എടവനക്കാട്: ജന്മന തളർന്നുകിടക്കുന്ന മകനെ തോളിലേറ്റി ആ അമ്മക്ക് ഇനി ചതുപ്പ് കടക്കണ്ട. തെരഞ്ഞെടുപ്പിനുമുമ്പ് നൽകിയ വാഗ്ദാനം പഞ്ചായത്ത് അംഗം ഐ.എ. ശംസുദ്ദീന്‍ നിറവേറ്റിയതോടെ ഇവർക്ക് വീട്ടിലേക്ക് വഴിയായി.എടവനക്കാട് പടിഞ്ഞാറ് 12ാം വാര്‍ഡില്‍ കണ്ണുപിള്ള കാപ്പിനു സമീപത്ത് താമസിക്കുന്ന ഷീലക്കും കുടുംബത്തിനും വീട്ടിലേക്ക് വഴിയില്ലായിരുന്നു.
നട്ടെല്ലിന് അസുഖം ബാധിച്ച മകൻ അമലിനെ വീടിനു പുറത്തേക്ക് കൊണ്ടുപോകേണ്ടിവരുമ്പോള്‍ തോളിലേറ്റുക മാത്രമായിരുന്നു മാര്‍ഗം. ചതുപ്പ് നിറഞ്ഞ പ്രദേശമായതിനാല്‍ അതുപോലും ദുഷ്കരം. അമലിെൻറ പിതാവ് പഴങ്ങാട്ടുതറ സോമന് എട്ടുവര്‍ഷം മുമ്പ് മരിച്ചു. പ്രായമായ അമ്മൂമ്മക്കും വിധവകളായ പിതൃസഹോദരിമാര്ക്കുമൊപ്പം പഴയൊരു ചെറിയ വീട്ടിലാണ് താമസം. പഞ്ചായത്തിലും കലക്ടറേറ്റിലും പട്ടയത്തിന് അപേക്ഷകൾ നൽകിയിട്ടും നടപടിയുണ്ടായില്ല.
വെൽഫെയര്‍ പാര്‍ട്ടി വൈപ്പിന്‍ മണ്ഡലം പ്രസിഡൻറ് ടി.എം. കുഞ്ഞുമുഹമ്മദിെൻറ മകനും പ്രവാസിയുമായ ഷെഫീഖ് ഈ വീടിനോട് ചേര്‍ന്നുള്ള അഞ്ചുസെൻറ് സ്ഥലം വാങ്ങി അതില്‍നിന്ന് ഒരുസെൻറ് അമലിനും കുടുംബത്തിനും പൂര്‍ണ സഞ്ചാരസ്വാതന്ത്ര്യത്തിന് വിട്ടുകൊടുത്തു. ചളിയും വെള്ളക്കെട്ടുമായിരുന്ന പ്രദേശം പ്രവര്‍ത്തകരുടെ സഹകരണത്തോടെ നികത്തി ടൈല്‍ വിരിച്ച് സഞ്ചാരയോഗ്യമാക്കി. പാതയുടെ ഉദ്ഘാടനം വ്യാഴാഴ്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അസീന അബ്ദുൽസലാം നിര്‍വഹിക്കും.