‘കാന്തപുരത്തിന്‍റെ അഭ്യർഥനയെ വിദേശ ഭരണാധികാരികൾ വിലമതിക്കുന്നു’; നിമിഷപ്രിയ വിഷയത്തിലെ ഇടപെടലുകളെ പ്രശംസിച്ച് വി.ഡി. സതീശൻ
text_fieldsകളമശ്ശേരി: യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തുന്ന ഇടപെടലുകളെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാന്തപുരത്തിന്‍റെ സ്വാധീനവും ബന്ധവും ശബ്ദവും അഭ്യർഥനയും വിദേശരാജ്യത്തെ ഭരണാധികാരികൾ എത്രമാത്രം വിലമതിക്കുന്നു എന്നതിന്‍റെ തെളിവാണ് വധശിക്ഷ മാറ്റിവെക്കാനുള്ള തീരുമാനമെന്നും സതീശൻ പറഞ്ഞു.
കളമശ്ശേരി സംറ കൺവെൻഷൻ സെന്ററിൽ മമ്പാവുൽ ഉലൂം സംഘടിപ്പിച്ച ഗ്രാന്റ് മമ്പ ഫാമിലി കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി, മത ചിന്തകൾക്ക് അപ്പുറത്തായി ഒരു മനുഷ്യജീവനെ അവരുടെ കുടുംബത്തിന് തിരിച്ചു കിട്ടാനുള്ള ശ്രമങ്ങളാണിത്. നിമിഷപ്രിയയുടെ കാര്യത്തിൽ പോസിറ്റീവായ റിസൽട്ട് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതെല്ലാം ഈ സമൂഹത്തിന് നൽകുന്ന നല്ല സന്ദേശമുണ്ട്.
ജാതിയുടെയും മതത്തിന്‍റെയും പേരിൽ ആളുകളെ ഭിന്നിപ്പിക്കാനും ശത്രുക്കളാക്കാനും ശ്രമം നടക്കുന്നുണ്ട്. പച്ചവെള്ളത്തിൽ തീപിടിക്കുന്ന വർഗീയത കൊണ്ടുവരാൻ ചില ആളുകൾ ശ്രമിക്കുന്നു. അതിനെ നമ്മൾ ചെറുത്ത് തോൽപിക്കണം. മനുഷ്യരും കുടുംബവും സമൂഹവും സമുദായവും ഒരുമിച്ച് നിന്നുകൊണ്ട് അത്തരം ശക്തികളുടെ വാക്കുകൾക്ക് സ്വാധീനവും വിലയും ഇല്ലാതാക്കി മാറ്റണം. ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

