‘അറിയാത്തത് കൊണ്ടല്ല പിഴവ് സംഭവിച്ചത്, കേൾക്കാത്ത കാര്യം എങ്ങനെ പറയാനാകും? മുമ്പ് പരിഭാഷക്ക് പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു’ -ഖേദപ്രകടനവുമായി മോദിയുടെ വിവർത്തകൻ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ മോദിയുടെ പ്രസംഗം തെറ്റായി പരിഭാഷപ്പെടുത്തിയതിൽ വിശദീകരണവുമായി വിവർത്തകൻ പള്ളിപ്പുറം ജയകുമാർ. 45 മിനിറ്റ് നേരം വിവർത്തനം നടത്തിയ തനിക്ക് വിട്ടുപോയ ഭാഗം പരിഭാഷപ്പെടുത്താൻ അറിയാത്തത് കൊണ്ടല്ല പിഴവ് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും രാഷ്ട്ര നേതാവിന്റെ പ്രസംഗ പരിഭാഷ വിമർശനത്തിന് കാരണമായതിൽ അതിയായി ഖേദം രേഖപ്പെടുത്തുന്നുവെന്നും ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി. മോദിയുടെ കടുത്ത ആരാധകനായ ജയകുമാർ മുരുക്കുംപുഴ ഇടവിളാകം ഗവ. യു.പി സ്‌കൂളിലെ ഹിന്ദി അദ്ധ്യാപകനായിരുന്നു. എം.എ, ബി.എഡ് ബിരുദധാരിയാണ് ഇദ്ദേഹം.
പ്രധാനമന്ത്രി മുൻകൂട്ടി നൽകിയിരുന്ന പ്രസംഗത്തിനൊപ്പം നിരവധി സ്ഥലങ്ങളിൽ പുതിയ വിഷയങ്ങളും ഉൾപ്പെടുത്തി. നിലവിൽ കൈയ്യിലുള്ള പ്രസംഗ ഭാഗം വിവർത്തനം ചെയ്ത ശേഷമാണ് പുതിയതായി അദ്ദേഹം കൂട്ടിച്ചേർത്ത ഭാഗം വിവർത്തനം ചെയ്യേണ്ടത്. പ്രോട്ടോകോൾ പ്രകാരം ഒരു പേന പോലും ആ സമയത്ത് കൈയ്യിൽ കരുതാനാകില്ല. അതിനാലാണ്, പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ അന്തസത്ത പരമാവധി നിലനിർത്താൻ ശ്രമിച്ചെങ്കിലും, ഒരു ഭാഗം ശബ്ദക്രമീകരണത്തിലെ അപാകത കാരണം പ്രധാനമന്ത്രി പറഞ്ഞതിൽ നിന്ന് മാറ്റി പറഞ്ഞത്. തുടർന്ന് അദ്ദേഹം പറഞ്ഞില്ലങ്കിലും എല്ലാവർക്കും മനസിലായി എന്ന കമൻ്റോടെ ചിരിയോടെ പ്രധാനമന്ത്രി പ്രസംഗം തുടർന്നതിനാൽ എനിക്ക് തിരുത്താനുള്ള അവസരം ലഭിച്ചില്ല. പരിഭാഷകൻ എത്ര ശ്രദ്ധ നൽകിയാലും കൃത്യമായി കേൾക്കാൻ കഴിയാത്ത ഒരു കാര്യം എങ്ങനെ പറയാനാകും. അതിനാൽ നൽകിയ പ്രസംഗം പിൻതുടർന്നു. അതൊരു രാഷ്ട്രീയ പരാമർശം ആയതിനാൽ കൂടുതൽ ശ്രദ്ധ നേടി. ശബ്ദ ക്രമീകരണത്തിലെ അപാകത വേദിയിൽ ഉണ്ടായിരുന്ന മന്ത്രിമാരും നേരത്തെ ചൂണ്ടികാട്ടിയിരുന്നു -ജയകുമാർ വ്യക്തമാക്കി.
