കാപ്പന്റെ രാജിക്ക് പ്രതിപക്ഷ സമ്മർദം
text_fieldsകോട്ടയം: ചെക്ക് കേസിൽ മുംബൈ കോടതി ഒരു വർഷം തടവിനു ശിക്ഷിച്ച മാണി സി. കാപ്പന്റെ എം.എൽ.എ സ്ഥാനം രാജിവെപ്പിക്കാൻ പ്രതിപക്ഷ സമ്മർദം. വഞ്ചന കേസിൽ എം.എൽ.എ ശിക്ഷിക്കപ്പെടുന്നത് സംസ്ഥാനത്ത് ആദ്യമാണെന്നും അതുകൊണ്ടുതന്നെ രാജി കൂടിയേ തീരൂ എന്നുമാണ് കേരള കോൺഗ്രസ് അടക്കം പ്രതിപക്ഷത്തിന്റെ ആവശ്യം.
പാർട്ടി ചെയർമാനും നിയമസഭ തെരഞ്ഞെടുപ്പിൽ കാപ്പന്റെ എതിരാളിയുമായിരുന്ന ജോസ് കെ. മാണി പ്രത്യക്ഷത്തിൽ രംഗത്തുവന്നിട്ടില്ലെങ്കിലും യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിറിയക്ക് ചാഴികാടൻ അടക്കമുള്ളവർ കടുത്ത ഭാഷയിലാണ് കാപ്പനെതിരെ പ്രതികരിച്ചത്. കാപ്പന്റെ എൻ.ഡി.എ എതിരാളിയായിരുന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജും രാജി ആവശ്യം ഉന്നയിച്ചു ശക്തമായി രംഗത്തുവന്നവരിൽപെടും. കേരള കോൺഗ്രസ് പ്രാദേശിക നേതൃത്വവും രാജി ആവശ്യം ഉയർത്തിയിട്ടുണ്ട്. ക്രിമിനൽ കേസിൽ രണ്ടോ അതിലധികമോ വർഷം തടവിനു ശിക്ഷിക്കപ്പെട്ടാലേ നിയമപ്രകാരം അയോഗ്യത വരൂ എങ്കിലും രാഷ്ട്രീയ ധാർമികത ഉയർത്തി കാപ്പനെ സമ്മർദത്തിലാക്കാനാണ് എതിരാളികളുടെ ശ്രമം.
കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി വാഗ്ദാനം ചെയ്തു വഞ്ചിച്ചെന്നാരോപിച്ച് മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ കേസുകളിലാണ് കോടതി കാപ്പനെ ശിക്ഷിച്ചത്. ജനപ്രതിനിധിയായി തുടരാൻ കാപ്പന് അർഹതയില്ലെന്നും കോടതി ശിക്ഷിച്ച സ്ഥിതിക്ക് അദ്ദേഹം രാജിവെച്ചൊഴിയണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
ഒരു വർഷ ശിക്ഷയേ ഉള്ളൂവെന്നത് സാങ്കേതിക വാദം മാത്രമല്ല, പച്ചനുണയുമാണെന്ന് യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് സിറിയക്ക് ചാഴികാടൻ പ്രസ്താവനയിൽ പറഞ്ഞു. വഞ്ചനക്കേസ് വിധിയിൽ അപ്പീലുമായി പോയാൽ കാപ്പന്റെ തൊലി കൂടുതൽ ഉരിയുന്ന വിധി വരും. ഒരു കേസിലെയല്ല, നാലു കേസുകളുടെ വിധിയാണ് വന്നിരിക്കുന്നത്. 75 ലക്ഷം രൂപയുടെ ഒന്നാം ചെക്ക് കേസിൽ ഒരു വർഷം തടവും 1.20 കോടി നഷ്ടപരിഹാരവും ഒരു കോടിയുടെ രണ്ടാം കേസിൽ ഒരുവർഷം തടവും 1.70 കോടി നഷ്ടപരിഹാരവും ഒരു കോടിയുടെതന്നെ മൂന്നാം കേസിൽ ഒരുവർഷം തടവും 1.70 കോടി നഷ്ടപരിഹാരവും അരക്കോടി രൂപയുടെ കേസിൽ ആറുമാസം തടവും 70 ലക്ഷം നഷ്ടപരിഹാരവും എന്നതാണ് ശിക്ഷ. നഷ്ടപരിഹാരം വീഴ്ചവരുത്തിയാൽ ഒന്നും നാലും കേസുകളിൽ മൂന്നു മാസം വീതവും രണ്ടും നാലും കേസിൽ ആറു മാസം വീതവും അധികതടവും ഇതോടൊപ്പം വിധിച്ചിട്ടുണ്ട്.
ശിക്ഷകൾ വെവ്വേറെ അനുഭവിക്കണമെന്നാണ് കോടതി ഉത്തരവ്. കേസുകൾ വെവ്വേറെ പരിഗണിച്ചതായതിനാൽ ശിക്ഷകൾ ഒരുമിച്ച് ഒരു വർഷമാണെന്ന പ്രചാരണം കള്ളമാണ്. തന്റെ ഭാഗം കേൾക്കാതെയാണ് വിധിയെന്ന കാപ്പന്റെ വാദവും ശരിയല്ല. 2022 മേയ് 17 മുതൽ 2026 ജൂൺ 16 വരെ 28 ദിവസം ഈ കേസുകൾ വാദത്തിനു വെച്ചതും കാപ്പന്റെ വക്കീൽ ഹാജരായതുമാണ്. വിധിദിവസവും കോടതിയിൽനിന്ന് മുങ്ങിയതിന് അറസ്റ്റ് വാറന്റും വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

