Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബശ്രീയിൽ അമിത രാഷ്ട്രീയവത്കരണം; വേർതിരിവുകൾ ബാധിക്കുന്നുവെന്ന് വിമർശം

text_fields
bookmark_border
കുടുംബശ്രീയിൽ അമിത രാഷ്ട്രീയവത്കരണം; വേർതിരിവുകൾ ബാധിക്കുന്നുവെന്ന് വിമർശം
cancel

കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന്റെയും സ്വയംപര്യാപ്തതയുടെയും മാതൃകയായി വളർന്ന കുടുംബശ്രീ അമിത രാഷ്ട്രീയവത്കരണത്തിന്റെ നിഴലിലാകുന്നതായി വിമർശം. അയൽക്കൂട്ടങ്ങളുടെ സ്വതന്ത്ര പ്രവർത്തനത്തെയും സ്ത്രീകളുടെ കൂട്ടായ്മയെയും രാഷ്ട്രീയ താൽപര്യങ്ങൾ സ്വാധീനിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. സംഘങ്ങളുടെ മേൽനോട്ടത്തിനുള്ള എ.ഡി.എസ്,സി.ഡി.എസുകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ രാഷ്ട്രീയാടിസ്ഥാനത്തിൽ വന്നതോടെ അടിമുടി രാഷ്ട്രീയം കടന്നു കൂടുകയും സംഘങ്ങളെ രാഷ്ട്രീയമായ വേർതിരിവുകൾ ബാധിക്കുകയും ചെയ്തുവെന്നാണ് വിലയിരുത്തൽ.

കുടുംബശ്രീ സംവിധാനത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ നിയമപരമായ ചട്ടക്കൂടുകളിലൂടെ നയിക്കുന്നതിനായി ആദ്യഘട്ടത്തിൽ ഗ്രാമ പഞ്ചായത്തുകളിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാരായിരുന്നു മെംബർ, സെക്രട്ടറി. സെൽഫ് ഹെൽപ് ഗ്രൂപ്പുകൾ, നയ്ബർ ഹുഡ് ഗ്രൂപ്പുകൾ എന്നിവയുടെ രൂപവത്കരണത്തിലും സംഘടനത്തിലും പരിശീലനം നേടിയിട്ടുള്ള ഇവർ എ.ഡി.എസ്, സി.ഡി.എസ് യോഗങ്ങളിലും കൃത്യമായി പങ്കെടുക്കുകയും കണക്കുകൾ പരിശോധിക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുമായിരുന്നു.

കേന്ദ്രസർക്കാർ പദ്ധതികളായിരുന്ന ഐ.ആർ.ഡി.പി, എസ്.ജി.എസ്.വൈ ഗ്രൂപ്പുകൾ സംഘടിപ്പിക്കുകയും അതിന്‍റെ ഭാഗമായി ചെറുകിട തൊഴിൽ സംരംഭങ്ങൾ ആരംഭിയ്ക്കുന്നതിന് നേതൃത്വം നൽകുവാനും പരിശീലനം ലഭ്യമായ വി.ഇ.ഒമാർ കുടുംബശ്രീയിലും നടത്തിയത് കാര്യമായ ഇടപെടലുകളാണ്.

രാഷ്ട്രീയ താല്പര്യങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് മെമ്പർ സെക്രട്ടറിമാരായി ഗ്രാമപഞ്ചായത്തുകളിലെ അസിസ്റ്റന്‍റ് സെക്രട്ടറിമാരെ നിയോഗിച്ചുള്ള മുൻ സർക്കാറിന്‍റെ ഉത്തരവാണ്. ഇതോടെ കുടുംബശ്രീയിലെ ഉദ്യോഗസ്ഥ മേൽനോട്ടത്തിന് വിരാമമായി. പഞ്ചായത്തുകളിലെ വിവിധ ഔദ്യോഗിക ഭാരങ്ങൾ കാരണം വീർപ്പുമുട്ടുന്ന ഇവർക്ക് ഈ സ്ഥാനം വെറും അലങ്കാരം മാത്രമായി മാറി. ഇപ്പോൾ കുടുംബശ്രീ സംവിധാനം ഒരു പേപ്പർ സംവിധാനമായി മാറിയിരിക്കുകയാണ്.

മൈക്രോ എന്‍റർപ്രൈസസുകൾ ആരംഭിക്കുന്നതിന് വായ്പയെടുത്ത തുകകൾ സംഘാംഗങ്ങൾ വീതിച്ചെടുത്ത് കൃത്യമായി തിരിച്ചടക്കുന്നു. സംരംഭങ്ങൾ പേപ്പറിലുണ്ട്, നാട്ടിലില്ല. എന്നാൽ തിരിച്ചടവ് കൃത്യം ആയതിനാൽ ബാങ്കുകൾക്ക് പരാതിയില്ല. അയൽ കൂട്ടങ്ങളിൽ കൃഷി സംരംഭങ്ങൾ ഇല്ല പക്ഷേ ആഴ്ച ചന്തകൾ കൃത്യമായി നടക്കുന്നു.25 ശതമാനം യൂനിറ്റുകൾ സത്യസന്ധമായി നടക്കുമ്പോൾ ഭൂരിഭാഗം യൂനിറ്റുകളും കടലാസിൽ മാത്രം ഒതുങ്ങുന്ന സ്ഥാപനങ്ങളാകുകയാണ്. കുടുംബശ്രീ ലേബൽ ഉപയോഗിച്ച് നിരവധി ഇളവുകൾ നേടുകയും ചെയ്യുകയാണ്. ഇതെല്ലാം പരിശോധിക്കാനും നിർദ്ദേശങ്ങൾ നൽകാനും നിരവധി ഉദ്യോഗസ്ഥർ ജില്ലാ സംസ്ഥാന മിഷനുകളിൽ കരാർ നിയമനങ്ങളിലും ഡെപ്യൂട്ടേഷനിലും ഉണ്ടെങ്കിലും അവർ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Over-Politicization of Kudumbashree
Next Story