ബന്ധുനിയമനം: പറഞ്ഞതെല്ലാം തിരിഞ്ഞു കൊത്തി; ഒടുവിൽ തിരുത്ത്
text_fieldsതിരുവനന്തപുരം: ഭരണത്തുടക്കത്തിൽതന്നെ അപശ്രുതിയായെങ്കിലും ബന്ധുനിയമനത്തിൽനിന്നുള്ള പിന്മാറ്റത്തോടെ വലിയ രാഷ്ട്രീയ കെണിയിൽനിന്നാണ് മന്ത്രി സണ്ണി ജോസഫും കോൺഗ്രസും തലയൂരിയത്. സഹോദരീഭർത്താവ് ബെന്നി തോമസിനെ മന്ത്രി സ്വന്തം ഓഫിസിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് വിവാദമായത്. പ്രതിപക്ഷത്തിരുന്നപ്പോൾ ധാർമികത ചൂണ്ടിക്കാട്ടി ഭരണപക്ഷത്തെ മുൾമുനയിൽ നിർത്തിയ കോൺഗ്രസ് നേതൃത്വത്തിന് ഏതാനും ദിവസത്തേക്കെങ്കിലും വിവാദം കല്ലുകടിയായി. ന്യായീകരിക്കാൻ പുറപ്പെട്ടെങ്കിലും പഴയകാല നിലപാടുകൾ തിരിഞ്ഞുകൊത്തുകയും ഉത്തരം മുട്ടുകയും ചെയ്തതോടെയാണ് തിരുത്തിയത്.
വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ആരോഗ്യ മന്ത്രിയായിരുന്ന പി.കെ. ശ്രീമതിയുടെയും ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ഇ.പി. ജയരാജൻ, കെ.ടി. ജലീൽ എന്നിവരുടെയും ബന്ധുനിയമനങ്ങൾക്കെതിരെ കോൺഗ്രസ് ശക്തമായി രംഗത്തുവന്നിരുന്നു. ഇ.പി. ജയരാജന് ബന്ധുനിയമന വിവാദത്തെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. ഈ പശ്ചാത്തലത്തിൽ ‘അളിയൻ നിയമനം’ പുറത്തുവന്നയുടൻ സി.പി.എം പ്രതിഷേധവുമായി രംഗത്തെത്തി. അക്കാലത്തെ കോൺഗ്രസ് നേതാക്കളുടെ നിയമസഭയിലെയും പുറത്തെയും പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
വിവാദം ഭരണപക്ഷത്തിന്റെ ധാർമികതയെയും സുതാര്യതയെയും ജനങ്ങൾക്കുമുന്നിൽ ചോദ്യംചെയ്യുന്ന രീതിയിൽ വളർന്നെങ്കിലും കാര്യമായി പ്രതിരോധിക്കാൻ കോൺഗ്രസിൽ അധികമാരും തയാറായില്ല. ബന്ധുനിയമനത്തിലെ ന്യായീകരണ വാദമുഖങ്ങൾ സർക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന അഭിപ്രായമായിരുന്നു പല മുതിർന്ന നേതാക്കൾക്കും. നിയമസഭയിലെ മന്ത്രിയുടെ മൗനവും വിവാദത്തിനിടയിൽ സർക്കാർ ഉത്തരവുകളടങ്ങിയ വെബ്‌സൈറ്റ് തകരാറിലായതും പ്രതിപക്ഷത്തിന് ആയുധമായി.
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമന ഉത്തരവുകൾ ലഭ്യമാക്കിയിരുന്ന പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റ് പെട്ടെന്ന് അപ്രത്യക്ഷമായത് ആസൂത്രിതമാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഇതിനിടെ ബെന്നി തോമസിന്റെ രാഷ്ട്രീയപരിചയം യോഗ്യതയായി ഉയർത്തിക്കാട്ടാൻ സണ്ണി ജോസഫ് ശ്രമിച്ചെങ്കിലും അതും കാര്യമായി ഗുണം ചെയ്തില്ല. മുഖ്യമന്ത്രി നിർണയ ചർച്ചകളിൽ കെ.സി. വേണുഗോപാലിനെ പിന്തുണച്ച് സണ്ണി ജോസഫ് നിലപാട് രേഖപ്പെടുത്തിയത് ഗ്രൂപ്പ് ചാപ്പയായിരുന്നു. വകുപ്പ് വിഭജനത്തിൽ മുതിർന്ന നേതാവ് എന്ന നിലയിൽ റവന്യൂ പ്രതീക്ഷിച്ചെങ്കിലും ഗ്രൂപ്പ് ചായ്‌വ് ഗുണം ചെയ്തില്ല. അവസാന നിമിഷം കൈവിട്ടതിൽ വലിയ അതൃപ്തിയിലുമായിരുന്നു സണ്ണി. പിന്നാലെയാണ് ബന്ധുനിയമന വിവാദവും തിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

