മീഡിയവണിന് സംപ്രേഷണം തുടരാം; തിങ്കളാഴ്ച വരെ ഇടക്കാല ഉത്തരവ് നീട്ടി
text_fieldsകൊച്ചി: മീഡിയവൺ ചാനൽ സംപ്രേഷണം തടഞ്ഞ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ച ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് തിങ്കളാഴ്ചവരെ തുടരും. ചാനലിന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകളെല്ലാം പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, മതിയായ രേഖകൾ ഹാജരാക്കാൻ കേന്ദ്രസർക്കാറിന് സമയം അനുവദിച്ചാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ചവരെ ചാനലിന് പ്രവർത്തനം തുടരാം.
സംപ്രേഷണാനുമതി റദ്ദാക്കി ജനുവരി 31ന് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന് പിന്നാലെ മീഡിയവൺ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹരജിയിൽ രണ്ട് ദിവസത്തേക്ക് നടപടികൾ മരവിപ്പിച്ച് അന്നുതന്നെ ഹൈകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതാണ് വീണ്ടും നീട്ടിയത്.
ചാനലിന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട വിശദീകരണം കോടതി നിർദേശപ്രകാരം കേന്ദ്രസർക്കാറിനുവേണ്ടി അസി. സോളിസിറ്റർ ജനറൽ (എ.എസ്.ജി) സമർപ്പിച്ചെങ്കിലും അപൂർണമായിരുന്നു. സുരക്ഷാ ക്ലിയറൻസുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകൾ പൂർണമായി സമർപ്പിച്ചിരുന്നില്ല.
ഈ രേഖകൾ അതീവ രഹസ്യസ്വഭാവത്തിലുള്ളതും വൈകാരികവുമായതിനാൽ പുറത്തുവിടാനാകില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. എന്നാൽ, ഇവ കോടതിക്ക് സമർപ്പിക്കുന്നതിൽ തടസ്സമുണ്ടോയെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എൻ. നഗരേഷ് ചോദിച്ചു.
ചാനലിന് അനുമതി നിഷേധിക്കാനിടയായ സുരക്ഷ കാരണം സംബന്ധിച്ച് വാർത്ത വിതരണ മന്ത്രാലയത്തിന് ആഭ്യന്തര മന്ത്രാലയം കൈമാറിയ സന്ദേശം മുദ്രവെച്ച കവറിൽ കോടതിക്ക് സമർപ്പിച്ചിട്ടുണ്ടെന്നായിരുന്നു എ.എസ്.ജിയുടെ മറുപടി. ദേശസുരക്ഷയുടെ മറവിൽ വിവരങ്ങൾ മറച്ചുവെക്കാനാവില്ലെന്ന പെഗസസ് കേസിലെ സുപ്രീംകോടതി നിരീക്ഷണങ്ങളടക്കം ചൂണ്ടിക്കാട്ടിയ ഹരജിക്കാരുടെ അഭിഭാഷകൻ, കേന്ദ്രനടപടി മാധ്യമസ്വാതന്ത്ര്യത്തെ മാത്രമല്ല മൗലികാവകാശത്തെയും ഹനിക്കുന്നതാണെന്ന് വാദിച്ചു. കേന്ദ്ര സർക്കാറിന്റേത് നിയമലംഘനമാണെന്നും പിൻവലിക്കാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു.
ആഭ്യന്തര വകുപ്പിന്റേതടക്കം ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. ആഭ്യന്തര വകുപ്പിൽനിന്നുള്ള രേഖകൾ ഹാജരാക്കാൻ തിങ്കളാഴ്ചവരെ എ.എസ്.ജിയും സമയം തേടി. തിങ്കളാഴ്ചക്കകം രേഖകൾ സമർപ്പിക്കാൻ നിർദേശിച്ച കോടതി, ഹരജി വീണ്ടും അന്ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.



