രാജേഷ് ഊരിനൽകിയത് പ്രാണൻ; ലൈഫ് ജാക്കറ്റ് ഊരിനൽകി മരണത്തിലേക്ക് ഒഴുകിപ്പോയതിന്റെ നടുക്കത്തിൽ നാട്
text_fieldsറാപ്പലിങ് ഇൻസ്ട്രക്ടർ രാജേഷ്
ചെറുപുഴ (കണ്ണൂർ): പ്രളയജലത്തിൽ അകപ്പെട്ട ഒരാളുടെ ജീവൻ സ്വന്തം ‘ലൈഫ് ജാക്കറ്റ്’ ഊരിനൽകി രക്ഷിച്ച ശേഷം മരണത്തിന്റെ ആഴങ്ങളിലേക്ക് പോയ ആർ. രാജേഷിന്റെ വിയോഗത്തിൽ തേങ്ങി ചെറുപുഴ. തിരുവനന്തപുരം നേമം കല്ലിയൂർ കിഴക്കേതെറ്റിവിള രാജേഷ്ഭവനിൽ ആർ. രാജേഷാണ് (36) ദുരന്ത രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ചത്.
പുളിങ്ങോം മീന്തുള്ളിയിൽ പുഴക്കും കർണാടക വനത്തിനുമിടയിലെ കൃഷിയിടത്തിൽനിന്നു കോലുവള്ളിയിലെ ശബനിയിൽ ബെന്നിയെ (61) രക്ഷിച്ചു കൊണ്ടുവരുന്നതിനിടെയാണ് ദുരന്ത രക്ഷാപ്രവർത്തന പരിശീലകൻ കൂടിയായ രാജേഷ് ഒഴുക്കിൽപ്പെട്ടത്. തന്നെ ജീവിതത്തിലേക്ക് മടക്കിവിട്ടാണ് റാപ്പലിങ് ഇന്‍സ്ട്രക്ടര്‍ രാജേഷ് മറഞ്ഞതെന്നത് നടുക്കത്തോടെയാണ് ബെന്നി ഓർക്കുന്നത്.
പുഴ കരകവിഞ്ഞൊഴുകിയ ആഗസ്റ്റ് ഒന്നിന് വൈകീട്ട് അഞ്ചിനാണ് മീന്തുള്ളി തുരുത്തില് ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി രാജേഷിനും സുഹൃത്തുക്കള്‍ക്കും വിവരം കിട്ടിയത്. വെള്ളച്ചാട്ടത്തില്‍ റാപ്പലിങ്ങിന് ഉപയോഗിക്കുന്ന റോപ്പും എടുത്ത് ലൈഫ് ജാക്കറ്റും ധരിച്ച് രാജേഷും സുഹൃത്ത് മനുവും പുഴയിലിറങ്ങി.
ഇവിടെ കുടുങ്ങിക്കിടന്ന ബെന്നിയുടെ അടുത്തെത്തി സ്വന്തം ലൈഫ് ജാക്കറ്റ് ബെന്നിയെ ധരിപ്പിച്ച് മനുവിനൊപ്പം മറുകരയിലേക്ക് കടത്തിവിട്ടു. ഇരുവരും സുരക്ഷിതമായി മറുകര എത്തിയശേഷമാണ് രാജേഷ് പുഴ മുറിച്ചുകടക്കാന്‍ തുടങ്ങിയത്. നീന്തല്‍ വിദഗ്ധന്‍ കൂടിയായ രാജേഷ് റോപ്പില്‍ പിടിച്ച് തിരികെ നീന്തുന്നതിനിടെ പെട്ടെന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു. മനു റോപ്പ് പിടിച്ച് രാജേഷിനെ വലിച്ചടുപ്പിക്കാന്‍ നോക്കിയെങ്കിലും റോപ്പും രാജേഷും തമ്മിലുള്ള പിടുത്തം നഷ്ടപ്പെട്ടിരുന്നു.
മീന്തുള്ളി തുരുത്തിലെ കൃഷിയിടത്തില്‍ മോട്ടോര്‍ വെക്കാന്‍ പോയതായിരുന്നു ബെന്നി. പെട്ടെന്നാണ് തുരുത്തില് വെള്ളം കയറി തിരിച്ചുവരാനാകാതെ വന്നത്. മലവെള്ളപ്പാച്ചിലിൽ വെള്ളം കഴുത്തൊപ്പം ഉയർന്നപ്പോൾ തെങ്ങിൽ പിടിച്ചുനിന്ന ബെന്നിയെ വടം തെങ്ങിൽകെട്ടി അതിൽ പിടിച്ച് കരക്കെത്തിക്കുകയായിരുന്നു. സ്വന്തം സുരക്ഷ പോലും മറന്നാണ് രാജേഷ് തന്റെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് ബെന്നിയെ രക്ഷപ്പെടാന്‍ സഹായിച്ചത്. എതാനും മാസം മുമ്പാണ് മീന്തുള്ളി വെള്ളച്ചാട്ടത്തില്‍ നടക്കുന്ന റാപ്പലിങ് എന്ന സാഹസിക വിനോദത്തില്‍ പങ്കെടുക്കാന്‍ വരുന്നവരുടെ ഇന്‍സ്ട്രക്ടറായി രാജേഷ് ചെറുപുഴയിലെത്തിയത്. ത്രോബോൾ ദേശീയ ടീം അംഗമാണ്. കനത്ത മഴയെ തുടര്‍ന്ന് റാപ്പലിങ് നിര്‍ത്തിവെച്ചതോടെയാണ് സമീപത്തെ പുഴയില്‍ വെള്ളം ഉയര്‍ന്ന് നാട്ടുകാര്‍ ദുരിതത്തിലായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. നാട്ടുകാരിലൊരാളുടെ ജീവന് രക്ഷിച്ചാണ് രാജേഷ് കാണാക്കയങ്ങളിലേക്ക് മറഞ്ഞത്. മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോയി. രാജശേഖരൻ–ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ ഷാഫിയ. മക്കൾ: ആർഷൻ, അഭിഷേക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

