നിമിഷപ്രിയയുടെ മോചനം: കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ മധ്യസ്ഥ ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്‍റെ സഹോദരൻ
text_fieldsകോഴിക്കോട്: യമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിൽ മധ്യസ്ഥ ചർച്ചകൾക്ക് തയാറല്ലെന്ന് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ. ഫേസ്ബുക്കിൽ ഇട്ട കുറിപ്പിൽ കാന്തപുരം അബുബക്കർ മുസ്ലിയാരുടെ മധ്യസ്ഥ ചർച്ചകളും അദ്ദേഹം തള്ളി. കാന്തപുരം അബൂബക്കര്‍ മുസ്‍ലിയാരോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ചർച്ച ചെയ്തിട്ടില്ലെന്ന് സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ അറിയിച്ചു.
മധ്യസ്ഥ ചർച്ചകൾക്ക് തങ്ങൾ തയാറല്ല. ഇസ്‍ലാം സത്യത്തിന്റെ മതമാണ്. കളവ് പ്രചരിപ്പിക്കരുതെന്നും ഫത്താഹ് ആവശ്യപ്പെട്ടു. മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കില്ലെന്നും നീതി മാത്രമാണ് ആവശ്യമെന്നും ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു.
അതിനിടെ, നിമിഷപ്രിയയുടെ ശിക്ഷാ ഇളവില്‍ പലരും ക്രെഡിറ്റ് സമ്പാദിക്കാന്‍ ശ്രമം നടത്തിയെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഞങ്ങള്‍ക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല. കടമ മാത്രമാണ് നിര്‍വഹിച്ചത്. ഇളവിനായി മതത്തിന്റേയും രാജ്യത്തിന്റേയും സാധ്യതകൾ ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും കാന്തപുരം പറഞ്ഞിരുന്നു.
പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിയായ നിമിഷ പ്രിയ, യെമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ കഴിയുന്നത്. നിമിഷ പ്രിയ യെമനിൽ ജോലി ചെയ്യവെ 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമൻ പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു. വിചാരണക്ക് ശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തേ അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

