തെരഞ്ഞെടുപ്പ് ഇടപെടൽ മുതൽ കെ.എസ്.ടി.പി അഴിമതി വരെ; ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണത്തിന് കോൺഗ്രസിന്റെ രാഷ്ട്രീയ നീക്കം, ഗുരുതര ആരോപണങ്ങളുമായി പി.സി. തോമസ്
text_fieldsഗ്യാനേഷ് കുമാർ
കൊച്ചി: 20 വർഷം മുമ്പുള്ള സംഭവത്തിലെ അന്വേഷണം നടത്താൻ കോൺഗ്രസിന്റെ രാഷ്ട്രീയ നീക്കം. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിക്ക് വേണ്ടി ഗ്യാനേഷ് കുമാർ ഇടപെട്ടുവെന്നും ജോസ് കെ. മാണിയുടെ അപരന്‍റെ പത്രിക കാരണങ്ങൾ ഇല്ലാതെ തള്ളിയെന്ന ആരോപണവുമായി പി.സി. തോമസ്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണമാണ് പി.സി. തോമസ് ഉന്നയിക്കുന്നത്. പത്രിക തള്ളിയതിന് കാരണം ഒപ്പ് വ്യത്യാസം എന്നായിരുന്നു ഗ്യാനേഷ് കുമാറിന്‍റെ വിശദീകരണമെന്നും കെ.എം. മാണിയുടെ നിർദേശപ്രകാരം ആയിരിക്കാം ജില്ല കലക്ടറായിരുന്ന ഗ്യാനേഷ് കുമാർ ഇടപെട്ടതെന്നും വിഷയത്തിൽ അന്വേഷണം വേണെന്നും പി.സി. തോമസ് പ്രതികരിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനത്ത് ഇരിക്കാൻ ഗ്യാനേഷ് കുമാറിന് യോഗ്യതയില്ലെന്നും അടിയന്തരമായി സ്ഥാനത്തുനിന്ന് മാറ്റി അന്വേഷണം നടത്തണമെന്നും കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ പറഞ്ഞു. കെ.എസ്.ടി.പി അഴിമതിയിൽ 2006ൽ അന്വേഷണം നടന്നെങ്കിലും പിന്നീട് മുന്നോട്ടു പോയില്ല. ഗ്യാനേഷ് കുമാറിൽനിന്ന് മൊഴി ഉൾപ്പെടെ രേഖപ്പെടുത്തി അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മലയിൻകീഴ് വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാലിന്റെ പരാതിയിലാണ് ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് ആഭ്യന്തര വകുപ്പ് നിർദേശം നൽകിയത്. തെരഞ്ഞെടുപ്പ് ഇടപെടലുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് പരാതിയെന്നും ആത്മഹത്യ ചെയ്ത മലേഷ്യൻ പൗരൻ ലീയുടെ കുടുംബവുമായി ബന്ധപ്പെടുമെന്നും മലയിൻകീഴ് വേണുഗോപാൽ പറഞ്ഞു.
ആത്മഹത്യാ കുറിപ്പിൽ ഗ്യാനിഷ് കുമാറിന്റെ പേര് കൃത്യമായി പറയുന്നുണ്ട്. ഗ്യാനേഷ് കുമാറിന്റെ ഇടപെടൽ കൊണ്ടാകാം അന്വേഷണം വഴിമുട്ടിയതെന്നും വേണുഗോപാൽ സംശയം പ്രകടിപ്പിച്ചു. ഒരു ദിവസം പോലും തെരഞ്ഞെടുപ്പ് കമീഷൻ സ്ഥാനത്തിരിക്കാൻ ഗ്യാനേഷ് കുമാറിന് യോഗ്യതയില്ലെന്നും അടിയന്തരമായി സ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ടുള്ള അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആയിരിക്കെ നടന്ന കെ.എസ്.ടി.പി അഴിമതിയിലാണ് ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. കരാർ ഏറ്റെടുത്ത പതിബെൽ കമ്പനി എൻജിനീയറുടെ ആത്മഹത്യയിലും അന്വേഷണം പ്രഖ്യാപിച്ചു. എൻജിനീയറുടെ ആത്മഹത്യാ കുറിപ്പിലുള്ള പരാമർശമാണ് ഗ്യാനേഷ് കുമാറിന് കുരുക്കായത്.
അതേസമയം, ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട കെ.എസ്.ടി.പി കേസിലെ മലേഷ്യൻ എൻജിനീയറുടെ ആത്മഹത്യാക്കുറിപ്പ് സംബന്ധിച്ച് അന്ന് തന്നെ അന്വേഷണം നടത്തേണ്ടിയിരുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീർ. ആത്മഹത്യാക്കുറിപ്പിൽ ഭാര്യക്കും മറ്റൊരു വ്യക്തിക്കും കത്തുകൾ നൽകിയിരുന്നതായും കേരളത്തിൽ ഒരു കാര്യം നടക്കണമെങ്കിൽ ചില പ്രത്യേക രീതികൾ പാലിക്കണമെന്നതടക്കമുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നതായി അന്നത്തെ റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നുവെന്നും മുനീർ പറഞ്ഞു. എന്നാൽ എന്തുകൊണ്ടാണ് വിഷയത്തിൽ അന്വേഷണം മുന്നോട്ടുപോകാൻ വൈകിയതെന്ന് അറിയില്ല. അന്നത്തെ സർക്കാർ ഇക്കാര്യം പരിശോധിക്കേണ്ടിയിരുന്നത്.
സംഭവത്തിന് പിന്നാലെ ഗ്യാനേഷ് കുമാറിനെ കേരളത്തിൽനിന്ന് മാറ്റുകയും അദ്ദേഹം പിന്നീട് കേന്ദ്ര സർവീസിലേക്ക് പോകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ആത്മഹത്യാക്കുറിപ്പും സംഭവത്തിന്റെ സാഹചര്യങ്ങളും പരിശോധിക്കേണ്ടതായിരുന്നുവെന്നും മുനീർ പറഞ്ഞു. മലേഷ്യൻ എൻജിനീയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്ക് നേരിട്ട് വിവരങ്ങൾ നൽകാനാകില്ല. താൻ അന്ന് ഭരണത്തിന്റെ ഭാഗമായിരുന്നില്ല. ആത്മഹത്യാക്കുറിപ്പ് പോലും നേരിട്ട് കണ്ടിട്ടില്ല. വിജിലൻസും പൊലീസും അന്വേഷിച്ച് വസ്തുതകൾ കണ്ടെത്തട്ടെയെന്നും അന്വേഷണം നടക്കുമ്പോൾ സഹകരിക്കാൻ തയാറാണെന്നും മുനീർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

