ഒല്ലൂർ മൂന്നാമതും ചുവക്കുമോ, യു.ഡി.എഫ് കാറ്റ് ഷാജിയെ സഹായിക്കുമോ, താമര വിരിയുമോ
text_fieldsഎൽ.ഡി.എഫ് സ്ഥാനാർഥി കെ. രാജൻ പ്രചാരണത്തിന്റെ ഭാഗമായി ഓട്ടോ തൊഴിലാളികളുമായി സംസാരിക്കുന്നു
ഒല്ലൂർ: ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി മൂന്ന് പ്രധാന മുന്നണി സ്ഥാനാർഥികളും കളത്തിലിറങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒരു മാസം മുമ്പുതന്നെ എല്‍.ഡി.എഫ് സ്ഥാനാർഥിയും റവന്യൂ മന്ത്രിയുമായ കെ. രാജന്‍ ഒല്ലൂരില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഉദ്ഘാടനങ്ങൾക്ക് വേണ്ടി പത്ത് ദിവസത്തിലധികം മണ്ഡലത്തിലെ മുക്കിലും മൂലയിലുമെത്തി. നിരവധി പദ്ധതികള്‍ പൂര്‍ത്തിയായത് ഉദ്ഘാടനം ചെയ്യുകയും ഫണ്ട് അനുവദിച്ചതിന് നിർമാണോദ്ഘാടനങ്ങള്‍ നടത്തുകയും ചെയ്ത് തന്റെ ജനസമ്പര്‍ക്ക പരിപാടി എറെ മുന്നോട്ട് കൊണ്ടുപോയി. സഹായത്തിനായി നല്ല മീഡിയ പ്രവര്‍ത്തകരും ചേര്‍ന്നതോടെ സമൂഹ മാധ്യമങ്ങളിലും അദ്ദേഹം ഒരുപടി മുന്നിലായിരുന്നു.
പത്ത് വര്‍ഷത്തെ പ്രവര്‍ത്തനമികവും നിലവില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും പുത്തൂർ സുവോളജിക്കല്‍ പാര്‍ക്കും എല്ലാം ഉയര്‍ത്തിപിടിക്കാവുന്ന നേട്ടങ്ങളായി കാണുമ്പോള്‍ പ്രഖ്യാപനത്തിന് മുമ്പ്തന്നെ തന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി എറെ ദൂരം മുന്നോട്ട് പോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ സംശയമില്ല. എന്നാല്‍, യു.ഡി.എഫിലെ സ്ഥാനാർഥി നിർണയത്തിന് കൂടുതല്‍ സമയം എടുത്തതും ഔദ്യോഗിക പ്രഖ്യാപനം വൈകിയതും കാരണം കോണ്‍ഗ്രസിലെ ഷാജി ജെ. കോടങ്കണ്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തില്‍ അൽപം പുറകിലായിരുന്നു എന്ന് പറയാതെ വയ്യ. എന്നാല്‍, ഷാജിക്കുള്ള സാധ്യത മനസ്സിലാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തിറങ്ങി.
കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഷാജി ജില്ലയിലെ അറിയപ്പെടുന്ന അഭിഭാഷകന്‍ കൂടിയാണ്. ഒട്ടേറെ പൊതുതാല്‍പര്യ ഹരജികളിലൂടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിലാണ് ഇദ്ദേഹം വോട്ടർമാരെ സമീപിക്കുന്നത്. ഒപ്പം കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ എല്‍.ഡി.എഫ് ഭരണപരാജയങ്ങൾ ചൂണ്ടിക്കാണിക്കാനും പാലിയേക്കര ടോൾ പ്ലാസയിലെ കൊള്ളക്കെതിരെ കോടതി ഉത്തരവിലൂടെ ഒന്നര മാസം പിരിവ് നിര്‍ത്തിവെക്കാന്‍ കഴിഞ്ഞതും ഷാജിയുടെ പ്രവര്‍ത്തന മികവായാണ് കാണുന്നത്.
വൈകിവന്നാലും സ്റ്റൈലായിതന്നെ വരുന്ന രീതിയിലാണ് ബി.ജെ.പിയിലെ ബിജോയ് തോമസ് കളത്തിലിറങ്ങിയത്. നീണ്ടകാലത്തെ രാഷ്ടീയ പാരമ്പര്യമുള്ള, ആര്‍.എസ്.എസിലൂടെ ബി.ജെ.പിയിലെത്തിയ ബിജോയ് 1989 മുതല്‍ ബി.ജെ.പി ഭരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996ല്‍ ഒല്ലൂരിലും 2001ല്‍ കുന്നകുളത്തും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പരിചയവുമാണ് കൈമുതല്‍.
തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ വിജയത്തോടെ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനങ്ങളെ സമീപിക്കാനാണ് ശ്രമിക്കുന്നത്. നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ ഒല്ലൂരിലെ ചിത്രം വ്യക്തമായിക്കഴിഞ്ഞു. ഇനി രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം മത്സരം കാഴ്ചവെക്കാവുന്ന അവസ്ഥയിലേക്കാണ് പ്രചാരണം ചൂടുപിടിക്കുന്നത്.
എല്‍.ഡി.എഫ് ഭരണനേട്ടത്തിന്റെ കണക്കുകള്‍ നിരത്തുമ്പോള്‍, യു.ഡി.എഫിനും ബി.ജെ.പിക്കും പറയാനുള്ളത് ഭരണമുരടിപ്പിന്റെയും സ്വജനപക്ഷപാതത്തിന്റെയും അഴിമതികളുടെയും കഥകളാണ്.
