ലതിക സുഭാഷിന് കെട്ടിവെച്ച കാശും, വനംവികസന കോർപറേഷൻ ചെയർപേഴ്സൻ പദവിയും പോയി; തലമുണ്ഡനം ചെയ്ത് കോൺഗ്രസ് വിട്ട നേതാവിന് വീണ്ടും തോൽവി
text_fieldsലതിക സുഭാഷ്
കോട്ടയം: മഹിളാ കോൺഗ്രസ് അധ്യക്ഷ പദവിയിലിരിക്കെ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്ത് കോൺഗ്രസ് വിട്ട് എൻ.സി.പിൽ ചേർന്ന ലതിക സുഭാഷിന് തദ്ദേശ തെരഞ്ഞെടുപ്പിലും ഞെട്ടിപ്പിക്കുന്ന തോൽവി. കോട്ടയം നഗരസഭ 48ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച എൻ.സി.പി നേതാവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇടതുപക്ഷം പതിവായി മൂന്നാം സ്ഥാനത്താവുന്ന വാർഡിൽ തന്നെ മത്സരിപ്പിച്ച് അപമാനിച്ചുവെന്ന പരാതിയുമായി ലതിക സുഭാഷ് രംഗത്തെത്തി.
വെറും 113 വോട്ടുമായി കെട്ടിവെച്ച കാശ് പോലും നഷ്ടമായ മുൻ കോൺഗ്രസ് നേതാവിന്, മത്സരിക്കാനായി രാജിവെച്ച വനംവികസന കോർപറേഷൻ ചെയർപേഴ്സൻ സ്ഥാനവും നഷ്ടമായി. രാജിവെച്ച പദവിയിലേക്ക് ഇനി തിരികെയില്ലെന്നായിരുന്നു ലതിക സുഭാഷിന്റെ പ്രതികരണം.
യു.ഡി.എഫിലെ സുശീല ഗോപകുമാറാണ് തിരുനക്കര വാർഡിൽ വിജയിച്ചത്. 703 വോട്ടുകൾ നേടി. ബി.ജെ.പിയുടെ നിത്യ രതീഷ് 279 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി.
പാർട്ടിയും മുന്നണിയും പറഞ്ഞതുകൊണ്ടാണ് മത്സരിച്ചതെന്നും, വിധിയുടെ ഇരയാണ് താനെന്നും അവർ പ്രതികരിച്ചു. രാജിവെച്ചൊഴിഞ്ഞ പദവിയിലേക്ക് തിരിച്ചില്ലെന്നും അവർ പറഞ്ഞു. 2021 നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കോഗ്രസ് വിട്ട ലതിക സുഭാഷ് ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. സി.പി.എമ്മിലെ വി.എൻ വാസവൻ വിജയിച്ചപ്പോൾ, ആറ് ശതമാനം വോട്ട് മാത്രം നേടി ഇവർ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പിന്നീട് എൻ.സി.പിയിൽ ചേർന്ന് പാർട്ടി നേതൃ പദവിയിലുമെത്തി.
തദ്ദേശ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത സ്ഥാനാർഥിയായാണ് ലതിക കോട്ടയം നഗരസഭയിൽ മത്സര രംഗത്തെത്തിയത്.
സംസ്ഥാന ഉപാധ്യക്ഷയായ ലതികയെ എൽ.ഡി.എഫ് സ്ഥിരമായി മൂന്നാം സ്ഥാനത്തേക്ക് പോവുന്ന സീറ്റിൽ മത്സരിപ്പിച്ചത് സി.പി.എം ഒരുക്കിയ ചതിയാണെന്ന ആക്ഷേപവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