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:
എന്നും പ്രധാനമന്ത്രിക്കൊപ്പം ' രാഷ്ട്ര ഹിതായ,
പ്രിയ സുഹൃത്ത്ക്കളെ,
ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഴിഞ്ഞം തുറമുഖം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വേദിയിൽ തത്സമയം വിവർത്തനം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ 2014 മുതൽ ഞാൻ വിവിധ മേഖലകളിൽ വിവർത്തനം ചെയ്ത് വരുന്നതാണ്. വന്ദേഭാരത് ഉദ്ഘാടന വേദിയിൽ പരിഭാഷക്ക് പ്രധാനമന്ത്രിയുടെ പ്രശംസയും ലഭിച്ചതാണ്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്ജി ഉൾപ്പടെ നിരവധി കേന്ദ്ര മന്ത്രിമാരുടെ പ്രസംഗങ്ങൾ ഞാൻ നിരവധി തവണ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പല കേന്ദ്ര മന്ത്രിമാരുടെയും കേരള സന്ദർശന വേളകളിൽ അവരോടൊപ്പം സഞ്ചരിച്ചും പരിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിൽ തന്നെ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ ഏറ്റവും കൂടുതൽ പരിഭാഷപ്പെടുത്താൻ അവസരം ലഭിച്ചിട്ടുള്ളതും എനിക്കാണ്.
ഇന്നലെ പ്രധാനമന്ത്രിയുടെ 45 മിനിറ്റിലേറെ നീണ്ട പ്രസംഗത്തിൽ അദ്ദേഹം മുൻകൂട്ടി നൽകിയിരുന്ന പ്രസംഗത്തിനൊപ്പം നിരവധി സ്ഥലങ്ങളിൽ പുതിയ വിഷയങ്ങളും ഉൾപ്പെടുത്തി. നിലവിൽ എൻ്റെ കൈയ്യിലുള്ള പ്രസംഗ ഭാഗം വിവർത്തനം ചെയ്ത ശേഷമാണ് പുതിയതായി അദ്ദേഹം കൂട്ടിച്ചേർത്ത ഭാഗം വിവർത്തനം ചെയ്യേണ്ടത്. പ്രോട്ടോകോൾ പ്രകാരം ഒരു പേന പോലും ആ സമയത്ത് കൈയ്യിൽ കരുതാനാകില്ല. അതിനാലാണ്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൻ്റെ അന്തസത്ത പരമാവധി നിലനിർത്താൻ ശ്രമിച്ചെങ്കിലും, ഒരു ഭാഗം ശബ്ദക്രമീകരണത്തിലെ അപാകത കാരണം പ്രധാനമന്ത്രി പറഞ്ഞതിൽ നിന്ന് മാറ്റി പറഞ്ഞത്. തുടർന്ന് അദ്ദേഹം പറഞ്ഞി ല്ലങ്കിലും എല്ലാവർക്കും മനസിലായി എന്ന കമൻ്റോടെ ചിരിയോടെ പ്രധാനമന്ത്രി പ്രസംഗം തുടർന്നതിനാൽ എനിക്ക് തിരുത്താനുള്ള അവസരം ലഭിച്ചില്ല. പരിഭാഷകൻ എത്ര ശ്രദ്ധ നൽകിയാലും, കൃത്യമായി കേൾക്കാൻ കഴിയാത്ത ഒരു കാര്യം എങ്ങനെ പറയാനാകും. അതിനാൽ നൽകിയ പ്രസംഗം പിൻതുടർന്നു. അതൊരു രാഷ്ട്രീയ പരാമർശം ആയതിനാൽ കൂടുതൽ ശ്രദ്ധ നേടി.ശബ്ദ ക്രമീകരണത്തിലെ അപാകത വേദിയിൽ ഉണ്ടായിരുന്ന മന്ത്രിമാരും നേരത്തെ ചൂണ്ടികാട്ടിയിരുന്നു.
45 മിനിറ്റ് നേരം വിവർത്തനം നടത്തിയ എനിക്ക് വിട്ടുപോയ ഭാഗം പരിഭാഷപ്പെടുത്താൻ അറിയാത്തത് കൊണ്ടല്ല പിഴവ് സംഭവിച്ചത്. എങ്കിലും രാഷ്ട്ര നേതാവിന്റെ പ്രസംഗ പരിഭാഷ വിമർശനത്തിന് കാരണമായതിൽ ഞാൻ അതിയായി ഖേദം രേഖപ്പെടുത്തുന്നു. പ്രസംഗ പരിഭാഷ സശ്രദ്ധം കേട്ട് വിമർശിച്ചും, അഭിനന്ദിച്ചും അഭിപ്രായപ്രകടനം നടത്തിയ മുഴുവൻ സുഹൃത്ത്ക്കൾക്കും നന്ദി അറിയിക്കുന്നു. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലൂടെയും ഞാൻ ഈ അഭിപ്രായം പങ്ക് വച്ചിട്ടുണ്ട്.ഇത്തരത്തിലുള്ള സമയങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാൻ നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് പ്രചോദനം നൽകും. എന്നും രാജ്യത്തിനൊപ്പം-മോദിജി ക്കൊപ്പം തുടരും
വിശ്വസ്ഥതയോടെ
പള്ളിപ്പുറം ജയകുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

