എം.എ. ബേബിയുടെ ‘പാത്രം കഴുകൽ’: വിമർശിക്കുന്നവർ ഒന്നാം ക്ലാസ് പാഠപുസ്തകം മറിച്ചുനോക്കണമെന്ന് മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: ഗൃഹസന്ദർശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയെ വിമർശിക്കുന്നവർ ഒന്നാം ക്ലാസ് പാഠപുസ്തകം മറിച്ചുനോക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകുന്നത് ‘മോശമാണെന്ന്’ കരുതുന്നവർക്ക് മറുപടി ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിൽ തന്നെയുണ്ട്. അച്ഛനും അമ്മയും കുട്ടികളും ചേർന്ന് വീട് വൃത്തിയാക്കുന്ന പാഠഭാഗമാണിത്. ‘ടോയ്ലറ്റ് ഞാൻ തന്നെ വൃത്തിയാക്കാം’ എന്ന് പറയുന്ന അച്ഛനെയും മുറ്റം അടിച്ചുവാരുന്ന കുട്ടിയെയും ഇവിടെ കാണാം. അവിടെ നാം കുട്ടികളെ പഠിപ്പിക്കുന്ന വലിയൊരു പാഠമുണ്ട്: ‘അച്ഛൻ മുറ്റമടിച്ചാലും അമ്മ മുറ്റമടിച്ചാലും... ചൂല് പിണങ്ങില്ല’.
പരിഹാസത്തിന് പിന്നിലുള്ളവരുടെ സാംസ്കാരിക ശൂന്യതയും ഉള്ളിൽ ഉറച്ചുപോയ ഫ്യൂഡൽ മനോഭാവവുമാണ് ഇതിലൂടെ വെളിച്ചത്തുവരുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെക്കുക എന്നത് പുതിയ കാര്യമല്ല.
ഡൽഹിയിലെ എ.കെ.ജി ഭവനിലായാലും തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിലായാലും അത് ഞങ്ങളുടെ രീതിയും ശീലവുമാണ്. പാത്രം കഴുകുക മാത്രമല്ല നന്നായി പാചകം ചെയ്യാനും ബേബിക്ക് അറിയാമെന്നും ശിവൻകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

