തെറ്റുതിരുത്തി ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് തിരിച്ചുവരാം -എം.വി. ജയരാജൻ
text_fieldsകണ്ണൂർ: തെറ്റുതിരുത്തി പാർട്ടിയുമായി സഹകരിക്കാൻ തയ്യാറായി വന്നാൽ ടി.കെ. ഗോവിന്ദനെയും വി. കുഞ്ഞികൃഷ്ണനെയും ഉൾക്കൊള്ളുന്നതിൽ സി.പി.എമ്മിന് വിരോധമില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. കണ്ണൂരിലെ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ചു പുറത്തുപോയ എം.വി. രാഘവനെയും കെ.ആർ. ഗൗരിയമ്മയെയും പോലും അവസാനകാലത്ത് പാർട്ടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. നയപരമായ തെറ്റുകൾ സംഭവിച്ചു എന്ന കാരണത്താൽ പഴയ സഹപ്രവർത്തകരെ ഒറ്റപ്പെടുത്തി മുന്നോട്ടുപോകുന്ന രീതിയല്ല കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്. വഞ്ചകരെ ‘വർഗവഞ്ചകൻ’ എന്ന് വിശേഷിപ്പിക്കാൻ പാർട്ടി ഭരണഘടന അനുശാസിക്കുന്നുണ്ടെങ്കിലും, നിലപാടുകൾ തിരുത്തി തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരെ തള്ളിക്കളയുന്ന ശൈലി സി.പി.എമ്മിനില്ലെന്നും ജയരാജൻ വ്യക്തമാക്കി.
സ്ഥാനാർഥി നിർണയത്തിലെ പിഴവ്; തോൽവിക്ക് കാരണം
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ സംഭവിച്ച പിഴവുകൾ തോൽവിക്ക് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. പയ്യന്നൂരിൽ മറ്റൊരു സ്ഥാനാർഥിയെ നിർത്തിയിരുന്നെങ്കിൽ പാർട്ടി വിജയിക്കുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തളിപ്പറമ്പിലെ സ്ഥിതി വ്യത്യസ്തമാണെങ്കിലും, സ്ഥാനാർഥി നിർണയത്തിലെ പോരായ്മകൾ തിരിച്ചടിയായെന്ന് ജയരാജൻ കൂട്ടിച്ചേർത്തു.
കോടിയേരിയുടെ വീട്ടിലെ സന്ദർശനം: ‘ആതിഥ്യമര്യാദ മാത്രം’
ടി.കെ. ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദർശിച്ചതും അതിനോട് വിനോദിനി ബാലകൃഷ്ണൻ പ്രതികരിച്ചതും വാർത്തയായിരുന്നു. ഈ വിഷയത്തിലും എം.വി. ജയരാജൻ നിലപാട് വ്യക്തമാക്കി. രാഷ്ട്രീയ ഭേദമന്യേ ആരുടെ വീട്ടിൽ ആര് ചെന്നാലും ആതിഥ്യമര്യാദ കാണിക്കുക എന്നത് സ്വാഭാവികമാണ്. എത്തുന്നവരെ തിരിച്ചയക്കാൻ പാടില്ല. എന്നാൽ, വന്നയാളെ സത്കരിച്ച് പറഞ്ഞയക്കുന്നതിനപ്പുറം അത്തരം കൂടിക്കാഴ്ചകൾക്ക് വലിയ രാഷ്ട്രീയ മാനങ്ങൾ നൽകേണ്ടതില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