കേരളത്തിന്റെ ടൂറിസം മാപ്പില്‍ വലിയ അടയാളപ്പെടുത്തലായി സുവോളജിക്കല്‍ പാര്‍ക്ക് നില്‍ക്കുമ്പോള്‍, അവിടെ നിയോഗിച്ച ജോലിക്കാരുടെ കാര്യത്തില്‍ കാണിച്ച പക്ഷപാതപരമായ നടപടികളും നിർമാണത്തിലെ പാളിച്ചകളുമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുന്നത്. കഴിഞ്ഞ മാസം പൊതുജനങ്ങൾക്കായി സുവോളജിക്കല്‍ പാര്‍ക്ക് തുറന്നത് മുതല്‍ സമൂഹ മാധ്യമങ്ങളിലും ഇത് സംബന്ധിച്ച പരാതികളാണ് ഉയരുന്നത്.
ബനാന, ഹണി പാര്‍ക്കുകളുടെ കാര്യത്തിലും ഇതേ പരാതി തന്നെയാണ് ഉള്ളത്. ഇത് നിയോജക മണ്ഡലത്തിലെ വിഷയങ്ങള്‍ ആണെങ്കില്‍ എല്‍.ഡി.എഫ് സംസ്ഥാനതലത്തില്‍ നടത്തിയ അഴിമതിക്കഥകളാണ് ബി.ജെ.പിക്ക് പറയാനുള്ളത്.
വേനൽ ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടും കനക്കുകയാണ്. ഒല്ലൂരില്‍ ആര് ജയിക്കുന്നുവോ അവരുടെ മുന്നണിയാണ് സംസ്ഥാനം ഭരിക്കുകയെന്ന വിശ്വാസം നേരത്തെ മുതല്‍ ഉള്ളതാണ്.
ഇത്തവണ ഒല്ലൂരിലെ ക്രൈസ്തവരുടെ മനസ്സ് എങ്ങോട്ടാണ്, ബി.ജെ.പി വോട്ട് താമരയില്‍തന്നെ വീഴുമോ, ഒല്ലൂരിലെ അന്യം നിന്നുപോകുന്ന പരമ്പരാഗത ഓട്, പാക്കിങ് കെയ്സ് വ്യവസായികളും തൊഴിലാളികളും ആരെ തുണക്കും, സുവോളജിക്കല്‍ പാര്‍ക്കിന്റെ വികസനസാധ്യത വോട്ടാകുമോ, അതോ സുവോളജിക്കല്‍ പാർക്കിനെതിരായ പ്രചാരണങ്ങളില്‍ വോട്ടർമാര്‍ വീഴുമോ... എല്ലാം കാത്തിരുന്ന് കാണണം.
കെ. രാജന്‍ (എല്‍.ഡി.എഫ്)
പത്ത് വര്‍ഷമായി ഒല്ലൂരിനെ പ്രതിനിധീകരിച്ച് എം.എല്‍.എ. ആദ്യത്തെ പിണറായി മന്ത്രിസഭയിൽ ചിഫ് വിപ്. കഴിഞ്ഞ അഞ്ച് വര്‍ഷം എല്‍.ഡി.എഫ് മന്ത്രിസഭയിലെ രണ്ടാമനായി റവന്യു-ഭവനനിര്‍മാണ വകുപ്പ് മന്ത്രി. 1973ലാണ് ജനനം. തൃശൂര്‍ കേരളവര്‍മ കോളജിലും കേരള ലോ അക്കാദമിയിലും വിദ്യാഭ്യാസത്തിന് ശേഷം അഭിഭാഷകനായി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പിന്നീട് മുഴുസമയ രാഷ്ടീയ പ്രവര്‍ത്തകനായി. കോളജ് രാഷ്ടീയത്തിലൂടെയാണ് സജീവ രാഷ്ടീയത്തില്‍ എത്തിയത്.
ഷാജി ജെ. കോടങ്കണ്ടത്ത് (യു.ഡി.എഫ്)
തൃശൂരിലെ അറിയപ്പെടുന്ന അഭിഭാഷകൻ. 26 വര്‍ഷമായി സിവില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നു. തൃശൂര്‍ മണലൂര്‍ സ്വദേശി. എനാമാവ് സെന്റ് തോമസ് സ്കൂളിലും തൃശൂര്‍ സെന്റ് തോമസ് കോളജിലും തുടര്‍ന്ന് കേരള ലോ അക്കാദമിയിലും പഠനം. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളിലുടെ രാഷ്ടീയ രംഗത്ത് സജീവമായി. നിരവധി പൊതുതാല്‍പര്യ ഹരജികളിലൂടെ അനുകൂല വിധി സമ്പാദിക്കാനായി.
ബിജോയ് തോമസ് (എന്‍.ഡി.എ)
1989ല്‍ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി അംഗമായി സജീവ രാഷ്ടീയത്തിലിറങ്ങി. 2005ല്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി. 1996ല്‍ നിയമസഭയിലേക്ക് ഒല്ലൂരില്‍നിന്ന് മത്സരിച്ചു. 2001ല്‍ കുന്നംകുളത്ത് നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. ജില്ല പഞ്ചായത്തിലേക്കും മത്സരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

