'കാലി' ലോക്കറിൽനിന്ന് എൻ.െഎ.എ പിടിച്ചത് 64 ലക്ഷം
text_fieldsകൊച്ചി: ചാർട്ടേഡ് അക്കൗണ്ട് പി. വേണുഗോപാൽ പണമൊന്നും ഇല്ലെന്നുകണ്ട് േക്ലാസ് ചെയ്യാൻ സ്വപ്നയോട് ആവശ്യപ്പെട്ട ജോയൻറ് ലോക്കറിൽനിന്ന് പിന്നീട് എൻ.ഐ.എ പിടിച്ചെടുത്തത് 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വർണവും. ഇ.ഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എം. ശിവശങ്കർ പരിചയപ്പെടുത്തിയത് അനുസരിച്ചാണ് സ്വപ്നക്ക് താൻകൂടി ചേർന്ന് ജോയൻറ് ലോക്കർ എസ്.ബി.ഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിൽ തുറന്നെതന്ന് വേണുഗോപാൽ മൊഴി നൽകിയിരുന്നു.
ലോക്കർ തുറക്കുന്നതിന് തലേ ദിവസം വേണുഗോപാലിെൻറ വീട്ടിൽ സ്വപ്ന 30 ലക്ഷം അതിൽ സൂക്ഷിക്കാൻ കൈമാറി. പിന്നീട് മൂന്നുനാല് പ്രാവശ്യം പണമെടുത്ത് സ്വപ്നക്ക് കൈമാറി. ലോക്കർ കാലിയായപ്പോൾ അത് േക്ലാസ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അതിൽ കുറച്ച് സ്വർണം സൂക്ഷിക്കാമെന്നായി സ്വപ്ന.
തുടർന്ന് താക്കോൽ കൈമാറിയെന്നും വേണുഗോപാൽ ഇ.ഡിക്ക് മൊഴി നൽകി. ഇതേ ലോക്കറിൽനിന്നാണ് സ്വർണക്കടത്ത് പിടിക്കപ്പെട്ടശേഷം എൻ.ഐ.എ നടത്തിയ അന്വേഷണത്തിൽ വൻതുകയും സ്വർണവും പിടിച്ചെടുത്തത്.