‘മുഖ്യമന്ത്രിയുടേത് വൈകൃതം നിറഞ്ഞ പരാമർശം, കടകംപള്ളിയുടേത് സ്ത്രീവിരുദ്ധവും, ഇവരെല്ലാം എന്നോ ഇടതുപക്ഷം വിട്ടിരിക്കുന്നു’; വിമർശനവുമായി വീണ്ടും നജീബ് കാന്തപുരം
text_fieldsനജീബ് കാന്തപുരം, പിണറായി വിജയൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ ബോഡി ഷെയിമിങ് പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും നജീബ് കാന്തപുരം എം.എൽ.എ. മുഖ്യമന്ത്രി ബോധപൂർവം പറഞ്ഞതാണെന്നും കേരളത്തിലെ ഏറ്റവും വലിയ പുരോഗമനക്കാർ എന്ന് പറഞ്ഞിരുന്ന ആളുകൾ ഇന്ന് എവിടെ നിൽക്കുന്നുവെന്നതിന്‍റെ ഏറ്റവും വലിയ അടയാളമാണിതെന്നും നജീബ് വ്യക്തമാക്കി.
ഇത്രയും പുരോഗമനം പറയുന്ന പാർട്ടിയുടെ പ്രതിനിധിയായുള്ള മുഖ്യമന്ത്രിയുടെ വായിൽ നിന്ന് വന്ന വാക്ക് എത്രമാത്രം അത്ഭുതകരവും ആശ്ചര്യകരവും ആണ്. ഒരു നാക്കുപിഴ കൊണ്ടുള്ള കാര്യമല്ല. വളരെ ബോധപൂർവം ഉപയോഗിക്കാൻ ഉദ്ദേശിച്ച പദം, അദ്ദേഹം കൃത്യമായി ശേഖരിച്ച് വെച്ചതാണ്. മുഖ്യമന്ത്രി ആസൂത്രിതമായി പറഞ്ഞതാണെന്നും നജീബ് പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞ പാർലമെന്‍ററി അല്ലാത്ത, ബോഡി ഷെയിമിങ് ആയി അധിക്ഷേപകരമായ പരാമർശത്തെ കോറസ് പോലെ ഭരണപക്ഷ മന്ത്രിമാരും എം.എൽ.എമാരും മേശയിൽ തട്ടി ആഹ്ലാദിച്ച് പിന്തുണ നൽകുമ്പോൾ കേരളം കൊടുക്കുന്ന സന്ദേശം എന്താണ്. കേരളത്തിലെ ഏറ്റവും വലിയ പുരോഗമനക്കാർ എന്ന് പറഞ്ഞിരുന്ന ആളുകൾ ഇന്ന് എവിടെ നിൽക്കുന്നുവെന്നതിന്‍റെ ഏറ്റവും വലിയ അടയാളമാണിത്. ഏത് ഇരുട്ടുമുറിയിലാണ് മുഖ്യമന്ത്രി ഉള്ളത്. ഏത് നൂറ്റാണ്ടിൽ നിന്നാണ് അദ്ദേഹം സംസാരിക്കുന്നത്. എത്രമാത്രം വൈകൃതം നിറഞ്ഞതാണ്.
പ്രതിപക്ഷ അംഗം ഭരണപക്ഷത്തെ അംഗത്തിനെതിരെ നടത്തിയാലും തന്‍റെ നിലപാടിൽ മാറ്റമില്ല. കേരളാ നിയമസഭ രാജ്യത്തിന് മാതൃകയായതാണ്. കേരളത്തിന്‍റെ സഭാ നാഥൻ ആരെ കുറിച്ച് പറഞ്ഞാലും വേദനാജനകമാണ്. മനുഷ്യരെ അളവുകോൽ വെച്ച് അളക്കാൻ തുടങ്ങിയാൽ എന്താകും. ഇത് കുറേയാളുകളെ വേദനിപ്പിക്കും. ഇത് വൈകാരിക കാര്യമാണ്.
സ്ത്രീവിരുദ്ധ പരാമർശമാണ് കടകംപള്ളി സുരേന്ദ്രൻ നടത്തിയത്. ആണിന് മാത്രമാണോ ആണത്വം, അപ്പോൾ പെണ്ണത്വമില്ലേ? ഇവരെല്ലാം എന്നോ ഇടതുപക്ഷം വിട്ടിരിക്കുന്നു. ഇവരുടെ മനസ് ഇടതുപക്ഷമല്ല. യഥാർഥ ഇടതുപക്ഷം പ്രതിപക്ഷമാണ്. ബോഡി ഷെയിമിങ് ഒരു കുറ്റകൃത്യമാണ്. കേസെടുക്കാൻ പറ്റില്ലെന്ന നിയമസഭയുടെ പ്രിവിലേജിനെയാണ് മുഖ്യമന്ത്രി ചൂഷണം ചെയ്യുന്നത്.
