കൊല്ലത്തെ ദേശീയപാത ദുരന്തം: വിദഗ്ധ സംഘം അന്വേഷിക്കും; കരാർ കമ്പനിക്ക് താൽകാലിക വിലക്ക്
text_fieldsകൊല്ലം കൊട്ടിയത്ത് തകർന്ന ദേശീയ പാത
കൊല്ലം: ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അഗാധ ഗർത്തമുണ്ടാവുകയും സർവിസ് റോഡ് തകരുകയും ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് വിദഗ്ധ സംഘമെത്തുന്നു. നാഷണൽ ഹൈവേ അതോറിറ്റിയുടെ (എൻ.എച്ച്.എ) വിദഗ്ധ സംഘം ഞായറാഴ്ച രാവിലെ സ്ഥലം സന്ദർശിക്കും. നിലവിൽ എൻ.എച്ച്.എയുടെ ഒരു സംഘം ശനിയാഴ്ച മുതൽതന്നെ പരിശോധന ആരംഭിക്കുകയും അടിയന്തിരമായി സ്ഥലത്തെ മണ്ണ് നീക്കം ചെയ്യുന്നതിനടക്കം മേൽനോട്ടം വഹിക്കുകയും ചെയ്യുന്നുണ്ട്.
പരിശോധന റിപ്പോർട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് കൈമാറും. കരാർ കമ്പനിയോട് എൻ.എച്ച്.എ റിപ്പോർട്ട് ആവശ്യപെട്ടിട്ടുണ്ട്. അവരെ താല്ക്കാലികമായി വിലക്കാനും തീരുമാനിച്ചിട്ടുണ്ട്. ദേശീയ പാത അതോറിറ്റിയെ കൂടാതെ സംസ്ഥാന പി.ഡബ്ല്യു.ഡി വകുപ്പിന്റെയും ജിയോളജി വകുപ്പിന്റെയും ഗ്രൗണ്ട് വാട്ടർ അതോറിറ്റി വകുപ്പിന്റെയും സംയുക്ത സംഘവും പരിശോധന ആരംഭിച്ചു. ഇവരുടെ പരിശോധന റിപ്പോർട്ടും ദേശീയ പാത അതോറിറ്റിക്ക് കൈമാറും.
കഴിഞ്ഞദിവസം അപകടം നടന്ന ദേശീയപാതയിലെ കൊട്ടിയം മൈലക്കാട് കൂടാതെ ജില്ലയിൽ നാലിടത്തുകൂടി സമാന സ്വഭാവത്തിലുള്ള അപകടത്തിന് സാധ്യത ഉണ്ടെന്ന ജനപ്രതിനിധികളുടെ പരാതിയിൽ മേവറം, കടവൂർ ഉൾപെടെ നാലിടത്തും വിദഗ്ധ സംഘം പരിശോധിക്കും. അപകടം നടന്ന ഗതാഗതം നിലച്ച ഭാഗത്തെ സർവിസ് റോഡിന്റെ പുനർനിർമാണം യുദ്ധകാല അടിസ്ഥാനത്തിൽ ആരംഭിച്ചു. തിങ്കളാഴ്ചയോടെ ഈ വഴിയിൽ ഗതാഗതം പുനഃരാരംഭിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.
കരാർ കമ്പനിക്ക് താൽക്കാലിക വിലക്ക്
ന്യൂഡൽഹി: കൊട്ടിയത്ത് ദേശീയപാത 66 സംരക്ഷണഭിത്തി തകർന്ന സംഭവത്തിൽ കരാർ കമ്പനിക്കെതിരെ നടപടിയുമായി ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ). ഒരു മാസത്തേക്ക് കമ്പനിയെ കരാർ നടപടികളിൽനിന്ന് വിലക്കി. കാരണം കാണിക്കൽ നോട്ടീസിന് മറുപടി ലഭിക്കുന്ന മുറക്ക് മൂന്നുവർഷം വരെ വിലക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എൻ.എച്ച്.എ.ഐ വ്യക്തമാക്കി.
കരാർ കമ്പനിയുടെ പ്രോജക്ട് മാനേജരെയും റസിഡൻറ് എൻജിനീയറെയും മാറ്റിയതായും വിദഗ്ധസമിതി സ്ഥലം സന്ദർശിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളുണ്ടാകുമെന്നും എൻ.എച്ച്.എ.ഐ വ്യക്തമാക്കി. ഐ.ഐ.ടി-കാൺപൂരിലെ ഡോ. ജിമ്മി തോമസ്, ഐ.ഐ.ടി-പാലക്കാട് സിവിൽ എൻജിനീയറിങ് മേധാവി ഡോ. സുധീഷ് ടി.കെ. എന്നിവർ എൻ.എച്ച്.എ.ഐ അംഗത്തോടൊപ്പം സ്ഥലം സന്ദർശിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

