പക്ഷിപ്പനിയെ ഒന്നും പേടിയില്ല; പുതുവത്സരത്തിന് മലയാളികൾ കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി
text_fieldsതിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ മലയാളികള്‍ കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചിയെന്ന് കണക്ക്. ഇത്തവണ കോഴിയിറച്ചിക്ക് വില കൂടുതലായിരുന്നുവെങ്കിലും ഇതൊന്നും ആവശ്യക്കാരെ ബാധിച്ചതായി കാണുന്നില്ല. മാത്രമല്ല, മധ്യകേരളത്തിലെ ചില ജില്ലകളിൽ പക്ഷിപ്പനി ജാഗ്രതയും പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതൊന്നും മലയാളിയുടെ ന്യൂ ഇയർ ആഘോഷത്തെയോ കോഴിയിറച്ചി ഉപഭോഗത്തെയോ ബാധിച്ചിട്ടില്ല.
കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് തൊട്ടു മുൻപ് പക്ഷിപ്പനി പടർന്നുപിടിച്ചത് കോഴികർഷകരിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ആലപ്പുഴയിലെ ചില പഞ്ചായത്തുകളില്‍ കോഴിയിറച്ചി വില്‍പ്പനക്ക് നിരോധനവും ഏർപ്പെടുത്തിയിരുന്നു. എങ്കിലും ഈ വര്‍ഷവും കച്ചവടത്തിന് കുറവൊന്നും ഉണ്ടായില്ല.
എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കോഴിയിറച്ചി വിൽപന നടന്നത്. മൂന്നര ലക്ഷം കിലോ വീതം ഓരോ ജില്ലയിലും കച്ചവടം നടന്നു. 3.15 ലക്ഷം കിലോയുടെ വില്‍പന നടന്ന തൃശൂരും കണ്ണൂരും രണ്ടാം സ്ഥാനത്തുണ്ട്. വയനാട്ടിലായിരുന്നു ഏറ്റവും കുറവ് വിൽപന നടന്നത്. 84,000 കിലോ കോഴിയിറച്ചിയാണ് ഇവിടെ വിറ്റത്.
ഡിസംബര്‍ 31 ന് 9.04 ലക്ഷം രൂപയുടെ കോഴിയിറച്ചി അധികം വിറ്റുവെന്ന് കണക്കുകൾ കാണിക്കുന്നു. സംസ്ഥാനത്ത് ഒരു സാധാരണ ദിവസം വീടുകളിലേക്കും ഭക്ഷണശാലകളിലേക്കുമായി ശരാശരി 22.6 ലക്ഷം കിലോ കോഴിയിറച്ചിയാണ് വേണ്ടിവന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ആഘോഷങ്ങളില്‍ വിറ്റിരുന്ന കോഴിയിറച്ചി പരമാവധി 22 ലക്ഷമായിരുന്നു. ആഘോഷ ദിവസങ്ങളില്‍ വിൽപനയില്‍ സാധാരണയായി 40 ശതമാനത്തിന്റെ വര്‍ധനവുണ്ടാകാറുണ്ട്.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഭക്ഷണമായ ബിരിയാണിയും അല്‍ഫാമും മന്തിയും എന്നിങ്ങനെയുള്ള കോഴിവിഭവങ്ങൾക്കെല്ലാം കോഴിയിറച്ചി ഇല്ലാതെ കഴിയില്ല. ആവശ്യം കൂടി വരുന്ന സാഹചര്യത്തില്‍ കോഴിയിറച്ചിയുടെ വില ഇനിയും ഉയരുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

