ബന്ധു നിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു
text_fieldsതിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിനൊടുവിൽ മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവ് ബെന്നി തോമസ് രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. ഇന്നലെ ബന്ധു നിയമന വിവാദത്തെ ചൊല്ലി കെ.പി.സി.സി യോഗത്തിൽ സണ്ണി ജോസഫിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമെന്നായിരുന്നു വിമർശനം. വിമർശനത്തിന് പിന്നാലെ ബന്ധു നിയമനത്തെ ന്യായീകരിച്ച് മന്ത്രി വീണ്ടും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ബെന്നി തോമസ്.
'നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതിനോടകം എല്ലാവർക്കും വ്യക്തമാക്കപ്പെട്ട കാര്യമാണ്. ബ്രദർ ഇൻ ലോ എന്നതല്ല അതിന്റെ മാനദണ്ഡം. അദ്ദേഹം നല്ലൊരു പൊതുപ്രവർത്തകനാണ്. ഈ ഇലക്ഷനിൽ എന്റെ ചീഫ് ഏജന്റായിരുന്നു. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അദ്ദേഹത്തെ ഇങ്ങോട്ട് ശിപാർശ ചെയ്യുകയായിരുന്നു. രണ്ട് ടേം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേരളത്തിൽ റേക്കോഡ് ഭൂരിപക്ഷത്തിന് ജയിച്ച പഞ്ചായത്ത് മെമ്പറാണ്. അവിടുത്തെ എല്ലാ പാർട്ടിക്കാരും ഉൾക്കൊള്ളുന്ന കോളജ് കമ്മിറ്റിയുടെ സെക്രട്ടറിയാണ്. പാർട്ടി സെക്രട്ടറിയാണ്. നല്ല സത്യസന്ധനായ മാതൃകാ പൊതുപ്രവർത്തകനാണെന്ന് എല്ലാവർക്കും അറിയാം.
എന്റെ സഹോദരൻ എന്നത് നിയമപരമായ തടസ്സമില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. വേറെ എവിടെയെങ്കിലും നിയമിച്ചിട്ട് ഇവിടെ വർക്ക് ചെയ്താൽ പോരായിരുന്നോയെന്ന് എന്നോട് ഒന്ന് രണ്ട് ആളുകൾ ചോദിച്ചു. അത്തരത്തിലുള്ള കാപട്യത്തിന് ഞാൻ നിന്നിട്ടില്ല. വരുന്നവരോടൊക്കെ എന്റെ സഹോദരീഭർത്താവാണെന്ന് പരിചയപ്പെടുത്തിയാണ് നിയമനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ മറ്റാരുടെയെങ്കിലും കീഴിൽ നിയമിക്കുകയാണ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ 'ഇത് അസാധാരണമാണ്' എന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

