എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, കെ.എസ്.യു തീരുമാനിക്കേണ്ട കാര്യം അവർ തീരുമാനിക്കും ഭരണപരമായ കാര്യങ്ങൾ സർക്കാരും തീരുമാനിക്കും - മന്ത്രി റോജി എം. ജോൺ
text_fieldsതിരുവനന്തപുരം: കോൺഗ്രസിൽ എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി റോജി എം. ജോൺ. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആർക്കും കാണാം. കെ.എസ്.യു തീരുമാനിക്കേണ്ട കാര്യം അവർ തീരുമാനിക്കും. ഭരണപരമായ കാര്യങ്ങൾ സർക്കാരും തീരുമാനിക്കും. എല്ലാ കാര്യങ്ങളും കെ.എസ്.യുവിനോട് ആലോചിച്ച് തീരുമാനിക്കാൻ പറ്റുമോ എന്നും മന്ത്രി ചോദിച്ചു.
കെ-ടെറ്റ് പരീക്ഷ നടക്കുന്ന ദിവസം ശ്രീനാരായണഗുരു പരീക്ഷ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ആ വിഷയത്തിൽ സർവകലാശാലയുമായി സംസാരിക്കും. കീമിനെ സംബന്ധിച്ച് സർക്കാർ പുനരാലോചിക്കും. അലോട്ട്മെന്റിന് ശേഷവും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. അത്തരം സാഹചര്യത്തിൽ കർശന പ്രവേശന മാനദണ്ഡം വേണോ എന്ന് പരിശോധിക്കും. സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം ഒഴിവാക്കും. അടുത്ത വർഷം മുതൽ കീം മാനദണ്ഡങ്ങളിൽ മാറ്റമുണ്ടാകും. കീം കൂടുതൽ വിദ്യാർഥി സൗഹൃദമാക്കുമെന്നും റോജി എം. ജോൺ പറഞ്ഞു.
പുറത്തുനിന്നുള്ള വിദ്യാർഥികൾക്ക് ഇവിടെ അഡ്മിഷൻ എടുക്കാവുന്ന സാഹചര്യമുണ്ടാക്കും. കീമിനെ കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. ഒരു മാനേജ്മെന്റിനോടും സർക്കാരിന്റെ വിവേചനം ഇല്ലെന്നും മന്ത്രി പറഞ്ഞു. പി.എം ശ്രീ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒപ്പിട്ട കരാറാണ്. അതുമായി മുന്നോട്ട് പോകാൻ യു.ഡി.എഫിന് താത്പര്യമില്ല. എന്നാൽ, ഒരുതരത്തിലും സർക്കാരിന് ഒഴിവാകാൻ കഴിയാത്ത വിധത്തിലുള്ള നിബന്ധനകൾ ഉൾപ്പെടുത്തിയാണ് ഒപ്പിട്ടത്. ഉപസമിതി ആലോചിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും റോജി എം. ജോൺ പറഞ്ഞു.
മുഖ്യമന്ത്രിയും കെ.എസ്.യു സംസ്ഥാന അധ്യക്ഷനും ഒരേ പരിപാടിയിൽ പങ്കെടുത്തുവെങ്കിലും മുഖ്യമന്ത്രി മുഖം കൊടുത്തില്ല. കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അടുത്ത് പോയി കാണാൻ ശ്രമിച്ചെങ്കിലും മുഖം നൽകാതെ കടന്നുപോവുകയായിരുന്നു. തേവര സേക്രട്ട് ഹാർട്ട് കോളജ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലാണ് മുൻ വിദ്യാർഥികളായ ഇരുവരും പങ്കെടുത്തത്.
അതേസമയം, ഒരേ ചടങ്ങിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി ഗൗനിക്കാതെ പോയതിൽ പ്രതികരിച്ച് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. കെ.എസ്.യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്നും തെറ്റ് ചൂണ്ടിക്കാട്ടിയത് മാത്രമാണ് ചെയ്തതെന്നും അത് തെറ്റായി തോന്നുന്നില്ലെന്നും അത് ഇനിയും തുടരുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. ഞാൻ പഠിച്ച രാഷ്ട്രീയം സന്മുന്നതരെ കാണുമ്പോൾ ചിരിക്കുക എന്നുള്ളതാണ്. പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുകയാണ് ഞാൻ പഠിച്ചത്. കെ.എസ്.യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാർ. തെറ്റ് ചൂണ്ടിക്കാട്ടിയത് മാത്രമാണ് ഞാൻ ചെയ്ത തെറ്റെന്നും അത് തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

