രാഹുലിനെതിരെ നടപടിയെടുക്കാത്തതിലും എം.പിയുടെ അവഗണനയിലും പ്രതിഷേധം; പാലക്കാട് കോൺഗ്രസ് കൗൺസിലർ രാജിവെച്ചു
text_fieldsപാലക്കാട്: ഷൊർണൂർ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ സി. സന്ധ്യ രാജിവെച്ചു. അന്തിമഹാകാളൻചിറ 31ാം വാർഡിലെ കൗൺസിലറായിരുന്നു. 10 വർഷമായി യു.ഡി.എഫ് കൗൺസിലാറാണ് സന്ധ്യ. രാഹുൽ മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് നടപടി സ്വീകരിക്കാത്തതും പാലക്കാട് എം.പി വി. കെ. ശ്രീകണ്ഠന്‍റെ അവഗണനയും ചൂണ്ടിക്കാട്ടിയാണ് രാജിയെന്നാണ് വിവരം. എന്നാൽ ഇവരെ അവഗണിച്ചിട്ടില്ലെന്നും രാഹൂൽ മാങ്കൂട്ടത്തിലിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് ഒഴിവാക്കിയതാണെന്നും നഗരസഭ ആരോഗ്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാനും ഡി.സി.സി സെക്രട്ടറിയുമായ കെ. കൃഷ്ണകുമാർ പറഞ്ഞു.
അതേസമയം, നീണ്ട ഇടവേളക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു. ലൈംഗീകാരോപണം വന്ന ശേഷം സമൂഹമാധ്യമങ്ങളിൽ സജിവമായിരുന്നില്ല. കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് അതിക്രൂരമായി മര്‍ദിച്ചതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് രാഹുൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
പ്രസ്ഥാനത്തിനും നാടിനും വേണ്ടി നിരവധി യൂത്ത് കോൺഗ്രസുകാരാണ് പൊലീസിന്റെ ക്രൂര മർദനങ്ങൾക്കു ഇരയായതെന്നും അതിലെ ഏറ്റവും ക്രൂരമായ അനുഭവമാണ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിന് നേരിടേണ്ടി വന്നതെന്നും രാഹുൽ കുറിപ്പിൽ പറയുന്നു. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ദൃശ്യങ്ങൾ പുറത്ത് വന്നതെന്നും രാഹുൽ പറയുന്നു.
അടൂരിലെ വീട്ടിലാണ് നിലവിൽ രാഹുൽ ഉള്ളത്. തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ 2023 ഏപ്രിൽ അഞ്ചിന് നടന്ന സംഭവത്തിൻറെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്താണ് ക്രൂര മർദനത്തിനിരയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

