വിമതർ വർഗവഞ്ചകർ; പാർട്ടി വിട്ടവരെ തിരിച്ചെടുക്കുന്നതിൽ എം.വി. ജയരാജനെ തള്ളി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: പാർട്ടി വിട്ട വിമതരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ നടത്തിയ പരാമർശങ്ങളെ തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിമതർ പാർട്ടിയോട് ചെയ്തത് വർഗവഞ്ചനയാണെന്നും അവർ എടുത്തത് ചതിയുടെ നിലപാടാണെന്നും ഗോവിന്ദൻ ആവർത്തിച്ചു. ഓരോ നേതാക്കൾ ഓരോ ചാനലുകളിൽ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾക്ക് മറുപടി പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘തെറ്റുതിരുത്തിയാൽ ആർക്കും തിരിച്ചുവരാം’
‘നേരത്തേതന്നെ വ്യക്തമാക്കിയതാണ്, തെറ്റുതിരുത്തിയാൽ ഈ ഭൂമുഖത്തുള്ള ആരെയും പാർട്ടിയിലേക്ക് തിരിച്ചെടുക്കും. അതിൽ സംശയമില്ല. എന്നാൽ, സുധാകരൻ, ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ പാർട്ടിയെ വഞ്ചിച്ചാണ് പുറത്തുപോയത്. അതൊരു വർഗവഞ്ചനയാണ്. പാർട്ടി അത് കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആ നടപടി ഇപ്പോഴും ശക്തമായി വിമർശിക്കപ്പെടുന്നുണ്ട്, അത് ഇനിയും തുടരും. അതേസമയം, തെറ്റുതിരുത്തിയാൽ ആർക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് വരാം എന്നത് ലോകത്തുള്ള എല്ലാവർക്കും ബാധകമായ പൊതുനിയമമാണ്’- അദ്ദേഹം പറഞ്ഞു.
എം.വി. ജയരാജൻ പറഞ്ഞത് ഇങ്ങനെ
തെറ്റുതിരുത്തിയാൽ ടി.കെ. ഗോവിന്ദനെയും വി. കുഞ്ഞികൃഷ്ണനെയും പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്നതിൽ തടസ്സമില്ലെന്നായിരുന്നു എം.വി. ജയരാജൻ നേരത്തേ പ്രതികരിച്ചത്. എം.വി. രാഘവനെയും കെ.ആർ. ഗൗരിയമ്മയെയും അവസാനകാലത്ത് പാർട്ടി സ്വീകരിച്ച കാര്യം ഓർമ്മിപ്പിച്ച ജയരാജൻ, നയപരമായ തെറ്റുകൾ സംഭവിച്ചു എന്നതുകൊണ്ട് പഴയ സഹപ്രവർത്തകരെ ഒറ്റപ്പെടുത്തി മുന്നോട്ടുപോകാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് താൽപ്പര്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ പാർട്ടിക്ക് തിരിച്ചടിയേറ്റതിൽ സ്ഥാനാർഥി നിർണയത്തിനുള്ള പങ്കും ജയരാജൻ അഭിമുഖത്തിൽ സമ്മതിച്ചിരുന്നു. എസ്.ഐ.ആറിന് ശേഷം തളിപ്പറമ്പ് മണ്ഡലത്തിന്റെ ഘടനയിൽ വലിയ മാറ്റം വന്നിട്ടുണ്ട്.
എങ്കിലും, ഈ രണ്ട് മണ്ഡലങ്ങളും നഷ്ടപ്പെടാൻ വിവിധ കാരണങ്ങൾക്കൊപ്പം സ്ഥാനാർഥി നിർണയത്തിലെ പോരായ്മകളും പ്രധാന ഘടകമാണ്. പയ്യന്നൂരിൽ മറ്റൊരു സ്ഥാനാർഥിയെ നിശ്ചയിച്ചിരുന്നെങ്കിൽ വിജയിക്കുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെല്ലാം മറുപടിയായാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

