ഡബ്ബിങ്ങോ കൃത്രിമമോ നടന്നിട്ടില്ല, ശബ്ദരേഖയിലെ ഓഡിയോ രാഹുലിന്‍റേത് തന്നെയെന്ന് സ്ഥിരീകരണം
text_fieldsതിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതി സമർപ്പിച്ച ശബ്ദരേഖയിലുള്ളത് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ തന്നെ സംഭാഷണമെന്ന് പ്രാഥമിക പരിശോധന റിപ്പോർട്ട്. ശബ്ദരേഖയിൽ കൃത്രിമം നടന്നിട്ടില്ലെന്നാണ് കണ്ടെത്തൽ. ഡബ്ബിങ്, എ.ഐ സാധ്യതകളെ പൂർണമായും തള്ളിയാണ് പരിശോധന ഫലം വന്നിട്ടുള്ളത്. പരിശോധനക്കായി രാഹുലിന്‍റെ ശബ്ദം ശേഖരിച്ചത് പബ്ലിക് ഡൊമൈനിൽ നിന്നാണ്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയത് അതിവിദഗ്ധമായാണെന്നാണ് വിവരം. ഫ്ലാറ്റിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. സി.സി.ടി.വി ഉള്ള റോഡുകൾ പരമാവധി ഒഴിവാക്കിയാണ് എംഎൽ.എ യാത്ര ചെയ്തിട്ടുള്ളത്. സ്പെഷ്യൽ ബ്രാഞ്ച് സി.സിടിവി പരിശോധന നടത്തിയെങ്കിലും പൊലീസിനെ കുഴക്കുന്ന രീതിയിൽ കാർ മാത്രം പല റൂട്ടുകളിലൂടെ സഞ്ചരിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. ഇന്നും സി.സി.ടി.വി കേന്ദ്രീകരിച്ച് പരിശോധന തുടരാനാണ് പൊലീസിന്‍റെ തീരുമാനം.
യുവതിയും രാഹുലും എത്തിയിട്ടുള്ള സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമവും തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കുമ്പോൾ അതിനെ ശക്തമായി എതിർക്കാനാണ് പൊലീസ് തീരുമാനം. യുവതിക്കെതിരെ രാഹുലും കോടതിയിൽ ചില തെളിവുകൾ കൈമാറിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ തനിക്കെതിരെ കേസെടുത്താൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സന്ദീപ് വാര്യർ പറഞ്ഞു. യുവതിയുടെ പേര് ആദ്യം വെളിപ്പെടുത്തിയത് ഡി.വൈ.എഫ്.ഐ നേതാവാണ്. തനിക്ക് എതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു.
അതേസമയം, അതിജീവിതയെ അപമാനിച്ചെന്ന കേസിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. പരാതിക്കാരിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന കേസിലാണ് പ്രത്യേക അന്വേഷണ സംഘം സന്ദീപിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്ദീപ് വാര്യർക്ക് എസ്.ഐ.ടി നിർദേശം നൽകുമെന്നാണ് വിവരം. പാലക്കാട് തുടരുന്ന അന്വേഷണ സംഘമായിരിക്കും സന്ദീപിനെ ചോദ്യം ചെയ്യുക.
അതിജീവിതയുടെ വിവരങ്ങൾ മനപൂർവ്വം എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നും ഒരു വർഷം മുൻപ് പങ്കെടുത്ത കല്യാണത്തിന്റെ ഫോട്ടോ അന്ന് ഫേസ്ബുക്കിൽ പങ്ക് വെച്ചത് പലരും ദുരുപയോഗം ചെയ്യുകയായിരുന്നു എന്നുമാണ് സന്ദീപിന്‍റെ വാദം. അത് പലരും ദുരുപയോഗം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടതോടെ ഫോട്ടോ ഡിലീറ്റ് ചെയ്തു. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
അതിജീവിതയെ സൈബർ ഇടത്തിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. തിരുവനന്തപുരം എ.ആർ. ക്യാമ്പിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് തിരുവനന്തപുരം സൈബർ പൊലീസ് രാഹുലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബി.എൻ.എസ് പ്രകാരം ജാമ്യമില്ലാ വകുപ്പ് കൂടി രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. സ്ത്രീക്കെതിരെ ലൈംഗികച്ചുവയോടും അധിക്ഷേപത്തോടെയുമുള്ള പരാമർശം നടത്തിയെന്നാണ് പുതുതായി ചുമത്തിയ കുറ്റം. രാത്രി തന്നെ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം രാഹുലിനെ സൈബർ പൊലീസ് സ്റ്റേഷനിൽ താമസിപ്പിക്കുകയായിരുന്നു.
യുവതി നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വൈകിട്ട് സൈബർ പൊലീസ് പൗഡിക്കോണത്തെ വീട്ടിലെത്തി നോട്ടീസ് നൽകിയിരുന്നു. ഇതുപ്രകാരം സ്വന്തം വാഹനത്തിൽ ഭാര്യക്കൊപ്പമാണ് രാഹുൽ എ.ആർ. ക്യാമ്പിലെത്തിയത്. തുടർന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാഹുലിന്‍റെ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യൂട്യൂബ് ചാനലിൽ വിഡിയോ പോസ്റ്റ് ചെയ്ത ലാപ്ടോപ് പൊലീസ് ആവശ്യപ്പെട്ടെങ്കിലും തന്‍റെ കൈവശമില്ലെന്നും ഓഫിസിലാണെന്നും രാഹുൽ മറുപടി നൽകി. ചാനൽ ചർച്ചകൾ വഴി പരാതിക്കാരിയായ യുവതിയെ അപമാനിക്കുന്ന തരത്തിൽ പരാമർശനങ്ങൾ നടത്തുകയും യൂട്യൂബ് ചാനലിൽ വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തെന്നാണ് രാഹുൽ ഈശ്വറിനെതിരായ ആക്ഷേപം.
അതേസമയം, ലൈംഗിക പീഡനക്കേസിൽ കേസെടുത്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ പാലക്കാട്ടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തി. പരാതിക്കാരിയായ യുവതി ഫ്ലാറ്റിലെത്തിയ ദിവസങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്താൻ വേണ്ടിയാണ് പ്രത്യേക അന്വേഷണ സംഘം സെക്യൂരിറ്റി റൂമിൽ പരിശോധന നടത്തിയത്. എന്നാൽ, അന്വേഷണ സംഘത്തിന്‍റെ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട സി.സി.ടിവി ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് വിവരം.
അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, രാഹുല്‍ ഈശ്വര്‍ എന്നിവരെ ഉൾപ്പെടെ പ്രതി ചേർത്താണ് പൊലീസ് കേസെടുത്തത്. മഹിള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. അഡ്വ. ദീപ ജോസഫ്, ദീപ ജോസഫ് (ഫേസ്ബുക്ക് അക്കൗണ്ട്) എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. സന്ദീപ് വാര്യര്‍ നാലാം പ്രതിയും രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയുമാണ്. ഇതിൽ രാഹുല്‍ ഈശ്വറിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

