ഡ്രൈവർ മദ്യലഹരിയിൽ; കെ.എസ്.ആർ.ടി.സി ബസ് നിർത്തിച്ച് യാത്രക്കാർ
text_fieldsകുമളി:നിറയെ യാത്രക്കാരുമായി കോട്ടയത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാർ ഇടപ്പെട്ട് വണ്ടിപ്പെരിയാറിൽ ഓട്ടം നിർത്തിച്ചു. ഡ്രൈവർ മദ്യലഹരിയിൽ നിയന്ത്രണം വിട്ടാണ് ബസ് ഓടിക്കുന്നതെന്ന് വ്യക്തമായതോടെയാണ് യാത്രക്കാർ ബഹളമുണ്ടാക്കി ബസ് നിർത്തിച്ചത്.
ഞായറാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. തമിഴ്നാട്ടിലെ കമ്പത്തുനിന്ന് കുമളി വഴി കോട്ടയത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന വേണാട്, പ്രിയദർശിനി ബസാണ് വണ്ടിപ്പെരിയാറിൽ നിർത്തിയിടീച്ചത്.
വണ്ടിപ്പെരിയാർ എസ്.ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഡ്രൈവർ മുണ്ടക്കയം ഇളംകാട് സ്വദേശി ബിനീഷ് കുമാറിനെ (45) കസ്റ്റഡിയിലെടുത്തു. ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കേസെടുത്ത പൊലീസ് ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് അപേക്ഷ നൽകി. കുമളിയിൽനിന്ന് മറ്റൊരു ഡ്രൈവറെ എത്തിച്ച് യാത്ര പുനരാരംഭിച്ചു.

