മീഡിയവൺ സംപ്രേഷണ വിലക്ക്: ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്
text_fieldsന്യൂഡൽഹി: മീഡിയവൺ ചാനൽ സംപ്രേഷണം നിർത്തിവെക്കാനുള്ള കേന്ദ്ര സർക്കാർ നടപടി പാർലമന്റെിൽ ഉന്നയിച്ച് എം.പിമാർ. എൻ.കെ. പ്രമേചന്ദ്രൻ, ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി, തമിഴനാട്ടിൽനിന്നുള്ള നവാസ് ഗനി എന്നിവർ വിഷയത്തിൽ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. എന്നാൽ ഇതിന് സ്പീക്കർ അനുമതി നിഷേധിച്ചു.
നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച ആരംഭിക്കാനിരിക്കെയാണ് നോട്ടീസ് നൽകിയത്. കേന്ദ്ര സർക്കാർ മാധ്യമങ്ങളുടെ വായ മൂടികെട്ടാൻ പലവിധത്തിലുള്ള തെറ്റായ നടപടികൾ എടുക്കുകയാണെന്നും ഈ നടപടികൾ അത്യധികം അപലപാനീയമാണെന്നും പ്രതിഷേധാർഹമാണെന്നും ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും നോട്ടീസിൽ പറഞ്ഞു. ചാനലിന്റെ പ്രവർത്തനം നിർത്തിവെക്കുന്നതിനുള്ള ഉത്തരവ് ഇടുന്നതിന് മുമ്പ് ചാനലിന്റെ ഭാഗം കേന്ദ്ര സർക്കാർ കേട്ടില്ല. ഇത് സ്വഭാവിക നീതിയുടെ ലംഘനമാണ്.
മാധ്യമങ്ങൾക്ക് നേരെയുള്ള അതിക്രമം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായായി വിശേഷിപ്പിക്കാവുന്ന മാധ്യമങ്ങൾക്ക് നേരെ നടക്കുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
മീഡിയവണിന്‍റെ പ്രവർത്തനം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് ഹൈകോടതി മരവിപ്പിച്ചിരിക്കുകയാണ്. വിലക്ക് സംബന്ധിച്ച് കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. രണ്ടാം തവണയാണ് മീഡിയവൺ സംപ്രേഷണം കേന്ദ്രം തടഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

