ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപത്തിന് ഇന്ന് തുടക്കം
text_fieldsതിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപത്തിന് വ്യാഴാഴ്ച തുടക്കമാകും. 56 ദിവസം നീണ്ടുനിൽക്കുന്ന മുറജപത്തിന് മുന്നോടിയായി ക്ഷേത്രത്തിനു പുറത്ത് നാല് നടകൾക്ക് മുന്നിലും വേദമണ്ഡപങ്ങൾ ഒരുക്കി. ബുധനാഴ്ച വൈകീട്ട് 4.30ന് പുഷ്‌പാഞ്ജലി സ്വാമിയാർ ഒറവങ്കര അച്യുതഭാരതി കിഴക്കേനടയിൽ വേദമണ്ഡപത്തിന് ഭദ്രദീപം തെളിയിച്ചു. വേദങ്ങളെ കുറിച്ച് ഭക്തർക്ക് കൂടുതൽ അവബോധം സൃഷ്ടിക്കുകയാണ് വേദമണ്ഡപങ്ങളുടെ ലക്ഷ്യം.
വ്യാഴാഴ്ച രാവിലെ മുതൽ മുറജപം ആരംഭിക്കും. വൈകീട്ട് അഞ്ചിന് സിനിമാതാരം റാണ ദഗ്ഗുബതി കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 20 മുതല്‍ 48 ദിവസം പദ്മതീര്‍ഥക്കുളത്തില്‍ വൈദ്യുതദീപാലങ്കാരം ഉണ്ടായിരിക്കും.
ജനുവരി 13 മുതല്‍ 16 വരെ പദ്മതീര്‍ഥക്കുളം, കിഴക്കേഗോപുരം, ശീവേലിപ്പുര, ഉപദേവന്മാരുടെ ക്ഷേത്രങ്ങള്‍, മൂന്ന് ഗോപുരങ്ങള്‍, നാല് നടകളിലെ റോഡുകള്‍ എന്നിവിടങ്ങളില്‍ ദീപാലങ്കാരം ഭക്തര്‍ക്ക് ദര്‍ശിക്കാനായി ഉണ്ടായിരിക്കും. 12 ദിവസത്തെ പ്രത്യേക കളഭാഭിഷേകം ഡിസംബര്‍ 27 മുതല്‍ ജനുവരി ഏഴ് വരെ നടത്തും. പതിവുള്ള മാര്‍കഴി കളഭം ജനുവരി എട്ട് മുതല്‍ 14 വരെ നടക്കും. ഉത്തരായന സംക്രാന്തിയും മകരശീവേലിയും ലക്ഷദീപവും ജനുവരി 14നാണ്. ലക്ഷദീപത്തിന്റെ ഭാഗമാകാന്‍ ഭക്തര്‍ക്ക് ഏകദീപാര്‍ച്ചന ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

