കേരളത്തിൽ 10-ൽ 3 പേർക്ക് വെസ്റ്റ് നൈൽ ആന്റിബോഡി സാന്നിധ്യം; സംസ്ഥാനത്തിന് മുന്നറിയിപ്പായി പുതിയ പഠന റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: കേരളത്തിലെ ജനസംഖ്യയിൽ പത്തിൽ മൂന്ന് പേർക്ക് വീതം (ഏകദേശം 30 ശതമാനം) വെസ്റ്റ് നൈൽ വൈറസിനെതിരെയുള്ള ആന്റിബോഡി സാന്നിധ്യമുണ്ടെന്ന് പുതിയ സിറോ സർവേ കണ്ടെത്തൽ. സംസ്ഥാനത്ത് വെസ്റ്റ് നൈൽ വൈറസ് വ്യാപനം നേരത്തെ കരുതിയതിലും വളരെ വ്യാപകമാണെന്നും എന്നാൽ ഭൂരിഭാഗം പേരിലും ഇത് കാര്യമായ ലക്ഷണങ്ങളില്ലാതെ കടന്നുപോയതായും പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.
ക്യൂലക്സ് കൊതുകുകൾ വഴി പകരുന്ന വെസ്റ്റ് നൈൽ പനി ബാധിക്കുന്നവരിൽ 80 ശതമാനം പേരിലും കാര്യമായ ലക്ഷണങ്ങൾ പ്രകടമാകാറില്ല. എന്നാൽ പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും ഇത് മസ്തിഷ്ക ജ്വരം, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരമായ ന്യൂറോളജിക്കൽ പ്രശ്നങ്ങളിലേക്കും മരണത്തിലേക്കും നയിച്ചേക്കാം. സമീപ വർഷങ്ങളിൽ കോഴിക്കോട്, മലപ്പുറം, തൃശൂർ തുടങ്ങിയ ജില്ലകളിൽ വെസ്റ്റ് നൈൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ ഈ കണ്ടെത്തൽ അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.
കാലാവസ്ഥാ വ്യതിയാനം, ഉയർന്ന അന്തരീക്ഷ ഈർപ്പം, ദേശാടനപ്പക്ഷികളുടെ സാന്നിധ്യം, കെട്ടിക്കിടക്കുന്ന വെള്ളത്തിലെ കൊതുകുസാന്ദ്രത എന്നിവ വെസ്റ്റ് നൈൽ വ്യാപനത്തിന് അനുകൂലമായ ഘടകങ്ങളാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഈ വൈറസിനെതിരെ പ്രത്യേക വാക്സിനുകളോ ആന്റിവൈറൽ മരുന്നുകളോ ലഭ്യമല്ലാത്തതിനാൽ കൊതുക് നശീകരണവും വ്യക്തിഗത പ്രതിരോധ മാർഗങ്ങളും മാത്രമാണ് ഏക പോംവഴി. വിപുലമായ വെക്ടർ കൺട്രോൾ സംവിധാനങ്ങളും കൃത്യമായ നിരീക്ഷണവും അടിയന്തരമായി നടപ്പിലാക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
സംസ്ഥാനത്ത് വെസ്റ്റ് നൈൽ വൈറസ് വർഷങ്ങളായി എൻഡമിക് (പ്രാദേശികമായി വ്യാപിച്ച) അവസ്ഥയിലാണെന്നതിന്റെ വ്യക്തമായ സൂചനയാണ് പഠനഫലം നൽകുന്നത്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവ പോലെ തന്നെ വെസ്റ്റ് നൈൽ പനിയും കൃത്യമായി തിരിച്ചറിയപ്പെടാതെ സാധാരണ വൈറൽ പനിയായി കടന്നുപോകുന്നുണ്ടാകാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. തലവേദന, ഉയർന്ന പനി, പേശിവേദന, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ ലബോറട്ടറി പരിശോധനകളിലൂടെ കൃത്യമായ രോഗനിർണയം നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഡ്രൈ ഡേ ആചരണവും കൊതുകു നിയന്ത്രണ പ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നത്. മാലിന്യനിർമ്മാർജ്ജനവും വീടുകൾക്ക് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കലും അതീവ പ്രാധാന്യത്തോടെ കാണണം. പ്രത്യേകിച്ച് പ്രായമായവരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും കൊതുകുകടി ഏൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും, ലക്ഷണങ്ങൾ കാണുമ്പോൾ സ്വയംചികിത്സ ഒഴിവാക്കി ഉടനടി വിദഗ്ദ്ധ ചികിത്സ തേടണമെന്നും ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

