മുസ്ലിം ലീഗ് സ്ഥാനാർഥി നിർണയ ചർച്ചയിലേക്ക്; വനിത നേതാവ് ജയന്തി രാജൻ പരിഗണനയിൽ
text_fieldsകോഴിക്കോട്: കോൺഗ്രസുമായുള്ള സീറ്റ് വെച്ചുമാറൽ ചർച്ച പൂർത്തിയായാൽ ഉടൻ മുസ്ലിം ലീഗ് സ്ഥാനാർഥി നിർണയത്തിലേക്ക്. സീറ്റ് വെച്ചുമാറൽ സംബന്ധിച്ച് ഇതിനകം ഔപചാരികമായും അല്ലാതെയും ഇരുപാർട്ടി നേതാക്കളും സംസാരിച്ചെങ്കിലും അന്തിമതീരുമാനത്തിൽ എത്തിയിട്ടില്ല. ലീഗിന്റെ കൈവശമുള്ള തിരുവമ്പാടി, കോങ്ങാട്, പുനലൂർ മണ്ഡലങ്ങളാണ് വെച്ചുമാറൽ പരിഗണനയിലുള്ളത്. ലീഗ് ആവശ്യപ്പെടുന്ന പകരം മണ്ഡലങ്ങൾ സംബന്ധിച്ച് ഭിന്നത നിലനിൽക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ ലീഗ് സ്ഥാനാർഥി നിർണയ ചർച്ചയിലേക്ക് കടക്കും.
ലീഗിൽ നിരവധി പേർ സ്ഥാനാർഥിക്കുപ്പായത്തിനായി കാത്തിരിക്കുന്നുണ്ട്. രണ്ടും മൂന്നും വട്ടം മത്സരിച്ചവർ സ്ഥാനാർഥിത്വം നിലനിർത്തുന്നതിനും ചരടുവലിക്കുന്നുണ്ട്. മൂന്നുവട്ടം മത്സരിച്ചവർ മാറിനിൽക്കണമെന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ വ്യവസ്ഥ നിയമസഭയിൽ മാനദണ്ഡമാക്കിയിട്ടില്ല. എങ്കിലും ചിലർ സ്വയം മാറിനിൽക്കണമെന്ന താൽപര്യം നേതൃത്വത്തിനുണ്ട്. കെ.പി.എ. മജീദ്, എം.കെ. മുനീർ, യു.എ. ലത്തീഫ് തുടങ്ങിയവർക്ക് മത്സരിക്കാൻ താൽപര്യമുണ്ടെങ്കിലും സ്വയം മാറിനിന്ന് പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് നേതാക്കൾ താൽപര്യപ്പെടുന്നുണ്ട്. അതേസമയം, ചില മണ്ഡലങ്ങളിൽ വ്യക്തിസ്വാധീനവും പ്രകടനവും വിലയിരുത്തി സിറ്റിങ് എം.എൽ.എമാർക്ക് അവസരം നൽകുകയും ചെയ്യും.
മഞ്ചേശ്വരത്ത് ഉൾപ്പെടെ പ്രാദേശിക സ്വാധീനം തന്നെയാണ് പരിഗണിക്കുക. ഇവിടെ എ.കെ.എം. അഷ്റഫ് തുടരാനാണ് സാധ്യത. അതേസമയം, അഭ്യന്തര ഗ്രൂപ്പിസം ശക്തമായി നിലനിൽക്കുന്ന കളമശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ പുറത്തുനിന്നുള്ളവർക്കായിരിക്കും മുൻഗണന. വിഭാഗീയത ഒഴിവാക്കുന്നതിനും കോൺഗ്രസ് പ്രവർത്തകരുടെ കൂടി അനുഭാവം പിടിച്ചുപറ്റുന്നതിനും ഉതകുന്ന സ്ഥാനാർഥികൾക്കായിരിക്കും മുഖ്യ പരിഗണന.
പോഷക ഘടകങ്ങൾ എന്ന നിലയിൽ സ്ഥാനാർഥി നിർണയത്തിൽ പരിഗണന ഉണ്ടാകില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. അതേസമയം, യൂത്ത് ലീഗ്, എസ്.ടി.യു, വനിത ലീഗ് ഘടകങ്ങളിൽനിന്ന് വ്യക്തിഗത പ്രാതിനിധ്യമുണ്ടാകും. കഴിഞ്ഞതവണ മൂന്ന് സീറ്റുകളിൽ മത്സരിച്ച സാഹചര്യത്തിൽ ആറ് സീറ്റ് വേണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രാതിനിധ്യമെന്ന നിലയിലല്ല മൂന്ന് യുവാക്കൾക്ക് അവസരം നൽകിയതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. വനിത ലീഗിൽ മുസ്ലിം ലീഗ് അഖിലേന്ത്യ അസി. സെക്രട്ടറി ജയന്തി രാജനെ മത്സരിപ്പിച്ചേക്കും. മലപ്പുറം ജില്ല പഞ്ചായത്തിലേക്ക് ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന എ.പി. ഉണ്ണികൃഷ്ണന്റെ മകൾ എ.പി. സ്മിജിയെ വിജയിപ്പിച്ച് വൈസ് പ്രസിഡന്റാക്കിയത് പൊതുസ്വീകാര്യത നേടിയതിന്റെ ചുവടുപിടിച്ചാകും ജയന്തി രാജന്റെ സ്ഥാനാർഥിത്വം.
അഡ്വ. ഫാത്തിമ തഹ്ലിയയും പരിഗണനയിലുണ്ട്. സുഹ്റ മമ്പാട്, ഫാരിഷ ടീച്ചർ എന്നിവർക്കു വേണ്ടിയും വിവിധ കോണുകളിൽനിന്ന് ആവശ്യമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

