പാലിൽ പവർ തേടി പാലക്കാട്
text_fieldsപാലക്കാട്: പാലുൽപാദനത്തിൽ സ്വയം പര്യാപ്തയിലെന്ന് അവകാശപ്പെടുമ്പോഴും ജില്ലയിൽ പ്രതിദിന ശരാശരി പാലുൽപാദനത്തിൽ നേരിയ കുറവ്. 2021-22 വർഷം 3.14 ലക്ഷം ലിറ്ററാണ് ഉൽപാദിപ്പിച്ചിരുന്നതെങ്കിൽ 2022-‘23 വർഷം 3.04 ലക്ഷം ലിറ്ററായി കുറഞ്ഞു. 2018-‘19 വർഷം 2.8 ലക്ഷം ലിറ്ററും 2019-‘20 വർഷം 2.85 ലക്ഷം ലിറ്ററും 2020-‘21ൽ 3.05 ലക്ഷം ലിറ്ററുമായിരുന്നു.
തീറ്റപ്പുൽ ഉൽപാദനത്തിൽ വൻ കുതിപ്പ്
ജില്ലയിൽ തീറ്റപ്പുൽ ഉൽപാദനത്തിൽ വൻ കുതിപ്പ്. നിലവിൽ 325 ഹെക്ടർ പുൽത്തോട്ടങ്ങളാണ് ജില്ലയിലുള്ളത്. കഴിഞ്ഞ വർഷം ഇത് 234 ഹെക്ടർ ആയിരുന്നു. 91 ഹെക്ടറിന്റെ അധിക ഉൽപാദനം. സംസ്ഥാനത്തെ തീറ്റപ്പുൽ കൃഷിവ്യാപനത്തിനുള്ള നോഡൽ ഏജൻസിയായ ക്ഷീരവികസന വകുപ്പ് 2022-‘23 വർഷം പദ്ധതിയിൽ അനുവദിച്ചത് 76.49 ലക്ഷം രൂപയാണ്.കഴിഞ്ഞ വർഷമാകട്ടെ 50.31 ലക്ഷം രൂപയും.
2018-‘19 വർഷം 35.47 ലക്ഷം, 2019-‘20 ൽ 47.14 ലക്ഷം, 2020-‘21ൽ 49.22 ലക്ഷം എന്നിങ്ങനെയാണ് വകുപ്പ് തീറ്റപ്പുൽ കൃഷി വ്യാപനത്തിന് അനുവദിച്ചത്. 2023-‘24 വർഷം തീറ്റപ്പുൽകൃഷിവ്യാപനത്തിന് 217.24 ഹെക്ടർ സ്ഥലത്ത് പുതുതായി തീറ്റപ്പുൽ കൃഷി വ്യാപിപ്പിക്കാൻ ജില്ലക്ക് 69.60 ലക്ഷം രൂപ അനുവദിച്ചുകഴിഞ്ഞു. ഈ തുകയിൽ ഭൂരിഭാഗവും ഗുണഭോക്താക്കൾക്ക് വിതരണം ചെയ്ത് കഴിഞ്ഞതായും അധികൃതർ അറിയിച്ചു.
തദ്ദേശസ്ഥാപനം വഴി ക്ഷീരവികസനം
തദ്ദേശസ്ഥാപനങ്ങൾ വഴിയാണ് ക്ഷീര കർഷകർക്ക് പാലിന് ഇൻസെന്റീവ്, കറവപ്പശുക്കൾക്ക് കാലിത്തീറ്റ ധനസഹായം, കറവ മൃഗങ്ങളെ വാങ്ങാൻ ധനസഹായം തുടങ്ങിയ പദ്ധതികൾ നടപ്പാക്കുന്നത്. പദ്ധതിയിൽ 2022-‘23 വർഷം 30 ക്ഷീര സംഘങ്ങളിലെ 150 പട്ടിക ജാതി വിഭാഗം ക്ഷീരകർഷകർക്ക് 40,000 രൂപ വീതം കറവപ്പശുവിനെ വാങ്ങാൻ പലിശരഹിത വായ്പയായി 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ലക്ഷങ്ങളുടെ ഉരുക്കളെയെത്തിച്ച് മിൽക്ക് ഷെഡ്
പാലക്കാട്: പാലുൽപാദന വളർച്ചാനിരക്കിൽ സംസ്ഥാനത്തെ മുൻനിരയിലെത്തിച്ച പദ്ധതിയാണ് മിൽക്ക് ഷെഡ് പദ്ധതി. പുതിയ ഉരുക്കളെ വാങ്ങാൻ മാത്രമല്ല, ശാസ്ത്രീയമായ കന്നുകാലിത്തൊഴുത്ത് നിർമാണം, ക്ഷീരകർഷകർക്കാവശ്യമുള്ള പ്രവൃത്തികൾ ഏറ്റെടുക്കൽ, കറവ യന്ത്രങ്ങൾ വാങ്ങൽ എന്നീ പദ്ധതികളിലാണ് ധനസഹായം നൽകുന്നത്. പദ്ധതിയിൽ അഞ്ച് വർഷത്തിനിടെ 2386 പുതിയ ഉരുക്കളെ ജില്ലയിലെത്തിച്ചു. 2018-‘19ൽ 444 ഉരുക്കളെ എത്തിച്ച ജില്ലയിലേക്ക് 2022-‘23 വർഷം എത്തിയത് 391 ഉരുക്കളെ മാത്രമായിരുന്നു.
2018 ൽ ഇവ വാങ്ങാനായി 1.295 കോടി ചെലവിട്ടിരുന്നെങ്കിൽ 2022ൽ 73.49 ലക്ഷം രൂപ മാത്രമാണ് ചെലവിട്ടത്. കഴിഞ്ഞ വർഷം 462 ഉരുക്കളെ വാങ്ങാൻ 1.173 കോടി രൂപ നീക്കിവെച്ചിരുന്നു. നടപ്പ് വർഷം രണ്ട് 10 പശു യൂനിറ്റുകൾ , ഒരു 20 പശു യൂനിറ്റ് എന്നിവ ജില്ലക്ക് അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

