ലോക്കറിൽനിന്ന് പിടികൂടിയ ഒരു കോടി ശിവശങ്കറിേൻറതെന്ന് ഇ.ഡി
text_fieldsകസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇ.ഡി ഉദ്യോഗസ്ഥർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കുന്നു
കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിെൻറ ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനുള്ള കൈക്കൂലിയായിരുന്നുവെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി). ശിവശങ്കറിനെ ഒരു ദിവസം കൂടി കസ്റ്റഡിയിൽ വിടണമെന്നാവശ്യപ്പെട്ടുള്ള സത്യവാങ്മൂലത്തിലും ജാമ്യാപേക്ഷയെ എതിർത്ത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരമുള്ള പ്രത്യേക കോടതി ) മുമ്പാകെ നൽകിയ റിപ്പോർട്ടിലുമാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയത്.
കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം തലവൻ ഖാലിദ് വഴി യൂനിടാക് ബിൽഡേഴ്സ് സ്വപ്നക്ക് നൽകിയ ഈ തുക ശിവശങ്കറിനുള്ള കമീഷനായിരുന്നുവെന്നാണ് ഇ.ഡി കോടതിയിൽ ബോധിപ്പിച്ചത്. ഇതുവരെ ശേഖരിച്ച വിവരങ്ങളിൽനിന്ന് കുറ്റകൃത്യത്തിെൻറ മുഖ്യസൂത്രധാരൻ ശിവശങ്കറാണെന്ന് വ്യക്തമായതായും ഇ.ഡി ചൂണ്ടിക്കാട്ടി.
യൂനിടാക് ബിൽഡേഴ്സിെൻറ സന്തോഷ് ഈപ്പനുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നു. സംസ്ഥാന സർക്കാർ പദ്ധതികളായ ലൈഫ് മിഷൻ, കെ ഫോൺ എന്നിവയിൽ യൂനിടാകിനെ പങ്കാളിയാക്കാൻ ശിവശങ്കർ താൽപര്യപ്പെട്ടിരുന്നു. കൂടാതെ, സംസ്ഥാന സർക്കാർ പദ്ധതികളുടെ രഹസ്യ വിവരങ്ങൾ സ്വപ്നക്ക് ശിവശങ്കർ കൈമാറിയിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. കൈക്കൂലി ലക്ഷ്യംവെച്ചാണ് ടെൻഡർ നടപടികളുമായി ബന്ധപ്പെട്ടതടക്കമുള്ള നിർണായക രഹസ്യ വിവരങ്ങൾ ചോർത്തിയത്. ലൈഫ് മിഷനിലെ 36 പ്രോജക്ടുകളിൽ 26 എണ്ണവും നൽകിയത് രണ്ട് കമ്പനിക്കാണെന്നും ടെൻഡർ വിവരങ്ങൾ മുൻകൂട്ടി അറിയിച്ചതിനെത്തുടർന്നാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇ.ഡി ആരോപിച്ചു.
സ്വപ്നക്കും ഖാലിദിനും പണം നൽകിയതായി ശിവശങ്കറിന് അറിയാമായിരുന്നു. ശിവശങ്കറുമായി ഏറെ അടുപ്പമുള്ള ഏതാനും പേരുടെ വിവരങ്ങൾ സ്വപ്ന സുരേഷ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായും ഇ.ഡി പറഞ്ഞു. ഇതിൽ ഒരാൾ ഡൗൺ ടൗൺ പ്രോജക്ടുമായി ബന്ധപ്പെട്ട ആളാണെന്നും ഇ.ഡി ബോധിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ ശിവശങ്കറുടെ ഇടപെടലില്ലാതെ യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി 20 തവണയോളം സ്വർണം കടത്തിക്കൊണ്ടുവരാൻ പ്രതികൾക്ക് കഴിയില്ലെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.
സ്വപ്ന നടത്തിയ കുറ്റകൃത്യങ്ങളിൽ ശിവശങ്കറിെൻറ സഹായമുണ്ട്. പണമിടപാട് സംബന്ധിച്ച് ശിവശങ്കറിന് മുഴുവൻ വിവരങ്ങളും അറിയാമായിരുന്നുവെന്ന് സ്വപ്ന സുരേഷിെൻറയും ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലിെൻറയും മൊഴികളിൽനിന്ന് വ്യക്തമാകുന്നുണ്ടെന്നും ഇ.ഡി പറഞ്ഞു. ശിവശങ്കറിനെ ഒരു ദിവസം കൂടി കസ്റ്റഡി അനുവദിച്ച കോടതി ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.