നവകേരള സർവേ; സർക്കാറിന് റെഡ് കാർഡ്, പ്രതിപക്ഷത്തിന് സ്കോർ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുകയാണ് നവകേരള സർവേ തടഞ്ഞുള്ള കോടതി വിധി. സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് ഒരുക്കത്തിലെ ആദ്യ കാലിടറലാണ് ഇതെങ്കിൽ പ്രതിപക്ഷത്തിന് ശക്തമായ ഒരായുധം നൽകുകയും ചെയ്യുന്നു. ഭരണയന്ത്രത്തെ പാർട്ടി താൽപര്യങ്ങൾക്ക് ഉപയോഗിക്കാനുള്ള നീക്കത്തിന് കോടതി കടിഞ്ഞാണിട്ടത് സർക്കാറിനും സി.പി.എമ്മിനും കടുത്ത രാഷ്ട്രീയ പ്രഹരമാണ്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയുടെ പ്രകടനപത്രിക തയാറാക്കാനുള്ള രഹസ്യ അജണ്ടയാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, ബജറ്റ് വിഹിതമില്ലാതെ 20 കോടി രൂപ ഇത്തരം പദ്ധതിക്ക് വകമാറ്റിയത് ഭരണപരമായ കെടുകാര്യസ്ഥത എന്നതായിരുന്നു മറ്റൊരു വിമർശനം. ഭരണതുടർച്ച എന്ന അപൂർവ നേട്ടം കൈവരിച്ചതിന്‍റെ ആത്മവിശ്വാസത്തിൽ, മൂന്നാമതും തുടർച്ച ലക്ഷ്യമിട്ട് എൽ.ഡി.എഫും സി.പി.എമ്മും തയാറാക്കിയ വലിയ രാഷ്ട്രീയ തന്ത്രമായിരുന്നു സംസ്ഥാനത്തെ ഏകദേശം 80 ലക്ഷം വീടുകളിൽ നേരിട്ടെത്തി നടത്തുന്ന നവകേരള സർവേ. ഭരണനേട്ടം ജനങ്ങളിലെത്തിക്കുന്നതിനും ഭാവി പദ്ധതികൾക്ക് അഭിപ്രായം തേടുന്നതിനുമായി വിഭാവനം ചെയ്തതായിരുന്നു പദ്ധതി.
തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിന് നേരിടേണ്ടി വന്ന തിരിച്ചടികൾക്ക് ശേഷം ജനവികാരം അളക്കുന്നതിനും സർക്കാറിന്റെ ക്ഷേമ പദ്ധതികളോടുള്ള ജനങ്ങളുടെ പ്രതികരണം നേരിട്ട് അറിയുന്നതിനും പദ്ധതി ഉപയോഗിക്കാനായിരുന്നു പാർട്ടി നീക്കം. നവകേരള സർവേയിലെ ഏറ്റവും വലിയ വിവാദം വളണ്ടിയർ നിയമനമായിരുന്നു. സർക്കാർ ‘സോഷ്യൽ വളണ്ടിയർമാർ’ എന്ന് വിശേഷിപ്പിച്ച ഈ വിഭാഗം സി.പി.എം പ്രവർത്തകരാണെന്നായിരുന്നു മറുവാദം.
എൽ.ഡി.എഫ് അനുകൂലികളെ വളണ്ടിയർമാരായി രജിസ്റ്റർ ചെയ്യിപ്പിക്കണമെന്നും പാർട്ടി ജില്ലാ ഘടകങ്ങൾ ഇതിന് മേൽനോട്ടം വഹിക്കണമെന്നും നിർദേശിച്ച് സംസ്ഥാന നേതൃത്വം നൽകിയ കത്ത് പുറത്തുവന്നതോടെ സർവേ വിവാദച്ചുഴിയിലായി. മാർച്ച് 31 വരെ പ്രവർത്തിക്കാൻ തയാറുള്ള വളണ്ടിയർമാരെ കണ്ടെത്തണമെന്ന പാർട്ടി നിർദേശം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സർക്കാർ സംവിധാനം ഉപയോഗിക്കുന്നുവെന്ന സംശയം ബലപ്പെടുത്തി. എന്നാൽ ഈ ആരോപണങ്ങളെ മറികടക്കാൻ കോളജ് വിദ്യാർഥികളെ രംഗത്തിറക്കാനായിരുന്നു നീക്കം.
ഇതിന് കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കുലറും പുറപ്പെടുവിപ്പിച്ചു. ഇതിനിടയിലാണ് സർവെ കോടതി കയറിയതും തിരിച്ചടി നേരിട്ടതും. മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് മേൽനോട്ടം വഹിച്ച പദ്ധതി സാമ്പത്തിക, നിയമ പ്രശ്നങ്ങളിൽ കുടുങ്ങിയത് സർക്കാറിന് വലിയ തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

