ഇനി പ്രതിപക്ഷ ക്യാപ്റ്റൻ
text_fieldsകണ്ണൂർ: ധർമടത്ത് മൂന്നാമൂഴത്തിൽ കരകയറിയെങ്കിലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞപ്പോൾ കേട്ട ചോദ്യമാണ് പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ എന്ന്. സംസ്ഥാനത്ത് സി.പി.എമ്മും മുന്നണിയും കനത്ത പരാജയം ഏറ്റുവാങ്ങിയതിൽ ഏറ്റവും പഴി കേട്ടതും മുഖ്യമന്ത്രി പദവിയിലിരുന്ന പിണറായിക്കാണ്. മുനവെച്ച പ്രയോഗങ്ങളുമായി പാർട്ടിയിലും മുന്നണിയിലും വിമർശനമുണ്ടായി. ക
ണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പോലും പിണറായിക്കെതിരെ ബാനറുകൾ ഉയർന്നു. സമൂഹമാധ്യമങ്ങളിൽ വിമർശന പെരുമഴയായി. കണ്ണൂരിന് അധികമാർക്കും പരിചയമില്ലാത്ത വി.പി. അബ്ദുൽ റഷീദ് എന്ന യു.ഡി.എഫ് സ്ഥാനാർഥി കാരണം കഴിഞ്ഞതവണ ലഭിച്ച അര ലക്ഷത്തിൽപരം ഭൂരിപക്ഷം ഇരുപതിനായിരത്തിൽ താഴെയായി.
ധർമടത്തെ ഷോക്കിൽ മൂന്നാം ദിവസമാണ് പിണറായി ഭരണമാറ്റത്തെ കുറിച്ച് എന്തെങ്കിലും ഒന്ന് പ്രതികരിച്ചതുതന്നെ. ഈ സാഹചര്യം മുൻനിർത്തിയാണ് പ്രതിപക്ഷ ക്യാപ്റ്റന്റെ റോൾ ഏറ്റെടുക്കില്ലെന്ന് പലരും കണക്കുകൂട്ടിയത്. കഴിഞ്ഞ അഞ്ചു വർഷം പ്രതിപക്ഷ ബെഞ്ചിലിരുന്ന് വെല്ലുവിളിച്ച വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ദിവസം തന്നെ ആ പ്രഖ്യാപനം വന്നത് യാദൃച്ഛികം.
നീണ്ട 17 വർഷം സി.പി.എം സംസ്ഥാന സെക്രട്ടറി പദം അലങ്കരിച്ച കരുത്തുമായാണ് 2016ൽ ധർമടത്തുനിന്ന് ജയിച്ച് പിണറായി മുഖ്യമന്ത്രി കസേരയിലെത്തിയത്. 2021ൽ വീണ്ടും ജയിച്ച് നീണ്ട 10 വർഷം കേരളം ഭരിച്ച ശേഷമാണ് പ്രതിപക്ഷ നിര നയിക്കാൻ എത്തുന്നത്. തലമുറമാറ്റം വേണ്ടെന്നും പരിചയവും കരുത്തും കണക്കിലെടുത്ത് പ്രതിപക്ഷ നേതാവിന്റെ റോളിൽ തിളങ്ങാൻ ഏറ്റവും യോഗ്യൻ പിണറായി തന്നെയെന്ന് പാർട്ടി വിലയിരുത്തി. തലമുറമാറ്റം നല്ലതെങ്കിലും ഈ വേളയിൽ മറിച്ചൊരു തീരുമാനമുണ്ടായാൽ ഒതുക്കിയെന്ന വിലയിരുത്തലിന് കാരണമാകുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക് കടന്ന് 24ാം വയസ്സിൽ സി.പി.എം ജില്ല കമ്മിറ്റിയിലെത്തിയ ആളാണ് പിണറായി. 26ാം വയസ്സിൽ എം.എൽ.എയായി. കൂത്തുപറമ്പിൽ 1970ലായിരുന്നു പിണറായിയുടെ കന്നിയങ്കം. തായത്ത് രാഘവനോട് 743 വോട്ടിനായിരുന്നു വിജയം. 1977ലും 1991ലും കൂത്തുപറമ്പിൽനിന്ന് വീണ്ടും ജയം. 1996ൽ പയ്യന്നൂരിൽനിന്ന് വൻ ഭൂരിപക്ഷത്തിൽ നാലാം ജയം. അന്നത്തെ ഇ.കെ. നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി. 1998ൽ ചടയൻ ഗോവിന്ദന്റെ മരണത്തെ തുടർന്ന് മന്ത്രിസ്ഥാനം വിട്ട് പാർട്ടി സെക്രട്ടറിയായി. 1998 സെപ്റ്റംബർ മുതൽ 2015 മാർച്ച് ഒന്ന് വരെ 17 വർഷത്തോളം സി.പി.എം സംസ്ഥാന സെക്രട്ടറിയായി. മുഖ്യമന്ത്രിയെന്ന നിലക്കാണ് ഇദ്ദേഹത്തിന് ഏറ്റവും വലിയ പഴികേട്ടതെങ്കിൽ പ്രതിപക്ഷ നേതാവ് എന്നനിലക്ക് അങ്ങനെ ആവില്ലെന്നാണ് വിലയിരുത്തൽ. പാർട്ടിക്കകത്തും പുറത്തുമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട നിർണായക വേളയിൽ സമരമുൾപ്പെടെ നയിക്കേണ്ട പ്രതിപക്ഷ നേതാവ് പദവി എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കാത്തിരുന്ന് കാണണം.-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