'പൊക്കമില്ലായ്മയാണ് എന്‍റെ പൊക്കമെന്ന്' കവി കുഞ്ഞുണ്ണി മാഷ് എഴുതിയത് ഇത്തരം ബോഡി ഷെയിമിങ് മുൻകൂട്ടി കണ്ടാണ്. ഇങ്ങനെ ഒരു പിണറായി വരുമെന്ന് കരുതി ആ കാലത്തിന് വേണ്ടി എഴുതിയ കവിതയാണ്. നാട് ഭരിക്കുന്നവരുടെ മനോഗതിയാണ് ഇതിലെ പ്രശ്നം.
ആധുനിക കാലത്ത് ലോകം സഞ്ചരിക്കുന്ന വഴിയെ കുറിച്ച് ഒരു ധാരണയുമില്ലാതെ ആണധികാരത്തിന്‍റെയും അധിക്ഷേപത്തിന്‍റെയും ബോഡി ഷെയിമിങ്ങന്‍റെ ഭാഷ ഉപയോഗിക്കുന്നത് ഇടതുപക്ഷമാണെന്ന് പറയുമ്പോള്‍ അവർക്ക് ചില കുഴപ്പമുണ്ട്. പ്രതിപക്ഷ നേതാവ് പരാതി കൊടുത്ത സാഹചര്യത്തിൽ താൻ പരാതി നൽകേണ്ട കാര്യമില്ലെന്നും നജീബ് കാന്തപുരം വ്യക്തമാക്കി.
പ്രതിപക്ഷ എം.എൽ.എയുടെ ഉയരക്കുറവിനെയാണ് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചത്. 'എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ എന്നായിരുന്നു' പ്രതിപക്ഷ അംഗത്തെ മുഖ്യമന്ത്രി അധിക്ഷേപിച്ചത്. അംഗത്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷം നിയമസഭ ബഹിഷ്‍കരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം. എട്ടുമുക്കാൽ അട്ടിവെച്ച പോലെ എന്നത് മലയാളത്തിലെ ഒരു പദപ്രയോഗമാണ്. പല ഭാഗത്തും പറ്റിപ്പിടിച്ച് നിൽക്കാൻ ശ്രമിക്കുന്ന ഒരാളെയോ ഒരു അവസ്ഥയെയോ ഒക്കെ സൂചിപ്പിക്കാനാണ് ഈ പദപ്രയോഗം ഉപയോഗിക്കുന്നത്.
'എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാൽ അട്ടിവെച്ചത് പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീര ശേഷി വെച്ചല്ല അത്. ശരീര ശേഷി വെച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വെച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ പോവുകയായിരുന്നു. വനിത വാച്ച് ആൻഡ് വാർഡിനെ അടക്കം ആക്രമിക്കാൻ ശ്രമിച്ചു'-എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
പുതുതായി നിയമ സഭയിലെടുക്കേണ്ടവരുടെ അളവ് കോല് കൂടി മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്ന് നജീബ് കാന്തപുരം എം.എൽ.എ ഫേസ്ബുക് പോസ്റ്റിൽ തുറന്നടിച്ചു. പുതുതായി നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവുകൂടി ഇനി പിണറായി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്നായിരുന്നു മുഖ്യമന്ത്രിക്ക് നജീബ് കാന്തപുരത്തിന്റെ മറുപടി.
ഇടത് പുരോഗമന പ്രസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി 'ബഹു' പിണറായി വിജയൻ ഇപ്പോൾ ആരുടെ അമ്മിക്കടിയിലാണ്. അരോഗ്യ ദൃഢ ഗാത്രരായ ആളുകൾക്ക് മാത്രമുള്ളതാണോ നിയമസഭ ? ഇ.എം.എസും വി.എസും ഇരുന്ന മുഖ്യമന്ത്രി കസേരയിൽ ഇപ്പോൾ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നത്? പുതുതായി നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവ് കൂടെ ഇനി പിണറായി വിജയൻ തെരെഞ്ഞെടുപ്പ് കമീഷനെ അറിയിക്കണം. ബഹു. മുഖ്യമന്ത്രിക്ക് പ്രസംഗം എഴുതി കൊടുക്കുന്നത് ഏത് പിന്തിരിപ്പനാണെന്ന് ഇപ്പോഴും കമ്യൂണിസ്റ്റുകളായി തുടരുന്ന സഖാക്കൾ ഒന്ന് പരിശോധിക്കണമെന്നും നജീബ് വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ് പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയത്. മുഖ്യമന്ത്രി നടത്തിയത് ബോഡി ഷെയ്മിങ് ആണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉയരം കുറഞ്ഞവരോട് പുച്ഛമാണോ എന്നും പരാമര്‍ശം പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

