‘കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കണം, ഭാര്യക്ക് ജോലി നൽകണം’; രക്ഷാ പ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ വീട്ടിലെത്തി പിണറായി വിജയൻ
text_fieldsതിരുവനന്തപുരം: കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച നേമം സ്വദേശി രാജേഷിന്റെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കണമെന്നും ഭാര്യക്ക് ജോലി നൽകുന്ന കാര്യം ഇനിയും നീട്ടിക്കൊണ്ടുപോകരുതെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. രാജേഷിന്റെ കുടുംബത്തെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജേഷിന്റെ കുടുംബം അനാഥമാകാൻ പാടില്ല. ഇത്തരം സംഭവങ്ങളിൽ നേരത്തെ സംസ്ഥാനം തീരുമാനിച്ച മാതൃകകൾ പിന്തുടരണം. അതിനേക്കാൾ കൂടുതൽ ചെയ്യാൻ സാധിക്കുമെങ്കിൽ അതും നല്ലാതാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് വായ്പ തിരിച്ചടക്കാൻ സർക്കാർ സഹായം വേണം. രാജേഷിന്റെ ഭാര്യക്ക് ജോലി നൽകണം. അത് നീട്ടിക്കൊണ്ടുപോകരുതെന്നും ജോലി താൽകാലികമായെങ്കിലും വലിയ ആശ്വാസം ആകുമെന്നും പിണറായി വിജയൻ പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കണം. വീട് പണി പൂർത്തിയാക്കാൻ സർക്കാർ സഹായിക്കണം. എന്ത് ചെയ്താലും അധികമാകില്ലെന്നും അത്രയും വിലപ്പെട്ട ജീവനാണ് പൊലിഞ്ഞതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എല്ലാ പിന്തുണയും നിങ്ങൾക്കുണ്ടാകുമെന്ന് മക്കളെ നെഞ്ചോട് ചേർത്ത് പിണറായി വിജയൻ ആശ്വസിപ്പിക്കുകയും ചെയ്തു.
രാജേഷിന്റെ മൃതദേഹത്തോട് അങ്ങേയറ്റത്തെ അനാദരവാണ് കാണിച്ചതെന്നും അപരന് വേണ്ടി ജീവൻ നൽകിയ മനുഷ്യനെ എല്ലാം മറന്ന് ആദരിക്കുന്ന സമൂഹമാണ് കേരളീയ സമൂഹമെന്നും അദ്ദേഹം കൂട്ടിചേർത്തു. പി.എ മുഹമ്മദ് റിയാസ് എം.എൽ.എ, വി. ശിവൻകുട്ടി, വി. ജോയി, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

