Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിലില്ല, നാടിന്റെ പൊതുസ്വത്ത്’; സൈബർ ആക്രമണങ്ങൾക്കെതിരെ പി. ജയരാജൻ

text_fields
bookmark_border
P Jayarajan
cancel
camera_alt

പി. ജയരാജൻ, മമ്മൂട്ടി

മമ്മൂട്ടിക്കും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതാക്കൾക്കും എതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണത്തിൽ ശക്തമായി പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. മലയാളത്തിന്റെ അഭിമാനമായ മഹാനടനെതിരായ ആക്രമണം അത്യന്തം അപലപനീയമാണെന്നും, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുൻപ് ഉണ്ടായ വിഷയം അന്നു തന്നെ പരിഹരിക്കപ്പെട്ടതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി റഫീഖും മമ്മൂട്ടിയും തമ്മിലുള്ളത് ആത്മബന്ധമാണെന്നും, തീർന്നുപോയ തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ നിരന്തരം വേട്ടയാടുന്നത് നിക്ഷിപ്ത താൽപര്യത്തോടെയാണെന്നും ജയരാജൻ പറഞ്ഞു. മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കുന്ന വ്യക്തിയല്ല, ഈ നാടിന്റെ തന്നെ പൊതുസ്വത്താണെന്നും അദ്ദേഹത്തെ കാണുന്നതും സൗഹൃദം പങ്കുവെക്കുന്നതും രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിൽ അളക്കരുതെന്നും പോസ്റ്റിൽ പറയുന്നു.

കുറിപ്പിന്‍റെ പൂർണരൂപം

മലയാളത്തിന്റെ അഭിമാനമായ മഹാനടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളെയും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾ അത്യന്തം അപലപനീയമാണ്.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുൻപുണ്ടായ ഒരു വിഷയം അന്നുതന്നെ പരസ്പരം സംസാരിച്ച് പൂർണ്ണമായും പരിഹരിക്കപ്പെട്ട ഒന്നാണ്. സിപിഐ(എം) വയനാട് ജില്ലാ സെക്രട്ടറി സഖാവ് റഫീഖും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും പൊതുസമൂഹത്തിന് മുന്നിലുള്ളതുമാണ്. തീർന്നുപോയ ഒരു തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി, ആ മഹാനടനെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളോടെയാണ്.

മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല; ഈ നാടിന്റെയാകെ പൊതുസ്വത്താണ്. അദ്ദേഹത്തെ കാണുന്നതും സൗഹൃദം പങ്കുവെക്കുന്നതും ഏതെങ്കിലും രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിൽ അളക്കേണ്ട ഒന്നല്ല. പുരോഗമന വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കൾ, അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് സന്ദർശിച്ചതിനെപ്പോലും വിവാദമാക്കുന്നത് സങ്കുചിത രാഷ്ട്രീയ ബോധമാണ്. ദേശീയ തലത്തിൽ ജനാധിപത്യത്തിനുവേണ്ടിയും കാവിവത്കരണത്തിനെതിരെയും പൊരുതി അംഗീകാരം നേടിയ ഡി. വൈ. എഫ്. ഐ - എസ്.എഫ്.ഐ നേതാക്കളെ കാണാൻ ആഗ്രഹിച്ചതുതന്നെ ഈ സംഘടനകൾക്കുള്ള വലിയ അംഗീകാരമാണ്.

ഇടതുപക്ഷത്തിന്റെ ലേബലിൽ നിന്നുകൊണ്ട് ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല. രാഷ്ട്രീയ ശത്രുക്കൾക്ക് അവസരമൊരുക്കാനും തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനും ചിലർ നടത്തുന്ന അജണ്ട തിരിച്ചറിയപ്പെടേണ്ടതുണ്ട്.

കലയെയും കലാകാരന്മാരെയും ചേർത്തുപിടിക്കുന്നതാണ് കമ്യൂണിസ്റ്റ് സംസ്കാരം. തെറ്റായ പ്രചാരണങ്ങളിൽ പെട്ടുപോയിട്ടുള്ളവർ അതിൽനിന്ന് പിന്തിരിയണം. മലയാളത്തിന്റെ മഹാനടനെതിരെയുള്ള അനാവശ്യമായ സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - P Jayarajan Defends Mammootty Amid Cyberattacks
Next Story