സുന്നി ഐക്യത്തിന് എതിരല്ല -കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ
text_fieldsമലപ്പുറം: ബിദ്ഇകളുമായി ചേർന്ന് ഐക്യം സാധ്യമല്ലെന്നും എന്നാൽ സുന്നി ഐക്യത്തിന് എതിരല്ലെന്നും സമസ്ത എ.പി വിഭാഗം ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ. കോട്ടക്കലിൽ നടന്ന സമസ്ത നൂറാം വാർഷിക വിളംബര യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയിൽനിന്ന് പോയവർ തിരിച്ചുവരണമെന്ന് കാസർകോട് കുണിയയിൽ നടന്ന സമസ്ത ഇ.കെ വിഭാഗം നൂറാം വാർഷിക സമ്മേളനത്തിൽ പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് സുന്നിഐക്യം വീണ്ടും ചർച്ചയായത്. വിഷയത്തിൽ കാന്തപുരം വിഭാഗത്തിന്‍റെ നിലപാട് എന്താകുമെന്ന് ഉറ്റുനോക്കിയ സന്ദർഭത്തിലാണ് കാന്തപുരം വിഭാഗം തങ്ങളുടെ നയം വ്യക്തമാക്കിയത്.
ഈ ചെറിയ വിളംബര യോഗത്തിന് ഇത്രയും ആളുകൾ ഇവിടെ ഒരുമിച്ച് കൂടിയതിന്‍റെ പ്രധാന ലക്ഷ്യം ഐക്യം എന്ന ഒരു വാക്കിന് മറുപടി എന്താണെന്ന് കേൾക്കാനാണെന്ന് കാന്തപുരം പറഞ്ഞു. ഇവിടെ അസ്‍ലുസുന്നത്തി വൽ ജമാഅത്തിന്‍റെ ഇടയിൽ കക്ഷിത്വവും ഭിന്നിപ്പുകളും ഉണ്ടായത് പണ്ടൊരിക്കൽ ഐക്യസംഘം എന്നാരു സംഘവുമായി ഇവിടുത്തെ ബിദ്ഇ പ്രസ്ഥാനക്കാർ വന്നപ്പോഴാണ്. അങ്ങനെയുള്ള ഐക്യമല്ല നമുക്ക് വേണ്ടത്. അത് ശനിയാഴ്ച രാവിലെ മുശാവറ ചേർന്ന് തീരുമാനിച്ചിട്ടുണ്ട്. ഐക്യത്തിന് നമ്മൊളൊരിക്കലും എതിരല്ല. പക്ഷേ ഐക്യമുള്ളപ്പോൾ തന്നെ ഐക്യസംഘം രൂപവത്കരിച്ച് അനൈക്യമുണ്ടാക്കുകയാണ് ആ കാലഘട്ടത്തിൽ ചെയ്തതെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനം മലപ്പുറത്ത് നടക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ അറിയിച്ചു. ‘സമസ്ത: 100 പ്രകാശവർഷങ്ങൾ’ പ്രമേയത്തിൽ 2027 ജനുവരി 28, 29, 30, 31 തീയതികളിലാണ് സമ്മേളനം നടക്കുക.
പരിപാടിയിൽ ഐക്യവുമായി ബന്ധപ്പെട്ട പ്രമേയം സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി അവതരിപ്പിച്ചു. രണ്ടു സമസ്തകള്‍ക്കിടയിലെ ഐക്യ ചര്‍ച്ചകള്‍ക്ക് നേരത്തെ തന്നെ രണ്ട് മുശാവറകളും അംഗീകാരം നല്‍കിയതും പല തവണ ഒരുമിച്ചിരുന്നതുമാണെന്നും അതിന്റെ നിര്‍മാണാത്മക ഫലങ്ങള്‍ കേരളം അനുഭവിക്കുന്നുണ്ടെന്നും പ്രമേയത്തിൽ പറഞ്ഞു. വിശ്വാസപരവും കർമപരവുമായ ആദര്‍ശങ്ങളിലൂന്നി, സമസ്തയുടെ സ്ഥാപിത ലക്ഷ്യത്തില്‍ യോജിച്ച് സൗഹൃദവും ഐക്യവും സാധ്യമാകണമെന്നാണ് നമ്മുടെ താൽപര്യം. അത്തരം ചര്‍ച്ചകള്‍ക്ക് ഇനിയും ഞങ്ങള്‍ സന്നദ്ധവുമാണ്. ക്രിയാത്മകമായ ഈ ചര്‍ച്ചകളെയും ശ്രമങ്ങളെയും മാന്യമായും ബഹുമാനത്തോടെയുമാണ് നമ്മള്‍ സമീപിക്കേണ്ടത്. വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഇതിന് വിഘാതമാകുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കണം. പലതരം വികല ആശയങ്ങള്‍ അധീശത്വം നേടുന്ന കാലത്ത് വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും ബലത്തില്‍ ഒരുമിച്ച് നിന്ന് സ്‌നേഹത്തിന്റെ ലോകം പണിതുയര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടാകണമെന്നും പ്രമേയത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

